പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് വൈക്കോല്‍ എത്തിക്കാന്‍ ധാരണ

പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് വൈക്കോല്‍ എത്തിക്കാന്‍ ധാരണ

മന്ത്രി ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പഞ്ചാബില്‍
Updated on
1 min read

കേന്ദ്ര സർക്കാരിന്റെ കിസാന്‍ റെയില്‍ പദ്ധതി ഉപയോഗപ്പെടുത്തി പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് വൈക്കോല്‍ എത്തിക്കാന്‍ ധാരണയായി. കാലിത്തീറ്റ, കോഴിത്തീറ്റ ധാതുലവണ മിശ്രിത (ഉല്‍പാദനവും വില്‍പനയും നിയന്ത്രിക്കല്‍ ബില്‍) നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണിയുടെ നേതൃത്വത്തില്‍ 21 അംഗ സംഘം പഞ്ചാബ് സന്ദർശിക്കുകയാണ്. പഞ്ചാബില്‍ വിജയകരമായി നടപ്പാക്കിയ നിയമമാണിത്. നിയമത്തിന്റെ പ്രായോഗിക വശങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുകയും പരസ്പര സഹകരണം ഉറപ്പാക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നുമായും, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലളിത് സിങ്ങ് ഭുല്ലാറുമായും നടത്തിയ ചര്‍ച്ചകള്‍ വിജയകരമായിരുന്നുവെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. കേരളത്തില്‍ ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഗുണമേന്മയുളള കാലിത്തീറ്റയുടെ ലഭ്യത കുറവും ഉയര്‍ന്ന വിലയുമാണ്. കന്നുകാലികള്‍ക്ക് നല്‍കുന്ന പച്ചപ്പുല്ലിന്റെയും വൈക്കോലിന്റയും ലഭ്യത കുറവ് കേരളത്തിന്റെ ക്ഷീര മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. പാല്‍ ഉല്‍പാദനത്തില്‍ പഞ്ചാബിന് പിറകിലുളള സംസ്ഥാനമാണ് കേരളം.

കാലിത്തീറ്റ-കോഴിത്തീറ്റ-ധാതുലവണ മിശ്രിതം എന്നിവയുടെ നിർമാണത്തില്‍ പരസ്പര സഹകരണം സാധ്യമാണെന്നും മന്ത്രി അറിയിച്ചു. ദേശീയതലത്തില്‍ ആളോഹരി പാല്‍, മുട്ട ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന പഞ്ചാബിലെ സന്ദര്‍ശനത്തിലൂടെ കേരളത്തിലെ ക്ഷീര മേഖലയ്ക്ക് ഉണര്‍വ് പകരുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in