കോവിഡ് മൃഗങ്ങളുടെ സ്വഭാവത്തിലും മാറ്റമുണ്ടാക്കിയെന്ന് പഠനം

കോവിഡ് മൃഗങ്ങളുടെ സ്വഭാവത്തിലും മാറ്റമുണ്ടാക്കിയെന്ന് പഠനം

174 ഗവേഷകരുടെ സംഘമാണ് കോവിഡ് കാലം വന്യജീവികളിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയത്
Updated on
1 min read

കോവിഡ് 19 വന്നതിന് പിന്നാലെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ലോക്ക് ഡൗൺ കാലത്ത് സാമൂഹ്യ ജീവിതത്തിൽ നിന്ന് മാറി വീടുകളിൽ തന്നെ തുടരാൻ മനുഷ്യർ നിർബന്ധിതരായി. എന്നാൽ കോവിഡ് മനുഷ്യരുടെ രീതികളിൽ മാറ്റം വരുത്തിയപ്പോൾ ചുറ്റുമുള്ള ജീവജാലങ്ങളിലും സമാനമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുകയാണ് പുതിയ പഠനങ്ങൾ. 2020 ലും 2021 ലും ആഗോള ലോക്ക്ഡൗൺ കാലത്ത് മനുഷ്യൻ വീടിനുള്ളിലായിരുന്നപ്പോൾ കരയിലെ വന്യമൃഗങ്ങൾ സ്വന്തം പ്രദേശങ്ങൾ വിട്ട് ഒരുപാട് ദൂരം അധികം സഞ്ചരിച്ചു. കോവിഡിന് ശേഷം മൃഗങ്ങളുടെ പെരുമാറ്റ രീതികളിലും മാറ്റം രേഖപ്പെടുത്തിയതായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

നെതർലൻഡ്സിലെ റാഡ്‌ബൗഡ് സർവകലാശാലയിലെ എൻവയോൺമെന്റൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകയുമായ മാർലി എ ടക്കറുടെ നേതൃത്വത്തിൽ 174 ഗവേഷകരുടെ സംഘമാണ് കോവിഡ് കാലം വന്യജീവികളിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയത്. 'സയൻസ്' ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്. കൊവിഡ്-19 മഹാമാരിയുടെ കാലത്ത് മനുഷ്യന്റെ പ്രവർത്തനങ്ങൾ മൃഗങ്ങളുടെ സ്വഭാവത്തെ എങ്ങനെ ബാധിച്ചുവെന്നാണ് പഠനം പ്രധാനമായും നിരീക്ഷിച്ചത്.

ഇത് പ്രതീക്ഷ നൽകുന്ന ഒരു അറിവാണ്. നമ്മുടെ സ്വന്തം പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് മൃഗങ്ങളിൽ നല്ല സ്വാധീനം ചെലുത്തും എന്നാണ് ഇതിന്റെ അർഥം
മാർലി എ ടക്കർ

“ആദ്യ ലോക്ക്ഡൗണുകളിൽ പ്രകൃതിയിൽ നല്ല രീതിയിലുള്ള മാറ്റങ്ങളുണ്ടെന്ന നിരവധി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ചിലിയിലെ സാന്റിയാഗോയിലെ തെരുവുകളിൽ കൂഗറുകൾ അലഞ്ഞുനടക്കുകയായിരുന്നു എന്ന് കണ്ടു. ഇതിന് എന്തെങ്കിലും തെളിവുണ്ടോ? അതോ വീട്ടിൽ ഇരിക്കുകയായത് കൊണ്ട് ആളുകളുടെ അധികശ്രദ്ധ ഈ വിഷയത്തിൽ പതിയുകയാണോ ? ഞങ്ങൾക്ക് ഇതേക്കുറിച്ച് അറിയണമായിരുന്നു" പഠനത്തിന് നേതൃത്വം നൽകിയ മാർലി എ ടക്കർ പറഞ്ഞു.

മൃഗങ്ങളുടെ മാറ്റങ്ങൾ രേഖപ്പെടുത്താനായി 43 ഇനങ്ങളിലുള്ള 2,300 സസ്തനികളിൽ നിന്നുള്ള ജിപിഎസ് ട്രാക്കിങ് ഡാറ്റ പഠനത്തിനായി ശേഖരിച്ചു. 2020 ജനുവരി മുതൽ മെയ് പകുതി വരെയുള്ള ലോക്ക്ഡൗണുകളുടെ ആദ്യ കാലയളവിലെ സസ്തനികളുടെ ചലനങ്ങളെ ഒരു വർഷം മുൻപത്തെ അതേ മാസങ്ങളിലെ ചലനങ്ങളുമായി താരതമ്യം ചെയ്യുകയാണ് ആദ്യം ചെയ്തത്. ലോക്ക്ഡൗൺ കൂടുതൽ കർശനമായ കാലത്ത് 73 ശതമാനം അധികദൂരം മൃഗങ്ങൾ സഞ്ചരിച്ചതായി പഠനം കണ്ടെത്തി. റോഡുകൾ ശാന്തമായിരുന്നതിനാൽ മൃഗങ്ങൾ റോഡുകളോട് മുൻ വർഷങ്ങളെ അപേക്ഷിച്ച് 36 ശതമാനം അടുത്ത് വന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ലോക്ക്ഡൗൺ താരതമ്യേന കർക്കശമല്ലാതിരുന്ന പ്രദേശങ്ങളിൽ മൃഗങ്ങൾ കുറഞ്ഞ ദൂരം മാത്രമാണ് സഞ്ചരിച്ചത്.

ഇക്കാലയളവിൽ തന്നെ വന്യമൃഗങ്ങളുടെ ചില പ്രത്യേക സ്വഭാവങ്ങളിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മനുഷ്യന്റെ പെരുമാറ്റത്തിലെ മാറ്റങ്ങളോട് മൃഗങ്ങൾക്ക് നേരിട്ട് പ്രതികരിക്കാൻ കഴിയുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

"ഇത് പ്രതീക്ഷ നൽകുന്ന ഒരു അറിവാണ്. നമ്മുടെ സ്വന്തം പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് മൃഗങ്ങളിൽ നല്ല സ്വാധീനം ചെലുത്തും എന്നാണ് ഇതിന്റെ അർഥം," ടക്കർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in