നജീബിന്റെ രക്ഷകന്‍; ആരാണ് ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരി?

നജീബിന്റെ രക്ഷകന്‍; ആരാണ് ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരി?

ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരിയായി അഭിനയിച്ചത് ഹെയ്തി നട നും നിർമാതാവുമായ ജിമ്മി ഴാങ് ലൂയിസാണ്
Updated on
2 min read

പ്രേക്ഷകര്‍ കാത്തിരുന്ന പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം തിയേറ്റര്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമയുടെ മാഗ്നം ഓപ്പെസ് എന്നു വരെ ആടുജീവിതത്തെ സിനിമാസ്വാദകര്‍ വിശേഷിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ബെന്യാമിന്റെ ആടുജീവിതമെന്ന നോവല്‍ വായിച്ച് കരഞ്ഞവരുടെ ഉള്ളുലയ്ക്കുന്നുണ്ട് അതേ പേരിൽ ബ്ലെസി സംവിധാനം ചെയ്ത ചിത്രം.

നജീബായി പൃഥ്വിരാജും ഹക്കീമായി ഗോകുലും അവരവരുടെ ശരീരത്തെ കഥാപാത്രങ്ങളായി മാറാന്‍ വേണ്ടി വരുത്തിയ മാറ്റങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ ആടുജീവിതം ബെന്യാമിന്റേതോ ബ്ലെസിയുടേയോ നജീബിന്റെയോ ഹക്കീമിന്റെയോ മാത്രമല്ല. എവിടെ നിന്നോ ദൈവകരങ്ങളായി വന്ന് രക്ഷകനായി മാറുന്ന ഇബ്രാഹിം ഖാദിരിയുടേത് കൂടിയാണ്. സിനിമ കണ്ടിറങ്ങുന്നവര്‍ക്കുള്ളില്‍ മാലാഖയായി മാറുന്ന ഇബ്രാംഹിം ഖാദിരിയായി പകര്‍ന്നാടിയത് ഹെയ്തി നടനും നിര്‍മാതാവുമായ ജിമ്മി ഴാങ് ലൂയിസാണ്.

ആരാണ് ജിമ്മി ഴാങ് ലൂയിസ്

ഹോളിവുഡിൽ നിരവധി വേഷങ്ങൾ ചെയ്ത ജിമ്മി ഴാങ് ലൂയിസിന്റെ ബാല്യം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഹെയ്തിയില്‍ ജനിച്ച ജിമ്മി ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം പാരീസിലേക്ക് താമസം മാറി. വീടില്ലാതെ പല വാതിലുകളും മുട്ടേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു ജിമ്മിക്ക്. ജോലിക്കുവേണ്ടി പല രാജ്യങ്ങളിലും അലഞ്ഞിട്ടുണ്ട്. സ്‌പെയിനിലെ സംഗീത തിയേറ്ററില്‍ ജോലിയും അമേരിക്കയില്‍ പോകുന്നതിന് മുമ്പ് ഇറ്റലി, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ മോഡലിങ്ങും ചെയ്തു.

ജിമ്മി ഴാങ് ലൂയിസ്
ജിമ്മി ഴാങ് ലൂയിസ്

1990-കളിൽ, ഇന്ത്യയിലെത്തിയ ജിമ്മി മുംബൈയിൽ നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്തു. ഐശ്വര്യ റായ്ക്കൊപ്പം റാമ്പിൽ ചുവടുവച്ച അനുഭവം അദ്ദേഹത്തിനുണ്ട്. മോഡലിങ്ങില്‍നിന്ന് ചെറിയ സിനിമകളിലും ഡോക്യുമെന്ററികളിലും സ്വതന്ത്ര സിനിമകളിലും അഭിനയിച്ചു. ടിയേര്‍സ് ഓഫ് ദ സണ്‍ (2003), ദ ബൗണ്‍ ഐഡന്റിന്റി (2002) എന്നീ സിനിമകളിലെ ചെറിയ വേഷങ്ങള്‍ക്കും ദ ഷീല്‍ഡ് (200-2008), ആര്‍ലിസ്സ് (1996-2002) എന്നീ പരിപാടികള്‍ക്കും ശേഷം 2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹീറോ സീരീസായ ഹീറോസിലെ പ്രധാന കഥാപാത്രം ജിമ്മിയെ തേടിയെത്തി. രണ്ട് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടയിലെ കരിയര്‍ ബ്രേക്കായി മാറിയ ചിത്രമായിരുന്നു ഇത്.

പിന്നീട് ഭാഷകള്‍ക്കപ്പുറം പല സിനിമയിലും ജിമ്മി തന്റെ കഴിവ് തെളിയിച്ചു. ഫ്രഞ്ച്, നൈജീരിയന്‍, ഹെയ്തിയന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പരിമിതികളില്ലാതെ അദ്ദേഹം അഭിനയിച്ചു. 2023ലെ സഹനടനുള്ള ആഫ്രിക്കന്‍ സിനിമാ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും നമ്മുടെ ഇബ്രാഹിം ഖാദിരിയെ തേടിയെത്തിയിട്ടുണ്ട്.

നജീബിന്റെ രക്ഷകന്‍; ആരാണ് ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരി?
'ആടുജീവിതം' വ്യാജ പതിപ്പിനെതിരെ പരാതിയുമായി ബ്ലെസി; ഒരാള്‍ കസ്റ്റഡിയില്‍

പുതിയ വഴിത്തിരിവായി ആടുജീവിതം

സിനിമയില്‍, നജീബിന്റെ മസറയ്ക്കടുത്തുള്ള മസറയിലെ ജോലിക്കാരനായ, അടിമയായ ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെയാണ് ജിമ്മി ലൂയിസ് അവതരിപ്പിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ കഥാഗതിയില്‍ നിര്‍ണായകമായ സൂഫി സ്പര്‍ശമുള്ള ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രവും നജീബിനും ഹക്കീമിനുമൊപ്പം ചര്‍ച്ചയാവുകയാണ്. മാത്രവുമല്ല ആടുജീവിതത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ജിമ്മി.

ആടുജീവിതത്തിലെ രംഗം
ആടുജീവിതത്തിലെ രംഗം

ഇന്ത്യന്‍ സിനിമയിലെ ജിമ്മിയുടെ പ്രവേശനം സാധ്യമാക്കുകയാണ് ആടുജീവിതം. ജീവിത സാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ആഖ്യാതങ്ങള്‍ തിരിച്ചെഴുതിയ നജീബിന്റെ ഒരംശം ജിമ്മിയിലും കാണാം. ആടുജീവിതം ഒരു യഥാര്‍ത്ഥ കഥയാണെന്ന ആവേശവും ഈ സിനിമയുടെ ഭാഗമാകാന്‍ ജിമ്മിക്കുണ്ടായിരുന്നു. തന്റെ അന്വേഷണത്തിലൂടെ മലയാളത്തിലെ പ്രധാന നടനാണ് പൃഥ്വിരാജെന്ന് മനസിലാക്കിയ ജിമ്മിക്ക് സിനിമയില്‍ സമ്മതം മൂളാന്‍ പിന്നെ അധികം സമയം വേണ്ടിയിരുന്നില്ല. എന്നാല്‍ നജീബിന്റെ അനുഭവവും നജീബ് എന്ന യഥാര്‍ത്ഥ നായകന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതും തന്നെയാണ് ആടുജീവിതത്തിന്റെ ഭാഗമാകാനുള്ള പ്രധാന കാരണം.

ഖാദിരിയാകാന്‍ വേണ്ടി ജിമ്മിയും കുറച്ച് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി അത്തരത്തിലൊരാളെ താന്‍ കണ്ടിട്ടുണ്ടോയെന്ന് ചിന്തിച്ചാണ് കഥാപാത്രമായി ജിമ്മി മാറാറുള്ളത്. ഖാദരിക്ക് വേണ്ടി ജിമ്മി അറബി പഠിക്കുകയും ചെയ്തു.

നജീബിന്റെ രക്ഷകന്‍; ആരാണ് ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരി?
'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ'...സുകുമാരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ആടുജീവിതത്തിന്റെ വിജയത്തിന് നന്ദിയുമായി മല്ലിക

ഖാദിരിയെ പോലെ മറ്റുള്ളവരോട് സഹാനുഭൂതിയും അവരെ സഹായിക്കുന്നതുമായ സ്വഭാവം തന്നെയാണ് യഥാര്‍ത്ഥത്തില്‍ ജിമ്മിക്കും. ദുരിതമനുഭവിക്കുന്ന ഹെയ്തികളെ സഹായിക്കാന്‍ ജിമ്മി തന്റെ പ്രശസ്തിയും വിഭവങ്ങളും ഉപയോഗിക്കാറുണ്ട്. ഇതിന് വേണ്ടി ഹോളിവുഡ് യൂണിറ്റ്‌സ് ഫോര്‍ ഹെയ്തി എന്ന സംഘടനയും ജിമ്മി രൂപീകരിച്ചു. ഹെയ്തിയില്‍ സ്‌കൂള്‍ അടക്കം ഈ സംഘടനയുടെ ഭാഗമായി പണിതിട്ടുണ്ട്.

2020 മുതല്‍ സംഘടന പ്രവര്‍ത്തനഹരിതമാണെങ്കിലും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. ഹെയ്തിയില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റ് സംഘടനകളെ ജിമ്മി സഹായിക്കാറുണ്ട്.

ഒരുപക്ഷേ നാളെ ലോകസിനിമയില്‍ മലായള സിനിമയുടെ മേല്‍വിലാസമായി മാറിയേക്കാവുന്ന അന്താരാഷ്ട്ര മുഖമാണ് ജിമ്മി ഴാങ് ലൂയിസ്.

logo
The Fourth
www.thefourthnews.in