സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാരുടെ ജീവിതകഥ; സ്വിഗാറ്റോ തീയേറ്ററുകളിലേക്ക്
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സ്വിഗാറ്റോ തീയേറ്ററുകളിലേക്ക്. നന്ദിതാ ദാസിൻ്റെ സംവിധാനം ചെയ്ത ചിത്രം മാർച്ച് 17നാണ് തീയേറ്ററുകളിലെത്തുന്നത്. നന്ദിത ട്വിറ്ററിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. "ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന ഓർഡർ ഒടുവിൽ ഇതാ എത്തുന്നു! സ്വിഗാറ്റോ മാർച്ച് 17ന് തീയേറ്ററുകളിലേക്ക്. ഒരു ഫുഡ് ഡെലിവറി റൈഡറുടെ ഹൃദയസ്പർശിയായ കഥ" എന്ന കുറിപ്പോടെയാണ് ട്വീറ്റ്. ചിത്രത്തിൽ നായകനായെത്തുന്നത് കപിൽ ശർമയാണ് .
എണ്ണിത്തീരാത്തത്ര ആളുകളാണ് ഇന്ത്യയിൽ ഉടനീളം സ്വിഗ്ഗിയിലും സോമാറ്റോയിലും ഒക്കെയായി ജോലി ചെയ്യുന്നത്. ഇവരുടെ കഥ പറയുന്ന ചിത്രമാണ് സ്വിഗാറ്റോ. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ഒരു ഫാക്ടറി ജീവനക്കാരനായാണ് കപിൽ ശർമ ചിത്രത്തിലെത്തുന്നത്. തുടർന്ന് വരുമാനത്തിനായി സ്വിഗ്ഗി ഡെലിവറിക്കു പോകേണ്ടിവരുന്ന അയാളുടെ ജീവിതമാണ് കഥ. ഷഹാനാ ഗോസ്വാമിയാണ് ചിത്രത്തിലെ നായിക. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു ചിത്രത്തിൻ്റെ വേൾഡ് പ്രീമിയർ. മേളകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം കൂടിയാണ് സ്വിഗാറ്റോ.
ശക്തമായ സന്ദേശങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നതിൽ നന്ദിതാ ദാസ് എന്ന സംവിധായിക എന്നും വിജയിച്ചിട്ടുണ്ട്. നന്ദിതയുടെ സംവിധാനത്തിൽ ഇറങ്ങിയ മാന്റോ, ഫിറാഖ് എന്നീ ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. സ്വിഗ്ഗി ജീവനക്കാരോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച ചിത്രം എന്നായിരുന്നു ഐഎഫ്എഫ്കെയിൽ ചിത്രം കണ്ടവരുടെ പ്രതികരണം. സ്വിഗ്ഗി ഡെലിവറി ഒക്കെ നിലവാരമില്ലാത്ത ജോലിയാണ് എന്നുള്ള ആളുകളുടെ ഇടുങ്ങിയ കാഴ്ചപ്പാടിനെ എല്ലാം തകർത്തെറിഞ്ഞ ഒരു ചിത്രം കൂടിയാണിത്.