മലൈക്കോട്ടൈ വാലിബന്‍ അസാധാരണ ചിത്രം; മനസ്സില്‍ വിജയാഘോഷത്തിന്റെ ഇരമ്പം, ഇനി തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍: മോഹന്‍ലാല്‍
മലൈക്കോട്ടെെ വാലിബൻ കാലമോ സമയമോ ഒന്നുമില്ലാത്തതും സിനിമയുടെ ഗ്രാമറിനെ ബ്രേക്ക് ചെയ്യുന്ന ചിത്രമാണെന്നും മോഹൻലാൽ. 'ദ ഫോർത്തിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
''കാലമോ,സമയമോ ഒന്നുമില്ലാത്ത ഒരു സിനിമയാണ് വാലിബൻ. സിനിമ കണ്ടാൽ മലൈക്കോട്ടെ വാലിബൻ ഒരു യോദ്ധാവായി തോന്നാം. തികച്ചും വ്യത്യസ്തമായി നിർമിച്ചിരിക്കുന്ന ചിത്രമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുമായി ഒരുമിക്കുമ്പോൾ അസാധാരണമായ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു,'' മോഹൻലാൽ പറഞ്ഞു.
സിനിമ ചിത്രീകരിച്ച സ്ഥലങ്ങളും ഉപയോഗിച്ച വസ്ത്രങ്ങളും, അങ്ങനെ എല്ലാംകൊണ്ടും ഇതിൽ പുതുമയുണ്ട്. ധൈര്യമായി ഇപ്പോൾ പറയാൻ കഴിയും 'മലൈകോട്ടൈ വാലിബൻ ' വ്യത്യസ്ത സിനിമയാണെന്ന്. ചിത്രീകരണത്തിനായി ഒരു വർഷം എടുത്തു. അതിൽ പരിഭവമോ പരാതിയോ ഇല്ല. സിനിമ മികച്ചതാക്കുന്നതിനുവേണ്ടി പ്രവർത്തിക്കാനും കഷ്ടപ്പെടാനും എപ്പോഴും തയ്യാറാണ്.
അങ്ങനെ കഷ്ടപ്പെട്ട ഒരുപാട് സിനിമകൾ മോശമായിപ്പോയിട്ടുണ്ട്. കഷ്ടപ്പെട്ട സിനിമകൾ വിജയമാകുമ്പോൾ വലിയ സന്തോഷം തോന്നും. ഈ സിനിമയുടെ വിജയത്തിന്റെ ആഘോഷം എന്റെ മനസ്സിൽ ഇരമ്പുന്നുണ്ട്. ഇനി തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഒരു കൂട്ടമായി ഇരുന്ന് കാണേണ്ട സിനിമയാണ് മലൈകോട്ടൈ വാലിബൻ, അതുകൊണ്ടാണ് തിയേറ്ററിൽ തന്നെ കാണണമെന്ന് പറയുന്നത്.
ഒടിയൻ ഒരു മോശം സിനിമയാണെന്ന് താൻ കരുതുന്നില്ല. ചില സിനിമകൾ മനപ്പൂർവ്വം ഇഷ്ടമല്ലാതാക്കി മാറ്റാനുള്ള സംവിധാനങ്ങളുള്ള കാലമാണിത്. ഒടിയനും ഒരു മാജിക്കിന്റെ കഥയാണ്. അതെന്തുകൊണ്ട് ഓടിയില്ലെന്നത് പഠിക്കേണ്ട കാര്യമാണ്. ചിലപ്പോൾ ക്ലൈമാക്‌സ് ശരിയാവാത്തത് കൊണ്ടാവാം. എന്തെങ്കിലും ഒരു കുഴപ്പമുള്ളത് കൊണ്ടാകാം അത് ശരിയാവാത്തത്.
താൻ എവിടെയോ പോയി, തിരിച്ചുവന്നു എന്നതൊക്കെ വളരെ കുറച്ചുപേർ മാത്രം പറയുന്ന കാര്യമാണ്. ഞാൻ 43 വർഷമായി അഭിനയിക്കുന്ന ആളാണ്. വേറെ ഒരു ജോലിയും അറിയില്ല. സിനിമ ഓടണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ. ചില സിനിമകൾ തിയേറ്ററിനുവേണ്ടി എടുത്തതായിരുന്നില്ല. പക്ഷേ സിനിമാ മേഖലയിലുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന് ആ സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യേണ്ടിവന്നു. ഒഴിഞ്ഞുമാറുന്നതല്ല ഇതാണ് സത്യമെന്നും മോഹൻലാൽ പറഞ്ഞു.
'മലൈകോട്ടെെ വാലിബൻ' സിനിമാ ലൊക്കേഷനിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിർമാതാവ് ഷിബു ബേബി ജോണും തുറന്നുപറഞ്ഞു. ''എല്ലാവർക്കും കൊടും തണുപ്പിൽ ലൊക്കേഷനിൽ കഴിയേണ്ടിവന്നു. എനിക്ക് വേണ്ടിയാണല്ലോ ലാൽ ഇത്രയും കഷ്ടപ്പെടുന്നതെന്ന് ആലോചിച്ചു. മോഹൻലാൽ ഒരുമാസം പൊഖ്‌റാൻ കോട്ടയിൽ ഒറ്റപ്പെട്ട ജീവിതം നയിച്ചു. ഇവർക്കൊക്കെ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങൾ കണ്ടപ്പോൾ വിഷമമുണ്ടായി. അമ്പതിനായിരം ജൂനിയർ ആർട്ടിസ്റ്റുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്,'' ഷിബു ബേബി ജോൺ വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവിനെക്കുറിച്ച് സംവിധായകൻ ടിനു പാപ്പച്ചനും മനസ്സ് തുറന്നു. ''ആൾക്കൂട്ടത്തെ സംവിധാനം ചെയ്യുന്നതിലാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഹരം. സിനിമ കണ്ടതുകൊണ്ടാണ് മോഹൻ ലാലിന്റെ ഇൻട്രോയുടെ സമയം തീയറ്ററിന്റെ പുറത്തുനിക്കണമെന്ന് പറഞ്ഞത്. അത് എന്റെ ആകാംക്ഷയാണ്,'' ടിനു പാപ്പച്ചൻ പറഞ്ഞു.
പഴയ കാലത്തിലൂടെയുള്ള യാത്രയാണെങ്കിലും ഈ കാലത്ത് സംസാരിക്കേണ്ട ഒരു വിഷയമാണ് മലൈക്കോട്ടെെ വാലിബനെന്ന് നടൻ ഹരീഷ് പേരടി പറഞ്ഞു.