രജിനിക്ക് പിടികിട്ടാത്ത തമിഴ് രാഷ്ട്രീയം
അവസാനമിറങ്ങിയ രണ്ട് ചിത്രങ്ങളും ബോക്‌സോഫീസിൽ തികഞ്ഞ പരാജയം. സിനിമയിൽ കാലം കഴിഞ്ഞെന്നും ഇനിയൊരു തിരിച്ച് വരവ് ഉണ്ടാകില്ലെന്നും വിവിധ അഭിപ്രായങ്ങൾ. അങ്ങനെയിരിക്കെ അവസാന ചിത്രം വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാത്ത ഒരു സംവിധായകനൊപ്പം പുതിയ ചിത്രവുമായി അയാളെത്തി. പരാജയമാവുമെന്ന് വിധിയെഴുതിയവരുടെ മുന്നിൽ ചിത്രം അന്നോളമിറങ്ങിയ എല്ലാ തമിഴ് സിനിമകളേക്കാളും കൂടുതൽ കളക്ട് ചെയ്തു. വിമർശകരോട് അയാളുടെ തന്നെ ഡയലോഗ് ആരാധകർ ആവർത്തിച്ചു ചോദിച്ചു... 'നാൻ വീഴ്വേൻ എന്ട്രു നിനത്തായോ....'
വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച സ്റ്റൈൽ മന്നൻ രജിനികാന്തായിരുന്നു ആ താരം. 73 -ാം ജന്മദിനം ആഘോഷിക്കുന്ന രജിനിയുടെ ജീവിതം അദ്ദേഹത്തിന്റെ സിനിമകൾ പോലെ തന്നെ സംഭവബഹുലമാണ്. സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന രജിനി നിരവധി തവണ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചിരുന്നു.
എന്നാൽ ഓരോ തവണ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴും തിരിച്ചടികളായിരുന്നു നേരിട്ടത്. എറ്റവുമൊടുവിൽ താൻ ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജിനി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു മറാഠ കുടുംബത്തിൽ ജനിച്ച് ബാംഗളൂരുവിൽ വളർന്ന് തമിഴ്‌നാടിന്റെ സ്വന്തമായി മാറിയ രജിനിയുടെ രാഷ്ട്രീയ പ്രവേശന തീരുമാനത്തിൽ എവിടെയാണ് പിഴച്ചത്.