കുറഞ്ഞ ചെലവില്‍ എങ്ങനെ ക്ഷീര സംരംഭം വിജയിപ്പിക്കാം; അറിയാം പാല്‍ വരുന്ന വഴി
കരസ്പര്‍ശമേല്‍ക്കാതെ പായ്ക്കറ്റുകളിലാക്കിയാണ് അന്നാസ് സ്വിസ് ഫാമിലെ പാല്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. കുറഞ്ഞ ചെലവില്‍ എങ്ങനെ ഒരു ക്ഷീരസംരംഭം വിജയിപ്പിക്കാമെന്ന് ക്ഷീരകര്‍ഷകനായ സെബിയില്‍ നിന്നു പഠിക്കാം.
രാവിലെ ഒരു ചായ കുടിച്ചില്ലെങ്കില്‍ ഒരുഷാറില്ല അല്ലേ? എന്നാല്‍ നമ്മെയൊക്കെ ചായകുടിപ്പിക്കാന്‍ ഒരു ക്ഷീരകര്‍ഷകന്‍ എത്ര മണിക്കെഴുന്നേല്‍ക്കണം. ചിന്തിച്ചിട്ടുണ്ടോ ? നാമെല്ലാം നല്ലൊരു ഉറക്കത്തിലേക്കു വഴുതി വീഴുന്ന പുലര്‍ച്ചേ രണ്ടിനു തന്നെ പല പശു ഫാമുകളിലും ജോലി ആരംഭിക്കും. ക്ഷീരകര്‍ഷകന്റെ ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ അറിയാനായി സെബിയുടെ ഫാമിലാണ് ഞങ്ങളെത്തിയത്.
ചെലവു കുറച്ച് തന്റെ ക്ഷീരസംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന ക്ഷീരകര്‍ഷകനാണ് തൃശൂര്‍ അഷ്ടമിച്ചിറ പഴയാറ്റില്‍ സെബി. ഇദ്ദേഹത്തിന്റെ അന്നാസ് സ്വിസ് ഫാമില്‍ പുലര്‍ച്ചെ രണ്ടിന് തന്നെ ജോലികള്‍ ആരംഭിക്കും. കൂട്ടിന് കുറച്ച് അയല്‍സംസ്ഥാന തൊഴിലാളികളുമുണ്ട്. ഇരുപത് കറവ പശുക്കളും കിടാരികളും പോത്തുകളും എരുമയുമൊക്കെ ചേര്‍ന്നതാണ് ഫാം. ദിവസം 200 ലിറ്റര്‍ പാലാണ് ഉത്പാദനം. ഇത് തൊഴുത്തില്‍ നിന്നു തന്നെ കവറുകളിലാക്കി ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നു എന്നതാണ് ഈ ഫാമിനെ വ്യത്യസ്തമാക്കുന്നത്.
സൊസൈറ്റികളില്‍ പാലളക്കുന്ന കര്‍ഷകന് ലിറ്ററിന് പരമാവധി 38 രൂപ വരെയാണ് ലഭിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്നതിനാല്‍ സെബിക്ക് ലിറ്ററിന് 54 രൂപ വരെ ലഭിക്കുന്നു. കറവയന്ത്രം ഉപയോഗിച്ചാണ് പാല്‍ കറക്കുന്നത്. ഇത് കൈതൊടാതെ പാക്കറ്റിലാക്കാന്‍ ചെറിയൊരു പാക്കിംഗ് യൂണിറ്റും ഇവിടെയുണ്ട്. 20,000 രൂപയാണ് ഇതിന്റെ നിര്‍മാണച്ചെലവ്. സ്‌കൂട്ടറിലാണ് പായ്ക്കറ്റു പാല്‍ വീടുകളിലെത്തിക്കുന്നത്. ഇതിന് രണ്ടു വിതരണക്കാരുമുണ്ട്. ചെലവുകുറയ്ക്കാന്‍ പനയോല ഉപയോഗിച്ചാണ് തൊഴുത്തു മേഞ്ഞിരിക്കുന്നത്. ഇതിനു മുകളില്‍ വെള്ള യു വി ഷീറ്റും വിരിച്ചിട്ടുണ്ട്. ഇതിനാല്‍ വെള്ളം നേരിട്ടു പതിച്ച് ഓലകള്‍ ഉറയില്ല. തൊഴുത്തില്‍ എപ്പോഴും തണുപ്പ് നിലനിര്‍ത്താനുമാകും. ചൂടെന്നാല്‍ പശുക്കള്‍ക്ക് പിരിമുറുക്കമാണ്. ചെലവു കുറയ്ക്കുകയെന്നാല്‍ ലാഭം തുടങ്ങിയെന്നാണെന്നും സെബി പറയുന്നു.
നാടന്‍ പുല്ലും പുല്‍തകിടികളും
പരമാവധി നാടന്‍ പുല്ലുകള്‍ ഉള്‍പ്പെടുത്തിയാണ് പശുക്കളുടെ തീറ്റക്രമീകരിക്കുന്നത്. കറവയില്ലാത്ത പശുക്കളെയും എരുമകളെയും രാവിലെ സമീപത്തെ പുല്‍തകിടികളില്‍ മേയാന്‍ വിടും.
ഓരോ പശുക്കള്‍ക്കും പേരുണ്ട്, പ്രത്യേക ഫയലും. ഇവയേക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഇതില്‍ രേഖപ്പെടുത്തുന്നു. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ബീജമാണ് കൃത്രിമ ബീജാദാനത്തിന് ഉപയോഗിക്കുന്നത്. ഫാമിലെ പശുക്കുട്ടികളെ തന്നെ വളര്‍ത്തി വലുതാക്കുന്ന രീതിയാണിവിടെ. രാവിലെ കറവ പശുക്കളുടെ ചാണകം പുരണ്ട ഭാഗം മാത്രം കഴുകി, തൊഴുത്ത് വൃത്തിയാക്കി, പശുക്കള്‍ക്ക് പുല്ലും നല്‍കിയ ശേഷമാണ് കറവ ആരംഭിക്കുക. ചാഫ് കട്ടറില്‍ അരിഞ്ഞശേഷം പുല്ലു നല്‍കുന്നതിനാല്‍ ഇത് പശുക്കള്‍ പാഴാക്കുന്നില്ല. കാലിത്തീറ്റയും നിശ്ചിത അളവില്‍ നില്‍കും. സര്‍ക്കാരിന്റെ മാതൃകാ കൃഷിത്തോട്ടം കൂടിയായ ഇവിടെയെത്തുന്ന കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട് സെബി.
കൂടുതൽ വിവരങ്ങൾക്ക് കർഷകനെ നേരിട്ട് വിളിക്കാം ഫോണ്‍ നമ്പർ : 96059 00838