തേനീച്ചകള്‍
തേനീച്ചകള്‍

തേനീച്ചകൾ അതി ബുദ്ധിമാൻന്മാരെന്ന് പുതിയ പഠനം

കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും ബുദ്ധിയുള്ളവരാണ് തേനീച്ചകളെന്ന് ശാസ്ത്രലോകം
Updated on
2 min read

മനുഷ്യന് എന്നും ജിജ്ഞാസയും കൗതുകവും ഉണര്‍ത്തിയിട്ടുള്ള ജീവിവര്‍ഗമാണ് തേനീച്ചകള്‍. ഇവയുടെ സവിശേഷമായ ജീവിതരീതിയാണ് ഈ കൗതുകത്തിന് അടിസ്ഥാനം. ഇപ്പോഴിതാ തേനീച്ചകളെ കുറിച്ചുള്ള പുതിയ പഠനഫലം ശാസ്ത്രലോകത്ത് സജീവ ചര്‍ച്ചയാവുകയാണ്. ഇതര പ്രാണിവര്‍ഗങ്ങളെ അപേക്ഷിച്ച് തേനീച്ചകള്‍ ബുദ്ധിശക്തിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നാണ് കണ്ടെത്തൽ. തേനീച്ചകളുടെ ഐക്യു പരിശോധാനാ ഫലങ്ങളാണ് ശാസ്ത്രജ്ഞരില്‍ ഒരേ സമയം അദ്ഭുതവും കൗതുകവും ഉണ്ടാക്കുന്നത്.

ബോധപൂര്‍വമായി തേനീച്ചകള്‍ പല പ്രവൃ‍ത്തികളും ചെയ്യുന്നുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് പഠനം നടത്തിയ ലണ്ടൻ ക്യൂന്‍ മേരി സർവകലാശാലയിലെ സെന്‍സറി ആന്‍ഡ് ബിഹേവിയറല്‍ ഇക്കോളജി പ്രഫസറായ ലാര്‍സ് ചിറ്റ്ക പറയുന്നു. ഒരു തേനീച്ച വിജയകരമായി പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ മറ്റ് തേനീച്ചകള്‍ കണ്ടുപഠിക്കും. അങ്ങനെ ഒരു കൂട്ടം തേനീച്ചകള്‍ ഒരു ജോലി വേഗത്തില്‍ പഠിച്ചെടുക്കുന്നു. 30 വര്‍ഷമായി തേനീച്ചകളെ കുറിച്ച് പഠിക്കുന്ന ചിറ്റ്ക, ഈ രംഗത്തെ വിദഗ്ധരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ 'ദി മൈന്‍ഡ് ഓഫ് എ ബീ' എന്ന പുസ്തകത്തിലാണ് തേനീച്ചകള്‍ക്ക് അതീവ ബുദ്ധിശക്തിയും, കഴിവുകളും ഉണ്ടെന്നും, ഓരോ ഈച്ചക്കും തികച്ചും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുണ്ടെന്നും പറയുന്നത്. പൂക്കളെയും മനുഷ്യ മുഖങ്ങളെയും ഇവയ്ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും പുസ്തകത്തില്‍ പറയുന്നു.

 മൈന്‍ഡ് ഓഫ് എ ബീ
മൈന്‍ഡ് ഓഫ് എ ബീ

ഏറെ വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ചിറ്റ്ക ഇങ്ങനെയൊരു പഠനം പൂര്‍ത്തിയാക്കിയത്. തേനീച്ചകള്‍ തമ്മിലുളള മനഃശാസ്ത്രപരമായ വ്യത്യസ്തത, അവയുടെ സ്വഭാവ സവിശേഷതകളെ കുറിച്ചുളള പഠനം, പഠനത്തിന് പിന്നിലെ ആകര്‍ഷകമായ അനുഭവം എന്നിവ അദ്ദേഹം പുസ്തകത്തില്‍ വിശദീകരിക്കുന്നു.

ഒരു തേനിച്ച വിജയകരമായി പൂര്‍ത്തികരിച്ച പ്രവ‍ൃത്തികള്‍ മറ്റ് തേനിച്ചകള്‍ കണ്ടുപഠിക്കും, അങ്ങനെ ഒരു കൂട്ടം തേനീച്ചകള്‍ ഒരു ജോലി വേഗത്തില്‍ പഠിച്ചെടുക്കുന്നു.

തേനീച്ചകളുടെ മായാലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന ചിറ്റ്ക, അവയുടെ ചെറിയ നാഡീവ്യൂഹങ്ങളില്‍ എത്രമാത്രം സങ്കീര്‍ണമായ വസ്തുക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ തേനീച്ചയുടെ തലച്ചോറ് വ്യത്യസ്തമാണെന്ന് വിശദീകരിക്കുന്നു.

കൃത്യമായ പരിശീലനങ്ങളിലൂടെ ഒരു മനുഷ്യന്റെ മുഖം തിരിച്ചറിയാന്‍ ഒരു ഡസന്‍ മുതല്‍ രണ്ട് ഡസന്‍ പരിശീലന സെഷനുകള്‍ മാത്രമേ തേനീച്ചയ്ക്ക് ആവശ്യമുളളു. അത്ര എളുപ്പമെന്ന് സാരം. ചില തേനിച്ചകള്‍ക്ക് മറ്റുളളവരെ അപേക്ഷിച്ച് ജിജ്ഞാസും ആത്മവിശ്വാസവും കൂടുതലാണ്, ഇത്തരം തേനീച്ചകളാണ് കൂട്ടത്തിലെ ജീനിയസ്.

മാന്‍ വേഴ്‌സസ് ബീ
മാന്‍ വേഴ്‌സസ് ബീ

മനുഷ്യർക്ക് സമാനമായി ചിന്തിക്കാൻ‍ തേനീച്ചകൾക്കും കഴിയുമെന്ന് തെളിയിക്കുന്നതിന് നടത്തിയ ഒരു പരീക്ഷണം ഇപ്രകാരമാണ്. ഒരു പൂവില്‍ തേന്‍ ശേഖരിക്കുന്നതിനായി ഇറങ്ങുന്നതിനിടയില്‍ അവ ചിലന്തിവലയില്‍ പെട്ടുപോയി. അതിന് ശേഷം കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അവ പൂക്കളില്‍ ഇറങ്ങാറുളളൂ. ദിവസങ്ങള്‍ക്ക് ശേഷവും അവ ഉത്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. ഒരുതരം പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍ പോലെയാണ് ഇതെന്ന് ചിറ്റ്ക പറയുന്നു. മനുഷ്യന്റെതിന് സമാനമായ ഇന്ദ്രിയാനുഭവങ്ങൾ ഉള്ള ജീവിവര്‍ഗമാണ് തേനീച്ചകള്‍ എന്നത് സമാനമായ നിരവധി പരീക്ഷണങ്ങളിലൂടെ ചിറ്റ്കയ്ക്ക് ഉറപ്പിക്കാനായി.

logo
The Fourth
www.thefourthnews.in