അമ്മയാകുന്നതെങ്ങനെ എന്റെ തൊഴിലിനെ ബാധിക്കും? ആലിയ ഭട്ട് ചോദിക്കുന്നു
"നീ ജോലിക്കു പോയാല്‍ കുഞ്ഞിനെ ആരു നോക്കും?".. "കല്ല്യാണം കഴിഞ്ഞാല്‍ പിന്നെ ഭര്‍ത്താവിന്‍റയും കുട്ടികളുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതു ഭാര്യയുടെ കടമയാണ്". സ്ത്രീകള്‍ക്ക് മുന്നില്‍ ഉയരുന്ന ഇത്തരം ചോദ്യങ്ങള്‍ നിരവധിയാണ്. അമ്മയാകാന്‍ പോകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ആലിയ ഭട്ടിന്‍റെ കമന്‍റ് ബോക്സില്‍ അഭിനന്ദന പ്രവാഹത്തോടൊപ്പം ഈ പതിവ് ചോദ്യവും ആവര്‍ത്തിക്കുന്നുണ്ട്.
ഏപ്രില്‍ 14നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ജൂണിലാണ് ആലിയ ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഹോളിവുഡ് ചിത്രമായ 'ഹാര്‍ട്ട് ഓഫ് സ്റ്റോണി'ന്‍റെ ചിത്രീകരണത്തിനിടയ്ക്കാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ആലിയയെടുത്ത തീരുമാനം അബദ്ധമാകുമോ എന്ന ചോദ്യവും ആരാധകരില്‍ നിന്ന് ഉയര്‍ന്നിരുന്നു.
"എന്തുകൊണ്ടാണ് സ്ത്രീകളുടെ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും വാര്‍ത്തകളുടെ തലക്കെട്ടാകുന്നത്? അമ്മയാകുന്നതും പ്രണയിക്കുന്നതും ഉള്‍പ്പടെയുള്ള സ്ത്രീയുടെ തിരഞ്ഞെടുപ്പിന്മേലാണ് എപ്പോഴും ആളുകളുടെ കണ്ണുകള്‍. അതെ, ഞാന്‍ ചെറുപ്പമാണ്, അതുകൊണ്ട് തീരുമാനങ്ങളെന്തെങ്കിലും മാറ്റുന്നതെന്തിനാണ്? ഒരു കുടുംബവും കുട്ടികളും ഉണ്ടാകുന്നത് എന്‍റെ തൊഴിലിനെ ബാധിക്കുന്നതെങ്ങനെയാണ് ?" പിടിഐയുമായുള്ള അഭിമുഖത്തില്‍ ആലിയ പറഞ്ഞു. താനിങ്ങനെ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നെന്നും ഇത്തരം വിഡ്ഢിത്തങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറില്ലെന്നും ആലിയ പറയുന്നു. ഇതേ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് താഴെ തന്‍റെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്ന കമന്‍റുകള്‍ കാണാറുണ്ട്, സമൂഹത്തില്‍ സംഭവിക്കുന്ന പോസിറ്റീവായ മാറ്റമാണതെന്നും ആലിയ അഭിപ്രായപ്പെട്ടു.
കരിയറിലെ തീരുമാനങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള സെലിബ്രിറ്റി ആലിയ മാത്രമല്ല, ഗര്‍ഭിണിയായിക്കെ പൊതുപരിപാടികളിലും ഫാഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടതിന് കടുത്ത വിമര്‍ശനം നേരിട്ട താരമാണ് കരീന കപൂര്‍. മകന്‍ തൈമുര്‍ അലി ഖാന്‍റെ ജനനത്തിനു ശേഷം ഷൂട്ടിംഗിനെത്തിയതോടെ കരീനയുടെ മാതൃത്വത്തെ ചോദ്യം ചെയ്യുന്ന കമന്റുകള്‍ ഉയര്‍ന്നു.
ആലിയയുടെ സിനിമാ ജീവിതത്തിന്റെ പത്താംവാര്‍ഷികമാണ് ഈ വരുന്ന നവംബറില്‍ . നെറ്റ്ഫ്ളിക്സ് ചിത്രമായ 'ഡാര്‍ലിംഗ്' ആണ് താരത്തിന്‍റെ പുതിയ ചിത്രം. ഷാരൂഖാന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയിമെന്‍സിനോടൊപ്പം ആലിയയുടെ ഇറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും 'ഡാര്‍ലിംഗി'നുണ്ട്.