രോഹിണിയും മകയിരവും പിന്നെ തിരിതെറുക്കുന്ന തിരുവാതിരയും

നിരവധി കാര്‍ഷിക പഴഞ്ചൊല്ലുകളില്‍ ഇടം നേടിയ രോഹിണി, മകയിരം, തിരുവാതിര ഞാറ്റുവേലകള്‍ വരുന്ന കാര്‍ഷിക കലണ്ടറിലെ അതിപ്രധാന മാസമാണ് ജൂണ്‍

കാര്‍ഷിക കലണ്ടറിലെ അതിപ്രധാന മാസമാണ് ജൂണ്‍. രോഹിണിയില്‍ പയര്‍ നട്ടാല്‍ വിളയും, മകയിരത്തില്‍ മതിമറന്നു പെയ്യും. മകയിരത്തില്‍ വിതച്ചാല്‍ മദിക്കും, മകയിരത്തില്‍ മാരി ചൊരിയും, തിരുവാതിരയില്‍ തിരി തെറുക്കും, 'തിരുവാതിരയില്‍ തിരിയില്‍ നിന്നും ഒഴുകും പോലെ' തുടങ്ങി നിരവധി കാര്‍ഷിക പഴഞ്ചൊല്ലുകളില്‍ ഇടം നേടിയ രോഹിണി, മകയിരം, തിരുവാതിര ഞാറ്റുവേലകള്‍ വരുന്ന കാര്‍ഷിക കലണ്ടറിലെ അതിപ്രധാന മാസമാണ് ജൂണ്‍.

കുരുമുളകു വള്ളികള്‍ നടുന്നതിനും കുരുമുളകു കൊടികള്‍ തിരിയിട്ട് കായാകുന്നതിനും പേരുകേട്ടതാണ് തിരുവാതിര ഞാറ്റുവേല. തിരുവാതിരയില്‍ തിരിമുറിയാതെ എന്നൊരു ചൊല്ലുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ യാതൊരു തടസവുമില്ലാതെ ഈ ഞാറ്റുവേലയില്‍ ലഭിക്കുന്നു എന്നതാണ് തിരിമുറിയാതെ എന്ന പ്രയോഗം കൊണ്ട് അര്‍ഥമാക്കുന്നത്. ഞാറ്റുവേലകളില്‍ ദൈര്‍ഘ്യമേറിയതാണ് തിരുവാതിര. ഒരു വര്‍ഷത്തെ 27 ഞാറ്റുവേലകളായാണ് പൂര്‍വീകര്‍ തിരിച്ചിരിക്കുന്നത്. സാധാരണ ഞാറ്റുവേലകള്‍ക്ക് 13.5 ദിവസം ദൈര്‍ഘ്യം വരുമ്പോള്‍, തിരുവാതിരയ്ക്ക് 14- 15 ദിവസമാണ് ദൈര്‍ഘ്യം. കുരുമുളകില്‍ തിരികള്‍ വീഴുന്നതും അവയില്‍ പരാഗണം നടക്കുന്നതും ഈ സമയത്താണ്. തിരുവാതിരയില്‍ പെയ്യുന്ന മഴവെള്ളത്തിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. അതിനാല്‍ വൈദ്യന്‍മാര്‍ ഈ വെള്ളം ശേഖരിച്ചു വച്ചിരുന്നു.

മേയ് 25 നു തുടങ്ങി ജൂണ്‍ എട്ടിന് അവസാനിക്കുന്ന രോഹിണി ഞാറ്റുവേലയോടെയാണ് ജൂണിലെ കാര്‍ഷിക കലണ്ടര്‍ ആരംഭിക്കുന്നത്.

മേയ് 25 നു തുടങ്ങി ജൂണ്‍ എട്ടിന് അവസാനിക്കുന്ന രോഹിണി ഞാറ്റുവേലയോടെയാണ് ജൂണിലെ കാര്‍ഷിക കലണ്ടര്‍ ആരംഭിക്കുന്നത്. കേരളത്തില്‍ വ്യാപകമായി ചെയ്യുന്ന പയര്‍കൃഷി ആരംഭിക്കുന്നത് മലയാള മാസം ഇടവം 11 മുതല്‍ 25 വരെ നീളുന്ന ഈ ഞാറ്റുവേലയിലാണ്. ഇടവപ്പാതി അഥവാ കാലവര്‍ഷം എത്തുന്ന സമയമാണ്. ഇടവപ്പാതി തടത്തിനുള്ളില്‍ പെയ്യണമെന്നാണ്. അതിനാല്‍ തെങ്ങിന് തടമെടുക്കേണ്ട സമയം കൂടിയാണിത്. നാടന്‍ വാഴ, കപ്പ, മധുരക്കിഴങ്ങ് എന്നിവ നടാന്‍ തയാറെടുപ്പുകള്‍ തുടങ്ങാം. ചെറുധാന്യങ്ങളില്‍ പ്രധാനിയായ റാഗി നടേണ്ടവര്‍ക്ക് നടാം. മൂപ്പുള്ള നെല്‍വിത്തിനങ്ങള്‍ പൊടിയായി വിതയ്ക്കാം. വിത്തുതേങ്ങയും അടയ്ക്കയും പാകാന്‍ പറ്റിയ സമയമാണിത്. മഴക്കാല പച്ചക്കറികള്‍ ഈ ഞാറ്റുവേലയുടെ തുടക്കത്തിലേ നടണം. മഴ ശക്തിപ്രാപിച്ചാല്‍ വിളകളുടെ വളര്‍ച്ച കുറയുമെന്നതിനാലാണിത്.

ഇടവം 25 മുതല്‍ മിഥുനം എട്ടുവരെ നീളുന്ന മകയിരം ഞാറ്റുവേലയില്‍ തെങ്ങിനും കവുങ്ങിനും തടമെടുത്ത് പച്ചില വളങ്ങള്‍ ചേര്‍ക്കാം.

ജൂണ്‍ എട്ടു മുതല്‍ 22 വരെ നീളുന്ന മകയിരം ഞാറ്റുവേലയാണ് ജൂണിലെ രണ്ടാമത്തെ ഞാറ്റുവേല. ഇടവം 25 മുതല്‍ മിഥുനം എട്ടുവരെ നീളുന്ന ഈ ഞാറ്റുവേലയില്‍ തെങ്ങിനും കവുങ്ങിനും തടമെടുത്ത് പച്ചില വളങ്ങള്‍ ചേര്‍ക്കാം. തെങ്ങും കവുങ്ങും നടാം. പച്ചക്കറികള്‍ക്ക് വളപ്രയോഗം നടത്താം. തോട്ടവിളകള്‍ക്കും വളം ചേര്‍ക്കാന്‍ പറ്റിയ സമയമാണിത്. മാവ്, പ്ലാവ്, ഞാവല്‍ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ പറ്റിയ സമയമാണിത്. കൈതച്ചക്കയും ഈ ഞാറ്റുവേലയില്‍ നടാം.

ജൂണ്‍ 22 മുതല്‍ ജൂലൈ അഞ്ചുവരെ നീളുന്ന പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേലയോടെയാണ് ജൂണിലെ കാര്‍ഷിക കലണ്ടര്‍ അവസാനിക്കുന്നത്. കുരുമുളകു കൊടികള്‍ നട്ടുപിടിപ്പിക്കാന്‍ പറ്റിയ സമയമാണിത്. കമ്പുകുത്തി പിടിപ്പിക്കുന്ന ഏതു സസ്യങ്ങളും ഈ ഞാറ്റുവേലയില്‍ നടാം. തിരുവാതിരയില്‍ വിരലൂന്നിയാലും മുളയ്ക്കും എന്നൊരു ചൊല്ലുണ്ട്. ഔഷധസസ്യങ്ങളും കാട്ടുമരങ്ങളും ഫലവൃക്ഷങ്ങളും തിരുവാതിരയില്‍ നടാം. മിഥുനം എട്ടു മുതല്‍ 21 വരെ നീളുന്ന തിരുവാതിരയില്‍ വിരിപ്പു നിലങ്ങളില്‍ മൂപ്പു കൂടിയ നെല്ലിനങ്ങള്‍ വിതയ്ക്കാം. കപ്പയും വാഴയും മധുരക്കിഴങ്ങും കൂര്‍ക്കയുമെല്ലാം നടാന്‍ പറ്റിയ സമയവുമാണ് തിരുവാതിര ഞാറ്റുവേല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in