രാസകൃഷി:കൃഷി വകുപ്പും ആസൂത്രണ ബോർഡും ഏറ്റുമുട്ടുന്നതെന്തിന് ?
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ആസൂത്രണ ബോർഡിന്റെ പദ്ധതി നയരേഖ ഒരു വകുപ്പ് തള്ളി. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കരട് രേഖ അംഗീകരിക്കാനാകില്ലെന്ന നിലപാട് കൃഷി വകുപ്പും മന്ത്രിയും ഔദ്യോഗികമായി ബോർഡിനെ അറിയിച്ചു. മന്ത്രിയും കാർഷിക വിദഗ്ധരും കർഷകരും ചേർന്ന് തയ്യാറാക്കിയ ഭാവി കാഴ്ചപ്പാട് രേഖയെ ഒരു തരത്തിലും മാനിക്കാതെ സമർപ്പിച്ച പദ്ധതിരേഖ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടാണ് വകുപ്പിന്റേത്.
ജൈവകൃഷി നയം, പ്രകൃതിദത്ത കൃഷി രീതികൾ , കാലാവസ്ഥ തുടങ്ങി കേരളത്തിലെ കൃഷിരീതിയെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ കാര്യങ്ങളെ കുറിച്ച് സൂചിപ്പിക്കാതെയുള്ള നിർദേശങ്ങൾ എങ്ങിനെ ഉൾക്കൊള്ളാനാവുമെന്നാണ് കൃഷിവകുപ്പിൻ്റെ ചോദ്യം. രാസവളപ്രയോഗം പരമാവധി കുറച്ചുകൊണ്ടുവരികയെന്ന സർക്കാർ ലക്ഷ്യത്തിന് നേർവിപരീത നിർദേശങ്ങളാണ് ബോർഡ് കരട് നയരേഖയിൽ പറയുന്നതെന്നും കൃഷി വകുപ്പ് പറയുന്നു.
രാസവള രഹിത കൃഷി യുക്തിരേഖമെന്ന് ആസൂത്രണ ബോർഡ്
രാസരഹിത കൃഷി യുക്തിരഹിതമാണെന്നും, ഇത് കൃഷിയിൽ രാസവസ്തുക്കളുടെ അമിത ഉപയോഗത്തിനും ദുരുപയോഗത്തിനും സമമാണെന്നും അതുകൊണ്ട് തന്നെ യുക്തിരഹിതമാണെന്നും ആസൂത്രണ ബോർഡിന്റെ നയരേഖയിൽ പറയുന്നു.
കാർഷിക ഉൽപാദനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതിൻ്റെ ആവശ്യകത സൂചിപ്പിക്കുമ്പോഴും, ജൈവ - പ്രകൃതി കൃഷി, പരിസ്ഥിതി, കാലാവസ്ഥ തുടങ്ങിവയെ കുറിച്ചെല്ലാം മൗനം പാലിക്കുകയാണ് പദ്ധതിരേഖയെന്ന് വിമർശകർ പറയുന്നു ആധുനികവും ഉത്തരവാദിത്തപൂർണവുമായ കൃഷി വിപുലീകരണത്തിലൂടെയാവണം അമിത രാസവള പ്രയോഗത്തെ തടയേണ്ടതെന്നും നിർദേശങ്ങളിലുണ്ട്. ആധുനികമായ കൃഷി രീതി മാത്രം സ്വീകരിക്കുന്നതിലോടെ സംസ്ഥാനം നടപ്പാക്കി വരുന്ന ജൈവകൃഷി പ്രോത്സാഹന നടപടികളെ പൂർണമായും കരട് രേഖ തള്ളിക്കളയുകയാണെന്ന് കൃഷി വകുപ്പും പറയുന്നു
രാസരഹിത കൃഷിയും രാസവസ്തുക്കളുടെ അമിത ഉപയോഗവും തുല്യമാണെന്ന നയരേഖ ആസൂത്രണ ബോർഡിന് എങ്ങിനെ മുന്നോട്ട് വയ്ക്കാൻ കഴിയുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ധർ ഉന്നയിക്കുന്ന ചോദ്യം. സംസ്ഥാനത്തിന്റെ മുൻഗണന എന്തൊക്കെയാകണമെന്ന് സർക്കാർ നയങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട വിഷയമാണ്. കാർഷിക മേഖലയിലെ സർക്കാർ നയങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ, ഭാവിയെ മുന്നിൽ കാണാതെ രൂപപ്പെടുത്തിയ പദ്ധതിരേഖയാണ് ആസൂത്രണ ബോർഡിന്റേതെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങളും ആശങ്കകളും ഇവയാണ്
1. കേരളത്തിൽ ജൈവകൃഷി രീതി സർക്കാർ പ്രോത്സാഹിപ്പിക്കുയും കർഷകർ അതിലേക്ക് ആകൃഷ്ടരാവുകയും ചെയ്യുന്നതാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള പ്രവണത. ജൈവകൃഷി അധിഷ്ഠിത കാർഷിക സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുന്നത് സർക്കാർ നയമായിരിക്കെ, അടുത്ത അഞ്ച് വർഷത്തേക്ക് രൂപപ്പെടുത്തുന്ന പദ്ധതിരേഖയിൽ അതിന്റെ സാധ്യതകളെ കുറിച്ചോ വരുത്തേണ്ട പുരോഗതിയെ കുറിച്ചോ പരാമർശിക്കാത്തത് നീതീകരിക്കാനാവില്ല.
2. ഒരേ വാചകത്തിൽ രാസരഹിത കൃഷിയേയും രാസവസ്തുക്കളുടെ അമിത ഉപയോഗത്തേയും താരതമ്യപ്പെടുത്താൻ ആസൂത്രണ ബോർഡിന് സാധിക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. രാസരഹിത കൃഷി എന്ന പ്രയോഗത്തിലൂടെ, പ്രകൃതിദത്തവും ജൈവപരവുമായ എല്ലാ കൃഷി സാധ്യതകളേയും തള്ളിക്കളയുകയാണ്. ജൈവകൃഷി വിജയമാണെന്ന് കേരളത്തിലെ കർഷകർ തെളിയിച്ചതും രാസകൃഷി ഐക്യരാഷ്ട്രസഭ പോലും തള്ളിക്കളഞ്ഞതാണെന്നും ഓർക്കേണ്ടതാണ്.
3. അഗ്രോ ഇക്കോളജി ഫാമിംഗെന്ന വിശാല അർഥത്തിന് കീഴിൽ കേരളത്തിലും ഇന്ത്യയിലാകെയും പ്രാദേശികമായും പരമ്പരാഗതമായും കർഷകർ ഉപയോഗപ്പെടുത്തുന്ന വിവിധ കൃഷിരീതികളുണ്ട്. അവയെ കുറിച്ചൊന്നും പദ്ധതിരേഖയിൽ വാക്കാൽ പോലും പരാമർശമില്ല.
4. കേരളം കടന്നുപോകുന്ന പാരിസ്ഥിതിക സാഹചര്യത്തെ പോലും പദ്ധതിരേഖ തയ്യാറാക്കിയവർ അഭിസംബോധന ചെയ്തിട്ടില്ല. ഓഖി, പ്രളയം , ഉരുൾപൊട്ടൽ തുടങ്ങി നിരവധി പാരിസ്ഥിതിക പ്രതിസന്ധികളിലൂടെ കേരളം കടന്നുപോയത് കഴിഞ്ഞ പഞ്ചവത്സര പദ്ധതി കാലത്താണ്. അതിനാൽ തന്നെ ഭാവിയിലേക്കുള്ള പദ്ധതിരേഖ തയ്യാറാക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനം, തീരദേശ പ്രതിസന്ധി, മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയൊന്നും അഭിസംബോധന ചെയ്യാത്തത് നിരാശ സൃഷ്ടിക്കുന്നു. കാർബൺ ന്യൂട്രൽ സംസ്ഥാനത്തിലേക്കുള്ള കേരളത്തിന്റെ യാത്രയെ കുറിച്ച് രേഖയിൽ പരാമർശം പോലുമില്ല.
സംസ്ഥാന സർക്കാരിന്റെ ജൈവകൃഷി നയം
2010ലാണ് സംസ്ഥാനത്ത് ജൈവകൃഷി നയം രൂപപ്പെടുത്തുന്നത്. 2016ൽ വി എസ് സുനിൽകുമാർ കൃഷിമന്ത്രിയായിരിക്കെ ജൈവകൃഷി ശാസ്ത്രീയ അടിത്തറയിൽ പുനഃസംഘടിപ്പിച്ചു. പൂർണമായും രാസവള അധിഷ്ഠിതമായിരുന്ന കാർഷിക സർവകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസ് (POP) കൃഷി വകുപ്പ് പൊളിച്ചെഴുതി.
ജൈവവള അധിഷ്ഠിതമായി 2016- 17 കാലഘട്ടത്തിൽ ഓർഗാനിക് POP ആവിഷ്കരിച്ചു. മണ്ണിന്റെ സ്വഭാവവും ഘടനയും ജൈവസ്വഭാവവും ജലലഭ്യതയും അടിസ്ഥാനമാക്കി കേരളത്തിലെ കൃഷിമേഖല അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളാക്കി (AEZ) തിരിച്ചായിരുന്നു ഇത്. ഓരോ മേഖലയ്ക്കും കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനായി അവയെ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളാക്കി (AEU) തരംതിരിച്ചു.
23 യൂണിറ്റുകളിലും പ്രദേശത്തെ മണ്ണിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള പാക്കേജ് ഓഫ് പ്രാക്ടീസാണ് ആവിഷ്കരിച്ചത്. മണ്ണിന്റെ ആരോഗ്യം നിലനിർത്തികൊണ്ട് ശാസ്ത്രീയമായി ജൈവകീടാണു സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് ആദ്യം ചെയ്തത്. ഇന്ത്യയിലാദ്യമായി കേരളമാണ് ഇതാവിഷ്കരിച്ചത്.
രാസവള ഉപയോഗം പരമാവധി ഒഴിവാക്കി മണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ശാസ്ത്രീയ നീക്കങ്ങൾ കൃഷിഭവനുകൾ മുഖേന പ്രായോഗികമാക്കി. ഉൽപാദനം ഒട്ടും കുറയ്ക്കാതെ ഇത് നടപ്പാക്കാനായി എന്നതാണ് വിജയം. ഒപ്പം കൃഷിയിലെ ശത്രുകീടങ്ങളെ തുരത്താൻ മിത്ര കീടങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ICR നയവും നടപ്പാക്കി.
പാരസൈറ്റ് ബ്രീഡിങ്ങ് എല്ലാ ബ്ലോക്കിലും ഉറപ്പാക്കാനുള്ള നടപടികളും ഉറപ്പാക്കി. കീടനാശിനി ഉപയോഗം ശാസ്ത്രീയവും കൃഷി വകുപ്പിന്റെ നിർദേശപ്രകാരവും മാത്രമാകണമെന്ന നിയന്ത്രണവും നിലവിൽ കേരള ജൈവകൃഷി നയത്തിന്റെ ഭാഗമാണ് .കേന്ദ്ര സർക്കാരിന്റെ 'ഭാരതീയ പ്രകൃതി കൃഷി പദ്ധതി'യുടെ ഫണ്ട് ഉപയോഗപ്പെടുത്തി കേരളം അതിന്റേതായ ആധുനിക കൃഷി വ്യവസ്ഥ തന്നെയും രൂപപ്പെടുത്തി.
വ്യക്തമായി തയ്യാറാക്കിയ ഈ നയങ്ങളുടെ അടിസ്ഥാനത്തിലാണ് 2020-21മുതൽ കേരളത്തിന്റെ കാർഷിക നയം മുന്നോട്ട് കൊണ്ടുപോകുന്നത്. ശാസ്ത്രീയ കൃഷി എന്നത് രാസവളം ഉപയോഗിച്ച് മാത്രം സാധ്യമാകുന്ന ഒന്നല്ല എന്ന് തെളിയിച്ച ഇടപെടലായിരുന്നു കേരളത്തിന്റേതെന്ന് മുൻ കൃഷിമന്ത്രി വി എസ് സുനിൽ കുമാർ പറയുന്നു. ഉൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കിയ ഈ കൃഷി രീതി കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുകയും അത് വിജയമാകുകയും ചെയ്തു. 'ഭക്ഷ്യസുരക്ഷ' ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാസവള ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്നതെങ്കിൽ, 'ഭക്ഷ്യസുരക്ഷയ്ക്കൊപ്പം സുരക്ഷിത ഭക്ഷണം' എന്നതാണ് കേരളത്തിന്‍റെ ജൈവ കാര്‍ഷിക നയത്തിന്‍റെ ലക്ഷ്യം. ഇത് പാടെ അട്ടിമറിക്കുന്നതാണ് ആസൂത്രണ ബോര്‍ഡ് പദ്ധതി രേഖയെന്നും അദ്ദേഹം പറയുന്നു.