എ1, എ2 പാല്‍ ലേബലിങ്: സുപ്രധാന ഉത്തരവിന് ഒരാഴ്ച മാത്രം ആയുസ്, യുടേണടിച്ച് ഭക്ഷ്യസുരക്ഷ അതോറിറ്റി
ഒടുവില്‍ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ആ ഉത്തരവ് പിന്‍വലിച്ചു, പാലും പാലുത്പന്നങ്ങളും എ1, എ2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ ഉത്തരവ്. ഉത്തരവിറങ്ങി ഒരാഴ്ച പോലും തികയുന്നതിനു മുമ്പാണ് പിന്‍വലിക്കല്‍.
ഭക്ഷ്യസുരക്ഷയും വിപണനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ദേശീയ ഏജന്‍സിയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ ). എഫ്എസ്എസ്എഐ ഓഗസ്റ്റ് 21 നായിരുന്നു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പാലിലെ പ്രോട്ടീന്‍ വ്യത്യാസമാണ് എ1, എ2 എന്ന തരംതിരിവിന് അടിസ്ഥാനം. എന്നാല്‍ കൊഴുപ്പ് പ്രധാന ഘടകമായ വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ ഉത്പന്നങ്ങള്‍ എ2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വിപണന രീതിയാണെന്നായിരുന്നു ഉത്തരവിലെ പ്രധാന കണ്ടെത്തല്‍.
അതോറിറ്റി 2011-ല്‍ പുറത്തിറക്കിയ ഭക്ഷ്യോത്പന്നങ്ങളുടെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണ നിര്‍ദ്ദേശങ്ങളില്‍ പാലിന്റെ കാര്യത്തില്‍ എ1 എന്നോ എ2 എന്നോ ഉള്ള വ്യത്യാസം നിര്‍ണയിച്ചിട്ടില്ല. മറിച്ച് കൊഴുപ്പ്, കൊഴുപ്പിതര ഘടകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാലിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നത്.
ഇന്ന് രാജ്യത്ത് എ2 പാല്‍ വിപണന കമ്പനികളുടെ ശക്തമായ സാന്നിധ്യമുണ്ട്. ലോകത്തെ തന്നെ പാല്‍വിപണന ശക്തിയായ അമൂല്‍ അടക്കം എ2 പാല്‍ ലേബല്‍ ചെയ്ത് മാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലക്ക് വിറ്റഴിക്കുന്നുണ്ട്.
എ1, എ2 എന്നൊരു മാനദണ്ഡം എഫ്എസ്എസ്എഐ നിശ്ചയിക്കുകയോ നിര്‍ണയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ പാലും പാലുത്പന്നങ്ങളും എ1 എ2 എന്നു ലേബല്‍ ചെയ്ത് വിപണനം നടത്തുന്നതില്‍നിന്ന് രാജ്യത്തെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ ഉടനടി പിന്മാറണമെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഉത്തരവിറക്കിയത്. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന ഇ -കോമേഴ്‌സ് സ്ഥാപനങ്ങള്‍ തങ്ങളുടെ വ്യാപാര വെബ്‌സൈറ്റുകളില്‍നിന്ന് എ1, എ2 അവകാശവാദങ്ങള്‍ ഉടനടി നീക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
കടിഞ്ഞാണിട്ടത് രാജ്യത്ത് ഏറെ പ്രചാരത്തിലായ വ്യാജവിപണന തന്ത്രത്തിന്
എ1, എ2 ലേബല്‍ ചെയ്ത് പാല്‍ വില്‍പ്പന നടത്തുന്നത് വിലക്കുന്നതിലൂടെ പാലിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറെ പ്രചാരത്തിലായ വ്യാജവിപണന തന്ത്രത്തിന് കടിഞ്ഞാണിടുകയായിരുന്നു ഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. ഇന്ന് രാജ്യത്ത് എ2 പാല്‍ വിപണന കമ്പനികളുടെ ശക്തമായ വിപണി സാന്നിധ്യമുണ്ട്. ലോകത്തെ തന്നെ പാല്‍വിപണന ശക്തിയായ അമൂല്‍ അടക്കം എ2 പാല്‍ ലേബല്‍ ചെയ്ത് മാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലക്ക് വിറ്റഴിക്കുന്നുണ്ട്.
പാലിലെ ഏറ്റവും പ്രധാന മാംസ്യമാത്രയായ ബീറ്റാ കേസീന്‍ എന്ന പ്രോട്ടീനിന്റെ ഘടനയിലെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് എ1, എ2 വ്യത്യാസത്തിന്റെ അടിസ്ഥാനം
എന്താണ് എ1, എ2 പാല്‍
നമ്മുടെ തദ്ദേശീയ ജനുസ് പശുക്കള്‍ ഉത്പാദിപ്പിക്കുന്ന പാലാണ് പൊതുവെ എ2 പാല്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നത്. എരുമപ്പാലും എ2 ഗണത്തില്‍ വരുന്നു. വിദേശ ജനുസുകളായ എച്ച്എഫ് തുടങ്ങിയവ ചുരത്തുന്ന പാലാവട്ടെ എ1 വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. പാലിലെ ഏറ്റവും പ്രധാന മാംസ്യമാത്രയായ ബീറ്റാ കേസീന്‍ എന്ന പ്രോട്ടീനിന്റെ ഘടനയിലെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് എ1, എ2 വ്യത്യാസത്തിന്റെ അടിസ്ഥാനം.
അല്ലാതെ പാലിന്റെ ഗുണത്തിലോ മേന്മയിലോ എ1 പാലും എ2 പാലും തമ്മില്‍ ശാസ്ത്രീയമായി പരിശോധിച്ചാല്‍ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ നാടന്‍ ജനുസ് പശുക്കള്‍ ചുരത്തുന്ന പാലിന് ഗുണവും രോഗപ്രതിരോധശേഷിയുമെല്ലാമുണ്ടെന്ന് പ്രചരിപ്പിച്ച് ഉയര്‍ന്നവിലയ്ക്ക് വിപണനം നടത്തുന്നവരുണ്ട്. പാല്‍ വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറേകൂടി ശാസ്ത്രീയമാക്കുകയായിരുന്നു എഫ്എസ്എസ്എഐ ആദ്യ ഉത്തരവിലൂടെ ചെയ്തത്.
എ2 പാലിന് ഗുണമേന്മയും രോഗപ്രതിരോധ ശേഷിയുമുണ്ടെന്നു നാടന്‍ പശു സംരക്ഷകരിലും തദ്ദേശീയ പശുസംരക്ഷണ സംഘടനകളിലും വാദിക്കുന്നവരുണ്ട്. എ1 ബീറ്റ കേസീനുള്ള പാല്‍ ടൈപ്പ്-1പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം തുടങ്ങിയവയ്ക്ക് കാരണമായേക്കാമെന്നാണ് ഇവരുടെ പ്രചാരണം
ഉത്തരവ് പിന്‍വലിച്ചത് വിപണി സമ്മര്‍ദം മൂലമോ?
എ2 പാലിന് ഗുണമേന്മയും രോഗപ്രതിരോധശേഷിയുമുണ്ടെന്നു വാദിക്കുന്നർ നാടന്‍ പശു സംരക്ഷകരിലും തദ്ദേശീയ പശുസംരക്ഷണ സംഘടനകളിലുമുണ്ട്. എ1 ബീറ്റകേസീനുള്ള പാല്‍ ടൈപ്പ്-1പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം തുടങ്ങിയവയ്ക്ക് കാരണമായേക്കാമെന്നാണ് ഇവരുടെ പ്രചാരണം. എന്നാല്‍ ഇതിനൊന്നും ശാസ്ത്രീയ അടിത്തറയുമില്ല. അതുപോലെ എ2 പാലിന് രോഗപ്രതിരോധശേഷിയുണ്ടെന്നും അര്‍ബുദത്തെ വരെ തടയുമെന്നെല്ലാം പ്രചരിപ്പിക്കുന്നതും ശാസ്ത്രീയ അടിത്തറയില്ലാതെയാണ്. ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കു തടയിട്ട് രാജ്യത്തെ പാല്‍വിപണിയില്‍ നിര്‍ണായക ചലനങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ ഈ ഉത്തരവില്‍നിന്നാണ് ഇപ്പോള്‍ കേന്ദ്ര ഭക്ഷ്യസുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി പിന്നാക്കം പോയിരിക്കുന്നത്.
ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ എ2 പാല്‍, പാലുത്പന്ന വിലക്കിനെതിരേ എ2 പാല്‍ ലോബി നടത്തിയ നീക്കങ്ങളാവാം ഒരുപക്ഷേ ഉത്തരവ് അതിവേഗം പിന്‍വലിക്കുന്നതിന് കാരണമായത്.