മനുഷ്യനും, മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ട മതങ്ങളും, അത് ഉയർത്തുന്ന വേലിക്കെട്ടുകളും; ഇന്നും പ്രസക്തമാകുന്ന 'ഗുരു'
നിർമിക്കപ്പെട്ട കാലത്തിന്റെയും ടെക്നോളജിയുടെയും ബഡ്ജറ്റിന്റെയുമെല്ലാം പരിധിക്കുള്ളിൽ നിന്നുകൊണ്ട് എടുത്ത "ഗുരു" എന്ന സിനിമ റിലീസ് സമയത്ത് തീയറ്ററിൽ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും എന്തുകൊണ്ടായിരിക്കും കാലങ്ങൾക്കിപ്പുറം ഒരു "കൾട്ട്" സ്റ്റാറ്റസ് നേടിയെടുത്തത്?. മികച്ച വിദേശ ഭാഷാചിത്രം എന്ന കാറ്റഗറിയിൽ മലയാളത്തിൽ നിന്നും ഇന്ത്യയുടെ ഓസ്കർ നോമിനേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിനിമയെന്ന സ്ഥാനം ലഭിച്ച ഈ രാജീവ് അഞ്ചൽ ചിത്രം ഇന്ന് കുറെക്കൂടി വൈഡ് റേഞ്ചിൽ മികച്ച ബഡ്ജറ്റിൽ റീ റിലീസ് സാധ്യതയുള്ള സിനിമയാണെന്ന് പറയാൻ എന്താവും കാരണം? മനുഷ്യനും മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ട മതങ്ങളും അതുയർത്തുന്നതും നിലനിർത്തുന്നതുമായ വേലിക്കെട്ടുകളും വേർതിരിവുകളും ഈ ലോകത്ത് നിലനിൽക്കുന്നിടത്തോളം കാലം ഈ സിനിമ കാലത്തിനതീതമായിറങ്ങിയ ചിത്രങ്ങളിലൊന്ന് തന്നെയാണെന്ന് പറയാം.
ബ്രാഹ്മണ്യത്തെ മഹത്വവത്കരിക്കരിക്കുന്നതിനോടും മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിച്ചുകാണുന്നതിനോടും അതിന്റെ പേരിൽ മുതലെടുപ്പ് നടത്തി വോട്ടു നേടുന്ന രാഷ്ട്രീയക്കാരോടുമെല്ലാം അയാൾക്ക് എതിർപ്പാണ്
ബ്രാഹ്മണ്യം പുണ്യമാണെന്നും ബ്രാഹ്മണൻ ദൈവതുല്യനാണെന്നും ചിന്തിക്കുകയും അതുതന്നെ വിശ്വസിച്ച് പോരുകയും ചെയ്യുന്ന ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരില്ലത്തെ, "തലതെറിച്ച്" നടക്കുന്നവനാണ് രഘുരാമൻ. ബ്രാഹ്മണ്യത്തെ മഹത്വവത്കരിക്കരിക്കുന്നതിനോടും മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിച്ചുകാണുന്നതിനോടും അതിന്റെ പേരിൽ മുതലെടുപ്പ് നടത്തി വോട്ട് നേടുന്ന രാഷ്ട്രീയക്കാരോടുമെല്ലാം അയാൾക്ക് എതിർപ്പാണ്. അയാൾ ജീവിച്ച് പോരുന്ന ഗ്രാമത്തിലാവട്ടെ മതവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് കൊണ്ടെങ്കിലും നാനാജാതിമതസ്ഥരും സമാധാനത്തോടെയും ഐക്യത്തോടെയും കഴിഞ്ഞുപോകവേയാണ്, ഒരു കൊച്ചുകുഞ്ഞ് അന്യമതത്തിൽപ്പെട്ട ഒരു കുഞ്ഞിന്റെ കിന്നരി തൊപ്പിവെച്ച് ആ നാട്ടിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതും, അതിനെ തുടർന്ന് രാഷ്ട്രീയക്കാരുടെ കുടിലബുദ്ധിയുടെ പിൻബലത്തോടെ അവിടെ വർഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നതും. കലാപത്തോടെ, ആ ഗ്രാമം 'എന്റെ മതം', 'നിന്റെ മതം' എന്നീ രണ്ട് ചേരിയിലായി പോരാടി. കലാപത്തിലെല്ലാം നഷ്ടപ്പെട്ട രഘുരാമനും, തന്റെ കുടുംബത്തെ ഒന്നടങ്കം ചുട്ടെരിച്ച മതസ്ഥരോട് വെറുപ്പും കൊലവെറിയും പിടിപെട്ടു. ക്ഷീണിതനായവനെ തന്റെ ലക്ഷ്യത്തിലേക്കെത്തിക്കാൻ സഹായിക്കാനെന്നോണം തീവ്രമത സംഘടനാപ്രവർത്തകർ കഴുകനെപ്പോലെ അയാളോടൊപ്പം കൂടി.
തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയിൽ അവിചാരിതമായാണ് രഘുരാമൻ "ഗുരു"വിന്റെ ആശ്രമത്തിലെത്തിച്ചേരുന്നത്. ആശ്രമത്തിലെത്തുന്ന അന്തേവാസികളിലൊരുവനായിക്കൂടി തന്റെ ലക്ഷ്യത്തിലേക്ക് മതാന്ധത ബാധിച്ച് നടന്നുനീങ്ങുന്ന രഘുരാമനെ ആശ്രമത്തിലെ അന്തേവാസികളിലൊരുവളായ "വൈദേഹി" ഒരു "ട്രാൻസ്" സ്റ്റേറ്റിലാക്കി അന്ധതയുടെ താഴ്‌വാരയിലേക്ക് തള്ളിയിടുകയാണ്. വെളിച്ചം, നിറങ്ങൾ, സൗന്ദര്യം എന്നിങ്ങനെ കണ്ണാൽ കാണാവുന്നതെന്തും മിഥ്യകളാണെന്നും കണ്ണ് എന്നത് രണ്ട് കുഴികളിൽ കിടക്കുന്ന വെറും ഗോളങ്ങൾ മാത്രമാണെന്ന് വിശ്വസിക്കുന്ന മനുഷ്യരോട് കണ്ണുകൾ കാഴ്ച്ചയെ സഹായിക്കുമെന്ന് പറയുന്നവരെയെല്ലാം വധശിക്ഷയ്ക്ക് വിധേയരാക്കുന്ന അന്ധതയുടെ താഴ്‌വാരം.
ജനിച്ചുവീഴുന്ന കുഞ്ഞിന്റെ നാവിൽ ഇടിച്ച് പിഴിഞ്ഞ് നൽകുന്ന ഇലാമാപ്പഴത്തെ അവിടെയുള്ളവരെല്ലാം തന്നെ ബഹുമാനിക്കുന്നു. ഒരിക്കൽ കഴിച്ചവനെ പിന്നെയും പിന്നെയും കഴിക്കാൻ പ്രേരിപ്പിക്കുന്ന അത്രയും മധുരവും രുചിയേറിയ ഇലാമാപ്പഴത്തിന്റെ കുരുവിനെ അവർക്കെല്ലാം ഭയമാണ്. അത് വിഷമാണെന്നാണ് ആ താഴ്‌വാരത്തിന്റെ വിശ്വാസം. കാഴ്ച്ചയുടെ പ്രവാചകനായി അവിടെയെത്തുന്ന രഘുരാമനെ വളരെ ചുരുക്കം ചിലരെ വിശ്വസിക്കാൻ കൂട്ടാക്കുന്നുള്ളൂ. തലമുറകളായി കാഴ്ച്ചയില്ലാത്ത ആ താഴ്‌വാരത്തിൽ കാഴ്ച്ചയേയും നിറങ്ങളെയും പൂക്കളെയും ഈ ലോകത്തിന്റെ നിറവൈവിധ്യത്തെയും കുറിച്ച് മനസിലാക്കിക്കാൻ ശ്രമിക്കുന്ന രഘുരാമനെ ആ താഴ്‌വാരവും അവിടുത്തെ രാജാവും പരിവാരങ്ങളും ശത്രുവായിക്കാണുന്നു.
അവിചാരിതമായി ഇലാമാപ്പഴത്തിന്റെ രുചിയറിഞ്ഞ രഘുരാമനും അന്ധതയുടെ ആ ലോകത്തെ ഒരാളായി മാറുന്നു. ഇലാമാപ്പഴം വിഷമാണെന്നും അതാണ് ഈ താഴ്‌വാരയുടെ അന്ധതയ്ക്ക് കാരണമെന്നും അലറിപ്പറഞ്ഞ് അയാൾ ആ താഴ്‌വരയെ ചോദ്യം ചെയ്യുന്നതോടെ, നിറങ്ങളും പ്രകാശവും എല്ലാം സത്യമാണെന്ന് പറഞ്ഞു നടന്ന അയാളെ കൊല്ലാൻ അവർ തീരുമാനിക്കുന്നു. വിഷമെന്ന് കരുതി വന്നിരുന്ന ഇലാമാപ്പഴത്തിന്റെ കുരു ഇടിച്ച് പിഴിഞ്ഞ്, അതിന്റെ 'സത്ത്' അയാളെക്കൊണ്ട് കുടിപ്പിക്കുന്നതോടെ, അയാളുടെ കാഴ്ച്ച തിരികെ ലഭിക്കുന്നു.
മെറ്റഫറുകളുടെ ഒരു കലവറ തന്നെയാണ് ഈ സിനിമ
മെറ്റഫറുകളുടെ ഒരു കലവറ തന്നെയാണ് ഈ സിനിമ. മതത്തിന്റെ അന്ത:സത്ത മനസിലാക്കാതെ അതിന്റെ തൊലിപ്പുറം മാത്രം മനസിലാക്കി, മതാന്ധത ബാധിച്ച സമൂഹം, അന്ത:സത്തയായ അതിന്റെ കുരുവിനെ വിഷമെന്ന് വിളിച്ചുപോരുന്നു. എല്ലാ മതത്തിന്റെയും കാമ്പ് സ്നേഹമാണെന്ന് മനസിലാക്കാതെ സ്വയം അന്ധതയിൽ തളയ്ക്കപ്പെട്ട് ജീവിക്കുന്ന ഈ ലോകത്തെയാണ് തിരക്കഥാകൃത്ത് പ്രൊഫ സി ജി രാജേന്ദ്ര ബാബുവിന്റെ കൂടി സഹായത്തോടെ രാജീവ് അഞ്ചൽ നമുക്ക് കാണിച്ചുതന്നത്.
മോഹൻ ലാലിന്റെ കണ്ണുകളുടെ എക്സ്പ്രഷൻസ് അതിന്റെ എല്ലാ തീവ്രതയിലും പകർത്തിയെടുക്കാൻ സംവിധായകന് കഴിഞ്ഞു. ആർത്തിയോടെ ഇലാമാപ്പഴം തിന്നുകയും അതിന്റെ രുചിയറിയുകയും ചെയ്യുന്ന സമയത്തെ അഭിനയവും, കാഴ്ച്ച നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ് മോഹൻ ലാൽ നടത്തുന്ന അഭിനയവും എടുത്ത് പറയേണ്ടതാണ്.
നിറങ്ങൾ ഇല്ലാത്ത ലോകത്തെ രണ്ടുപേരുടെ പ്രണയം, വിരഹം എന്നിവ "ദേവസംഗീതം നീയല്ലേ ദേവി വരൂ വരൂ" എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ അവതരിപ്പിക്കുമ്പോൾ അതിലെ വരികളിൽ എവിടെയും നിറങ്ങളുടെയോ കാഴ്ച്ചയുടെയോ അലങ്കാരങ്ങൾ കടന്ന് വരുന്നില്ല
ഗാനങ്ങളിലൂടെയും ഈ സിനിമ നമ്മോട് സംവദിക്കുന്നുണ്ട്. നിറങ്ങൾ ഇല്ലാത്ത ലോകത്തെ രണ്ടുപേരുടെ പ്രണയം, വിരഹം എന്നിവ "ദേവസംഗീതം നീയല്ലേ ദേവി വരൂ വരൂ" എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ അവതരിപ്പിക്കുമ്പോൾ അതിലെ വരികളിൽ എവിടെയും നിറങ്ങളുടെയോ കാഴ്ച്ചയുടെയോ അലങ്കാരങ്ങൾ കടന്നു വരുന്നില്ല. എന്നാൽ താഴ്‌വരയിൽ എല്ലാവർക്കും കാഴ്ച്ചഎന്ന സിദ്ധി കിട്ടുന്നതോടെ, "അരുണകിരണ ദീപം പാപക്കടലിലുദയമാവുന്നു" എന്ന ഗാനത്തിലൂടെ നിറങ്ങളും രൂപങ്ങളും സൗന്ദര്യവും നിറഞ്ഞ ലോകത്തെ, എസ് രമേശൻ നായർ അദ്ദേഹത്തിന്റെ വരികളിലൂടെ വരച്ച് കാണിച്ചു. ഇളയരാജയുടെ സംഗീതവും എടുത്ത് പറയേണ്ടതാണ്. ഗുരുവിലെ ഒറിജിനൽ സൗണ്ട് ട്രാക്കിന്റെ ഓർക്കസ്ട്രേഷൻ എല്ലാം കമ്പോസ് ചെയ്തതും കണ്ടക്റ്റ് ചെയ്തതും ഹംഗറിയിലെ സിംഫണി ഓർക്കസ്ട്രയാണ്.
ഇത്രയെല്ലാം പ്രശംസ അർഹിക്കുമ്പോഴും, പതിവ്രതകളായ ഗൃഹസ്ഥാശ്രമികളായ സ്ത്രീകളിലൂടെയാണ് ഈ ലോകത്തെ സുന്ദരമാക്കാൻ സാധിക്കുക എന്ന ആശയത്തെ ഉയർത്തി കാണിക്കുന്ന ഗുരുവിന്റെ ആശ്രമം, ഇത്രയും പുരോഗമനപരമായി മതാശയങ്ങളെ സമീപിച്ച സിനിമയിൽ ഒരു കല്ലുകടി തന്നെയാണ്. മികച്ച നടനായി മോഹൻലാലും, സൗത്തിലെ മികച്ച സിനിമാറ്റോഗ്രാഫറായി എസ് കുമാറും, മലയാളത്തിലെ മികച്ച സംവിധായകനായി രാജീവ് അഞ്ചലും , ആ വർഷത്തെ സ്ക്രീൻ അവാർഡ്സിൽ ഗുരുവിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മേക്കപ്പ് ആർട്ടിസ്റ്റായി പട്ടണം റഷീദും, മികച്ച കോസ്റ്റ്യൂം ഡിസൈനറായി എസ് ബി സതീശനും ആ വർഷത്തെ കേരള സംസ്ഥാന അവാർഡിന് അർഹരായി.
അന്ധതയുടെ താഴ്‌വരയിൽ കേൾവിയെ കൂടുതൽ സഹായിക്കാനെന്നോണമുള്ള തൊപ്പികൾ ഡിസൈൻ ചെയ്തത് രാജീവ് അഞ്ചൽ തന്നെയാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. എച്ച് ജി വെൽസിന്റെ "ദി കൺട്രി ഓഫ് ബ്ലൈൻഡ്" എന്ന ചെറുകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഈ കഥ എഴുതിയതെന്ന് രാജീവ് അഞ്ചൽ ഒരിക്കൽ പറഞ്ഞിരുന്നെങ്കിലും ആ കഥയെ, ഇന്ത്യൻ രാഷ്ട്രീയ സാമുദായിക ചുറ്റുപാടിലേക്ക് പകർത്തിയെടുത്ത രീതി തീർത്തും അഭിനന്ദനാർഹമാണ്.