കൃഷിയും ഞാറ്റുവേല കലണ്ടറും

കൃഷിയും ഞാറ്റുവേല കലണ്ടറും

സൂര്യന്റെ സഞ്ചാരവും കാലാവസ്ഥയും നോക്കി കൃഷി ക്രമീകരിക്കുന്നതാണ് ഞാറ്റുവേല
Updated on
2 min read

പലതരം കലണ്ടറുകളെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഞാറ്റുവേല കലണ്ടര്‍ എന്താണെന്ന് അറിയാമോ? ചുരുക്കം ചിലര്‍ക്കെങ്കിലും ഇത്തരമൊരു കലണ്ടറിനെ കുറിച്ച് അറിവുണ്ടാകും. സൂര്യന്റെയും ചന്ദ്രന്റയും ചലനമനുസരിച്ച് നമ്മുടെ പൂര്‍വീകര്‍ ചിട്ടപ്പെടുത്തിയ കാര്‍ഷിക കലണ്ടാറാണിത്. ഞാറ്റുവേലകള്‍ നോക്കി കൃഷി ചിട്ടപ്പെടുത്താന്‍ സംസ്ഥാന കൃഷി വകുപ്പ് തന്നെ ഈ കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രണ്ടര ഞാറ്റുവേലകള്‍ ചേരുന്നതാണ് ഒരു മലയാളമാസം

എന്താണീ ഞാറ്റുവേല?

ഞായറെന്നാല്‍ സൂര്യന്‍, വേലയെന്നാല്‍ സഞ്ചാരം, സൂര്യന്റെ സഞ്ചാരവും കാലാവസ്ഥയും നോക്കി കൃഷി, ക്രമീകരിക്കുന്നതാണ് ഞാറ്റുവേല. ഇനി ഈ ഞാറ്റുവേലകളെ എന്തുവിളിക്കുമെന്നല്ലേ? മലയാളമാസത്തിലെ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഭൂമി സൂര്യനെ വലം വയ്ക്കാനെടുക്കുന്ന ഒരു വര്‍ഷത്തെ 13.5 ദിവസങ്ങള്‍ വരുന്ന 27 ഞാറ്റുവേലകളായാണ് തരംതിരിച്ചിരിക്കുന്നത്. രണ്ടര ഞാറ്റുവേലകള്‍ ചേര്‍ന്നാല്‍ ഒരു മലയാള മാസമായി. മലയാള മാസത്തിലെ മേടം ഒന്നിനു തുടങ്ങി മീനം 30 ന് അവസാനിക്കുന്ന തരത്തിലാണ് കാര്‍ഷിക കലണ്ടര്‍ നീങ്ങുന്നത്.

സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒമ്പതുവരെയാണ് അത്തം ഞാറ്റുവേല

ഞാറ്റുവേല കലണ്ടറനുസരിച്ച് ഒക്ടോബര്‍ മാസം എന്തൊക്കെയാണ് ചെയ്യേണ്ടത് ?

അത്തം, ചിത്തിര, ചോതി ഞാറ്റുവേലകളാണ് ഒക്ടോബര്‍ മാസത്തിലുള്ളത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒമ്പതുവരെയാണ് അത്തം ഞാറ്റുവേല. ഈ ഞാറ്റുവേലയുടെ ആദ്യ മൂന്നുദിവസം നെല്ലു നട്ടാല്‍ വിളവു കുറയുമെന്നാണ്. അത്തം കഴിഞ്ഞാല്‍ പിന്നെ ജലലഭ്യത കുറവായതിനാലാണിത്. ഇരുപ്പൂ നെല്‍കൃഷിയില്‍ രണ്ടാം വിളയുടെ നടീല്‍ തുടങ്ങുന്നത് ഈ ഞാറ്റുവേലയിലാണ്. ജലലഭ്യത കുറവായ സ്ഥലങ്ങളില്‍ എള്ള്, മുതിര, ഉഴുന്ന്, മധുരക്കിഴങ്ങ് എന്നിവ നടാം. അത്തമുഖത്ത് എള്ളെറിഞ്ഞാല്‍ ഭരണിമുഖത്തെണ്ണ എന്നൊരു ചൊല്ലു തന്നെയുണ്ട്. അത്തം ഞാറ്റുവേലയുടെ മൂന്നാം ദിനത്തിനു ശേഷം നെല്ലുവിതച്ചാല്‍ നൂറുമേനി എന്നാണ്. ഓണത്തിന് കുലവെട്ടേണ്ട വാഴയും ഈ ഞാറ്റുവേലയില്‍ നടാം. തിരുവാതിരയില്‍ നട്ട കുരുമുളക് തൈകള്‍ താങ്ങുകാലുകളോടു ചേര്‍ത്തു കെട്ടുകയും വളം നല്‍കുകയുമാകാം. തെങ്ങിനുവളം ചേര്‍ത്ത് കൊത്തിക്കിളയ്ക്കണം. തുലാവര്‍ഷം കൊത്തിമൂടിയതിന് പുറത്ത് ചെയ്യണം എന്നൊരു ചൊല്ലുണ്ട്. കൊത്തിമൂടിയ തെങ്ങിന്‍ തടങ്ങളില്‍ വെള്ളരി, കക്കിരി എന്നിവയും അത്തം ഞാറ്റുവേലയില്‍ നടാം. ചതുരപയറും അമരയും പൂവിടാന്‍ ആലേചിക്കുന്ന സമയം കൂടിയാണിത്. വളം ചേര്‍ത്തുകൊടുക്കണം

ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ അഞ്ചുവരെയാണ് ചോതി ഞാറ്റുവേല.ചോതിയിലെ മഴ തോട്ടവിളകള്‍ക്കും നല്ലതാണ്

ഒക്ടോബറില്‍ വരുന്ന അടുത്ത ഞാറ്റുവേലയാണ് ചിത്തിരഞാറ്റുവേല. 10 നു തുടങ്ങുന്ന ഇത് 24 ന് അവസാനിക്കും. ഈ സമയം ഓണവാഴയെ നന്നായി പരിചരിച്ചാല്‍ പത്താംമാസം പഴമാകുമെന്നാണ്. ഓണത്തിന് കുലവെട്ടാനുള്ള വാഴ ഈ ഞാറ്റുവേലയുടെ ആദ്യം നടണമെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ചോതി കഴിഞ്ഞാല്‍ പിന്നെ ചോദ്യമില്ലെന്നാണ്. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ അഞ്ചുവരെയാണ് ചോതി ഞാറ്റുവേല. ഈ ഞാറ്റുവേലയ്ക്കു ശേഷം മഴകുറയും. ചോതി വര്‍ഷിച്ചാല്‍ ചോറിനു പഞ്ഞമില്ലെന്നൊരു പഴമൊഴിയുമുണ്ട്. ചോതിയിലെ മഴ തോട്ടവിളകള്‍ക്കും നല്ലതാണ്. ചേമ്പ്, ചേന, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ വിളവെടുത്തു തുടങ്ങുന്ന സമയം കൂടിയാണ് ചോതി.

logo
The Fourth
www.thefourthnews.in