മാറാപ്പനി മുതല്‍ നിത്യവന്ധ്യത വരെ; ബ്രൂസല്ല മനുഷ്യരിലും മാരകം

മാറാപ്പനി മുതല്‍ നിത്യവന്ധ്യത വരെ; ബ്രൂസല്ല മനുഷ്യരിലും മാരകം

വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരക പകര്‍ച്ചവ്യാധിയായ ബ്രൂസല്ല രോഗത്തിനെതിരേ കരുതല്‍ വേണമെന്ന് വിദഗ്ധര്‍, തടയാന്‍ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം മേയ് 15 മുതല്‍ 19 വരെ
Updated on
2 min read

വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരക പകര്‍ച്ചവ്യാധിയായ ബ്രൂസല്ല രോഗത്തിനെതിരെ കരുതല്‍ വേണമെന്നു വിദഗ്ധര്‍. ഇന്ത്യയില്‍ കന്നുകാലികള്‍ക്കിടയില്‍ ബ്രൂസെല്ലോസിസ് രോഗനിരക്ക് ഉയരുന്നെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രോഗബാധയേറ്റാല്‍ മൃഗങ്ങളെ ദയാവധം ചെയ്യുക മാത്രമാണ് ഏക പോംവഴി. പേവിഷബാധ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ജന്തുജന്യരോഗമാണ് ബ്രൂസെല്ലോസിസ്. പശു, ആട്, പന്നി, നായ തുടങ്ങിയവയിലാണ് അധികവും കാണപ്പെടുന്നത്. ബ്രൂസെല്ല ബാക്ടീരിയകളാണ് രോഗകാരി. ബ്രൂസല്ല അബോര്‍ട്ടസ് എന്ന രോഗാണുവാണ് പശുക്കളില്‍ രോഗമുണ്ടാക്കുന്നത്.

ഗര്‍ഭാശയത്തില്‍ തന്നെ ചത്തതോ, ആരോഗ്യം തീരെ കുറഞ്ഞതോ ആയ കിടാക്കളുടെ ജനനം, മറുപിള്ള പുറന്തള്ളാതിരിക്കല്‍, ഗര്‍ഭാശയത്തില്‍ വീക്കം, പഴുപ്പ് എന്നിവയെല്ലാം ബ്രൂസെല്ലോസിസിന്റെ ഭാഗമാണ്

വന്ധ്യതയും ഉത്പാദനക്കുറവും

ബ്രൂസല്ലോസിസ് രോഗബാധയേറ്റുള്ള മരണനിരക്ക് പശുക്കളില്‍ കുറവാണ്. എന്നാല്‍, ഇതുമൂലമുണ്ടാകുന്ന വന്ധ്യതയും ഉത്പാദന കുറവുമെല്ലാം കനത്ത നഷ്ടത്തിന് കാരണമാകും. പശുക്കളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ (6-9) ഗര്‍ഭമലസുന്നത് ബ്രൂസല്ലോസിസിന്റെ പ്രധാന ലക്ഷണമാണ്. ഗര്‍ഭാശയത്തില്‍ തന്നെ ചത്തതോ, ആരോഗ്യം തീരെ കുറഞ്ഞതോ ആയ കിടാക്കളുടെ ജനനം, മറുപിള്ള പുറന്തള്ളാതിരിക്കല്‍, ഗര്‍ഭാശയത്തില്‍ വീക്കം, പഴുപ്പ് എന്നിവയെല്ലാം ബ്രൂസെല്ലോസിസിന്റെ ഭാഗമാണ്.

അണുബാധയേറ്റ പശുക്കളുടെ വിസര്‍ജ്യങ്ങളിലൂടെയും ശരീരസ്രവങ്ങളിലൂടെയും പാലിലൂടെയുമെല്ലാം രോഗാണു നിരന്തരമായി പുറത്തു വന്നുകൊണ്ടിരിക്കും. രോഗം ബാധിച്ച പശുക്കളുടെ പ്രസവസമയത്തും, ഗര്‍ഭമലസുകയാണെങ്കില്‍ അപ്പോഴും പുറന്തള്ളപ്പെടുന്ന ഗര്‍ഭാവശിഷ്ടങ്ങളിലും, സ്രവങ്ങളിലും രോഗാണു സാന്നിധ്യം ഉയര്‍ന്ന തോതിലായിരിക്കും. തീറ്റ, കുടിവെള്ളം എന്നിവയില്‍ കലര്‍ന്നും ശരീരത്തിലെ മുറിവുകള്‍, ശ്ലേഷ്മസ്തരങ്ങള്‍ എന്നിവ വഴിയും മറ്റു പശുക്കളിലേക്ക് രോഗം പകരാം. മരുന്നുപയോഗിച്ചുള്ള രോഗനിയന്ത്രണം ദുഷ്‌കരമാണ്. കേരളത്തില്‍ വെറ്ററിനറി സര്‍വകലാശാലയുടെ ചില ഡയറി ഫാമുകളിലെ രോഗബാധയേറ്റ നൂറുകണക്കിന് പശുക്കളെ ദയാവധത്തിന് വിധേയമാക്കുകയാണുണ്ടായത്.

ബ്രൂസല്ല മനുഷ്യരിലും മാരകം

മാംസം ശരിയായി വേവിക്കാതെയും പാലും മറ്റു പാല്‍ ഉത്പന്നങ്ങളും തിളപ്പിക്കാതെയും അണുവിമുക്തമാക്കാതെയും നേരിട്ട് ഉപയോഗിക്കുന്നതിലൂടെ രോഗം മനുഷ്യരിലേക്കെത്താം. രോഗബാധയേറ്റ മൃഗങ്ങളുടെ ചാണകം, മൂത്രം എന്നിവയും രോഗഹേതുവാകാം. പ്രസവവും ഗര്‍ഭമലസിയതിന്റെ അവശിഷ്ടങ്ങളും മറ്റും അശ്രദ്ധമായും കയ്യുറ ഉപയോഗിക്കാതെയും കൈകാര്യം ചെയ്യുന്നതും രോഗബാധയ്ക്ക് വഴിവയ്ക്കും.

മനുഷ്യര്‍ക്ക് രോഗബാധയേറ്റാല്‍ ഇടവിട്ടുള്ള പനി, തലവേദന, പേശി വേദന, രാത്രിയിലെ അമിത വിയര്‍പ്പ്, വേദനയോട് കൂടിയ സന്ധി വീക്കം, വൃഷ്ണത്തില്‍ വീക്കം മുതലായ ലക്ഷണങ്ങള്‍ പ്രകടമാകും. രോഗം ബാധിച്ചവരില്‍ ഹൃദ്രോഗത്തിനും ഗര്‍ഭച്ഛിദ്രത്തിനും വന്ധ്യതയ്ക്കും സാധ്യതയേറെയാണ്. ക്ഷീരകര്‍ഷകര്‍, ഫാം തൊഴിലാളികള്‍, അറവുശാലകളില്‍ ജോലി ചെയ്യുന്നവര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങി ക്ഷീര-മൃഗ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബ്രൂസെല്ലോസിനെതിരായി അതീവ കരുതല്‍ പുലര്‍ത്തണം.

ബ്രൂസല്ലോസിസിനെതിരേയുള്ള വാക്‌സിനേഷന്‍ യജ്ഞം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മേയ് 15 മുതല്‍ 19 വരെ നടക്കുകയാണ്

ഒറ്റക്കുത്തിവെയ്പിലൂടെ സുരക്ഷ

അതിമാരകമായ ഈ ജന്തുജന്യ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ വഴി പശുക്കിടാക്കളില്‍ പ്രതിരോധ വാക്‌സിനേഷനാണ്. ബ്രൂസല്ലോസിസിനെതിരേയുള്ള വാക്‌സിനേഷന്‍ യജ്ഞം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മേയ് 15 മുതല്‍ 19 വരെ നടക്കുകയാണ്.

നാല് മുതല്‍ എട്ട് മാസം വരെ പ്രായമുള്ള എല്ലാ പശു, എരുമക്കിടാങ്ങള്‍ക്കും ഒറ്റത്തവണ പ്രതിരോധ കുത്തിവെയ്പ് നല്‍കാം. മൃഗാശുപത്രികള്‍, സബ് സെന്ററുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവയുടെ പരിസരങ്ങളിലും ഭവനസന്ദര്‍ശനം വഴിയും കാഫ് ഹുഡ് വാക്സിനേഷന്‍ എന്നറിയപ്പെടുന്ന സൗജന്യ കുത്തിവെയ്പ് ലഭിക്കും. കിടാക്കള്‍ക്ക് ഒറ്റത്തവണ കുത്തിവെയ്പ് നല്‍കുന്നതിലൂടെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി പശുക്കള്‍ക്ക് കൈവരും. ഒപ്പം ഈ ജന്തുജന്യരോഗം പശുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതില്‍ നിന്നും സുരക്ഷ ഉറപ്പ് വരുത്താം.

logo
The Fourth
www.thefourthnews.in