കാലം നോക്കിയേ വേല തുടങ്ങാവൂ; ഞാറ്റുവേലയിലെ ഡിസംബർ വിശേഷങ്ങൾ
കൃഷി പലതരമാണ്. കാടിനു തീയിട്ടശേഷം ചെയ്യുന്ന പുനംകൃഷി, പറമ്പുകളിലെ കൃഷിയായ മോടന്‍ കൃഷി, പാടങ്ങളില്‍ ചെയ്യുന്ന ഒരുപ്പൂ, ഇരുപ്പൂ കൃഷികള്‍, കുട്ടനാട്ടിലെയും കോള്‍ നിലങ്ങളിലെയും പുഞ്ചകൃഷി, ഉപ്പുള്ള നിലങ്ങളിലെ പൊക്കാളി കൃഷി തുടങ്ങി വിവിധ പേരുകളിലാണ് പഴമക്കാരുടെ കൃഷി അറിയപ്പെട്ടിരുന്നത്. കര്‍ഷകന്റെ കാലബോധമായിരുന്നു ഇതിനു പിന്നില്‍. കാലം നോക്കിയേ വേല തുടങ്ങാവൂ, കാലം നോക്കി കൃഷി, മേളം നോക്കിച്ചാട്ടം, കാലം പിഴച്ചാല്‍ എല്ലാം പിഴച്ചു തുടങ്ങിയ പഴമക്കാരുടെ മൊഴികള്‍ കൃഷിക്കൊപ്പം കൃഷിചെയ്യുന്ന കാലത്തിനുള്ള പ്രാധാന്യവും ഓര്‍മിപ്പിക്കുന്നവയാണ്.
ഡിസംബര്‍ രണ്ടു മുതല്‍ 16 വരെയുള്ള തൃക്കേട്ട, 16 മുതല്‍ 29 വരെയുള്ള മൂലം, 29 മുതല്‍ 2023 ജനുവരി 11 വരെ നീളുന്ന പൂരാടം എന്നിവയാണ് ഡിസംബറിലെ ഞാറ്റുവേലകള്‍. തൃക്കേട്ട പുഞ്ച എന്ന ചൊല്ല് പ്രശസ്തമാണ്. കായല്‍ നിലങ്ങളിലും കോള്‍ നിലങ്ങളിലും പുഞ്ചകൃഷി ആരംഭിക്കുന്നത് തൃക്കേട്ട ഞാറ്റുവേലയിലാണ്. കേരളത്തിന്റെ പരമ്പരാഗത കൃഷി രീതികളില്‍ മൂന്നാം വിളയാണ് പുഞ്ച. കണ്ണൂരില്‍ താവുഞ്ച എന്നും കാസര്‍ഗോഡ് കൊളക്കേ എന്നുമാണ് ഇതറിയപ്പെടുന്നത്.
രണ്ടാംവിളയായി വിരിപ്പു നെല്‍കൃഷി ചെയ്യുന്ന പാടങ്ങളിലിത് കൊയ്ത്തു കാലം കൂടിയാണ്.
ഡിസംബര്‍ 16 മുതല്‍ 29 വരെ നീളുന്ന മൂലം ഞാറ്റുവേല വേനല്‍ക്കാല പച്ചക്കറികൃഷിക്കൊരുങ്ങാനും ശീതകാല പച്ചക്കറി കൃഷി ചെയ്യാനുമുള്ള സമയം കൂടിയാണ്. രണ്ടാം കൃഷി നടന്ന പാടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞാല്‍ ഈര്‍പ്പം കുറയുന്നതനുസരിച്ച് പച്ചക്കറി കൃഷി തുടങ്ങാം. വിളവു കൂട്ടാന്‍ മണ്ണ് വെയില്‍ കൊള്ളിക്കുന്നത് നല്ലതാണ്. വെള്ളരി, മത്തന്‍, കുമ്പളം, ചീര, വെണ്ട, കയ്പ, പീച്ചില്‍, കക്കിരി തുടങ്ങിയവയെല്ലാം കൃഷി ചെയ്യാന്‍ പറ്റിയ സമയമാണ്. മത്തനും കുമ്പളവും വെള്ളരിയും ജൈവരീതിയില്‍ വിളയിച്ചാല്‍ ഒരു വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം. നല്ല വായൂ പ്രവാഹമുള്ളയിടങ്ങളില്‍ വാഴനാരോ ഓലയോ ഉപയോഗിച്ച് ഇവ കെട്ടിത്തൂക്കിയാല്‍ പ്രകൃതി ദത്തമായി സംരക്ഷിക്കാം. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ എള്ള്, ഉഴുന്ന്, മുതിര, പയര്‍ എന്നിവ വിതയ്ക്കാം. ജലലഭ്യമാക്കിയാല്‍ കപ്പ മുരക്കിഴങ്ങ് എന്നിവയും കൃഷിയിറക്കാന്‍ പറ്റിയ സമയമാണ്.
ഡിസംബര്‍ 29 നു തുടങ്ങി ജനുവരി 11 അവസാനിക്കുന്ന പൂരാടം ഞാറ്റുവേലയോടുകൂടി അടുത്തവര്‍ഷത്തെ കൃഷിയിലേക്കു കൂടി പ്രവേശിക്കുകയാണ് മലയാളക്കര. പച്ചക്കറികളും ധാന്യങ്ങളും ജലലഭ്യത ഉറപ്പാക്കി കൃഷിചെയ്താല്‍ നൂറുമേനി കൊയ്യാം.