തിരുവാതിര യാത്രയായി, പുണര്‍തത്തില്‍ പോത്തിന്‍പുറത്തും പുല്ല്

പുണര്‍തത്തില്‍ പോത്തിന്‍ പുറത്തും പുല്ലു മുളയ്ക്കും എന്നാണ് ചൊല്ല്. വിരുപ്പുകൃഷി നടക്കുന്ന നിലങ്ങളില്‍ രണ്ടാം കൃഷിയായ മുണ്ടകന്‍ ഞാറിടേണ്ട സമയമാണ് പൂയം ഞാറ്റുവേല.

നടീല്‍ കാലമെന്ന പേരില്‍ പ്രശസ്തി നേടിയ തിരുവാതിര ഞാറ്റുവേല വിടപറയുകയാണ്. ജൂണ്‍ 22 മുതല്‍ ജൂലൈ ആറുവരെ നീണ്ട പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേലയോടെയാണ് ജൂലൈ മാസത്തെ കാര്‍ഷിക കലണ്ടര്‍ ആരംഭിച്ചത്. ജൂലൈ ആറുമുതല്‍ 20 വരെ നീളുന്ന പുണര്‍തം ഞാറ്റുവേലയാണ് ജൂലൈ മാസത്തെ രണ്ടാമത്തെ ഞാറ്റുവേല. പുണര്‍തത്തില്‍ പോത്തിന്‍ പുറത്തും പുല്ലു മുളയ്ക്കുമെന്നാണ് ചൊല്ല്. അതുകൊണ്ട് തന്നെ കളകള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം.

മിഥുനം 21ന് തുടങ്ങി കര്‍ക്കിടകം നാലുവരെ നീളുന്ന ഈ ഞാറ്റുവേല അമര, ചതുരപ്പയര്‍ എന്നിവ നട്ടുപിടിപ്പിക്കാന്‍ പറ്റിയ സമയമാണ്. എപ്പോള്‍ നട്ടാലും ഇവ രണ്ടും കായ്ക്കുന്നത് അത്തം ഞാറ്റുവേലയിലാണെന്നതാണ് പ്രത്യേകത. വെറ്റില കൃഷി ചെയ്യാന്‍ പറ്റിയ സമയമാണിത്. സസ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ചെറുധാന്യമായ ചാമ വിളവെടുക്കുന്ന സമയം കൂടിയാണ് പുണര്‍തം ഞാറ്റുവേല.

പൂയത്തില്‍ നട്ടാല്‍ പുഴുക്കേട് എന്നൊരു ചൊല്ലുമുണ്ട്. നല്ല മഴയായതിനാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളതിനാല്‍ ഈ സമയത്ത് നടുന്ന വിളകളില്‍ കീടാക്രമണ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പാണിത്.

ജൂലൈ 20 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ നീളുന്ന പൂയം ഞാറ്റുവേലയോടെയാണ് ജൂലൈയിലെ കാര്‍ഷിക കലണ്ടര്‍ അവസാനിക്കുന്നത്. കര്‍ക്കിടകം നാല് മുതല്‍ 18 വരെ നീളുന്നതാണ് പൂയം ഞാറ്റുവേല. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് നെല്‍കൃഷി കാലങ്ങളാണ് കേരളത്തിലുള്ളതെന്ന് അറിയാമല്ലോ. ഇതില്‍ വിരുപ്പുകൃഷി നടക്കുന്ന നിലങ്ങളില്‍ രണ്ടാം കൃഷിയായ മുണ്ടകന്‍ ഞാറിടേണ്ട സമയമാണ് ഈ ഞാറ്റുവേല. വിരിപ്പുകായണം മുണ്ടകന്‍ മുങ്ങണം എന്നാണ് പ്രമാണം. വര്‍ഷത്തില്‍ രണ്ട് കൃഷി നടക്കുന്ന ഇരുപ്പൂ പാടങ്ങളില്‍ രണ്ടാം വിളയായി കൃഷിചെയ്യുന്നതാണ് മുണ്ടകന്‍. വിരിപ്പുകൃഷി കഴിഞ്ഞ പാടങ്ങളില്‍ രണ്ടാം കൃഷിയായാണ് മുണ്ടകന്‍ വിതയ്ക്കാറ്. സാധാരണ ചിങ്ങം, കന്നി മാസങ്ങളില്‍ അതായത് ഓഗസ്റ്റ് സെപ്റ്റംബറില്‍ തുടങ്ങി മകരമെത്തുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിളവെടുപ്പ് നടത്തുന്നതിനാല്‍ മകരക്കൃഷി എന്നും മുണ്ടകന്‍ അറിയപ്പെടുന്നുണ്ട്. ഓണം കണ്ട നെല്ലെന്നാണ് മുണ്ടകന്റെ മറ്റൊരു വിശേഷണം.

തെങ്ങ്, കവുങ്ങ്, ജാതി, കൊക്കോ തുടങ്ങിയ വിളകള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട കാലമാണ് പൂയം ഞാറ്റുവേല. ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, ചേന എന്നിവയ്ക്ക് വളം ചേര്‍ത്ത് മണ്ണിട്ടുകൊടുക്കണം. വെറ്റിലകൊടി നട്ടുപിടിപ്പിക്കാനും പറ്റിയ സമയമാണിത്. പൂയത്തില്‍ നട്ടാല്‍ പുഴുക്കേട് എന്നൊരു ചൊല്ലുമുണ്ട്. നല്ല മഴയായതിനാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളതിനാല്‍ ഈ സമയത്ത് നടുന്ന വിളകളില്‍ കീടാക്രമണ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പാണിത്. മഴപെയ്ത് എല്ലാം നശിക്കും എന്നര്‍ഥത്തില്‍ തൈപൂയം കുളിക്കും എന്നും പറയാറുണ്ട്.

ആയില്ല്യക്കള്ളന്‍ അകത്താണെങ്കില്‍ മുണ്ടകപ്പഞ്ച പുറത്ത് എന്നൊരു പഴഞ്ചൊല്ലുണ്ട്. ആയില്യം ഞാറ്റുവേലയില്‍ മഴ കള്ളനെപ്പോലെ ഓര്‍ക്കാപ്പുറത്ത് വരുമെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. പൂയം കഴിഞ്ഞുവരുന്ന ആയില്യം ഞാറ്റുവേലയെക്കുറിച്ചാണിത്. അതേക്കുറിച്ച് ഓഗസ്റ്റുമാസത്തെ ഞാറ്റുവേലയില്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in