കാരറ്റും ഗ്രീന്‍പീസും സമൃദ്ധം; താഴ്‌വാരങ്ങള്‍ തളിര്‍ക്കുമ്പോള്‍
താഴ്വാരങ്ങള്‍ തളിര്‍ത്ത് പച്ച പുതയ്ക്കുന്ന കാഴ്ച കാണണമെങ്കില്‍ ഇവിടെയെത്തണം. മൂന്നാര്‍ വട്ടവടയില്‍ നിന്ന് അല്‍പം മാറിനില്‍ക്കുന്ന പള്ളംമയില്‍ എന്ന താഴ്വരയില്‍. മലമുകളില്‍ നിന്ന് അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തില്‍ കാരറ്റ്, ഗ്രീന്‍പീസ് ചെടികള്‍ ആനന്ദനൃത്തം ചവിട്ടുകയാണിവിടെ. പച്ച പുതച്ച താഴ്വാരങ്ങള്‍ തളിര്‍ക്കുമ്പോള്‍ വിളസമൃദ്ധമാകുകയാണിവിടം. വര്‍ഷത്തില്‍ കുറച്ച് മാത്രം ലഭിക്കുന്ന മഴവെള്ളം തോട്ടങ്ങളിലേക്കിറക്കാന്‍ മലകള്‍ തട്ടുകളാക്കി തിരിച്ചാണ് കൃഷി. മഴയില്‍ കുളിക്കുന്ന മലയുടെ മാറിലൂടെ ഒലിച്ചിറങ്ങുന്ന ജലം തട്ടുകളിലെത്തുമ്പോള്‍ വിളകള്‍ തളിര്‍ക്കുന്നു. പകല്‍ മതിയാവോളം ലഭിക്കുന്ന വെയിലും രാത്രിയിലെ തണുപ്പുമൊക്കെ ആസ്വദിക്കുന്ന വിളകള്‍ സ്‌നേഹം കായ്ഫലമായി തിരികേ നല്‍കുന്നു.
മലകളുടെ അടിവാരങ്ങളിലെ താരതമ്യേന ഇളകിയ മണ്ണില്‍ കാരറ്റ് കൃഷിയും വിളവെടുപ്പും സുഗമമായി നടക്കുന്നു. കാലി വളം ചേര്‍ത്ത്, കാളകള്‍ ഉഴുന്ന കൃഷിയിടങ്ങളില്‍ വിളവ് നൂറുമേനിയാണ്
ഈ താഴ്വരയില്‍ കാരറ്റും ഗ്രീന്‍പീസുമൊക്കെ സമൃദ്ധമായി വിളയിക്കുന്ന കര്‍ഷകനാണ് ഹരിചന്ദ്രന്‍. പാടങ്ങള്‍ ഉഴുന്ന ജോലിക്ക് പോകുന്ന ഹരി, തന്റെ സമീപത്തെ കൃഷിയിടങ്ങള്‍ കൃഷി സമൃദ്ധമാക്കുന്നതിലും ശ്രദ്ധിക്കുന്നു. മലകളുടെ അടിവാരങ്ങളിലെ താരതമ്യേന ഇളകിയ മണ്ണില്‍ കാരറ്റ് കൃഷിയും വിളവെടുപ്പും സുഗമമായി നടക്കുന്നു. കാലിവളം ചേര്‍ത്ത്, കാളകള്‍ ഉഴുന്ന കൃഷിയിടങ്ങളില്‍ വിളവ് നൂറുമേനിയാണ്. കടുക് പോലത്തെ വിത്താണ് കാരറ്റിന്റേത്. 50 സെന്റില്‍ നടക്കുന്ന കൃഷിയില്‍ നിന്ന് 1000 കിലോ വിളവ് ലഭിക്കുമെന്നും ഹരി പറയുന്നു.
വീടിന് സമീപം തന്നെയാണ് ഗ്രീന്‍പീസ് കൃഷിയിടം. ഒരു കൃഷിയില്‍ രണ്ട് പ്രാവശ്യം മാത്രമാണ് ജലസേചനം ആവശ്യമായി വരുന്നത്. അതിനാല്‍ ചെലവ് കുറയ്ക്കാം. രാത്രിയിലെ തണുപ്പ് മാത്രം മതി ഗ്രീന്‍പീസ് സമൃദ്ധമായി വിളയാന്‍. പച്ച ബീന്‍സായി കിലോയ്ക്ക് 50 രൂപ നിരക്കിലാണ് വില്‍പന. വില കിലോയ്ക്ക് 10 വരെയായ സമയങ്ങളുണ്ടെന്നും ഹരി പറയുന്നു. പച്ച ഗ്രീന്‍പീസ് പയര്‍ പൊളിച്ച് അതിനുള്ളിലെ പരിപ്പാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. കാരറ്റ് എറണാകുളം മാര്‍ക്കറ്റിലേക്കും പയര്‍ വര്‍ഗങ്ങള്‍ മധുര മാര്‍ക്കറ്റിലേക്കുമാണ് പോകുന്നത്.
വിള പരിക്രമ രീതി
ഒരു കൃഷിസ്ഥലത്ത് തന്നെ വിളകള്‍ മാറിമാറി കൃഷി ചെയ്യുന്ന വിള പരിക്രമ രീതിയിലാണ് ഹരിയുടെ കൃഷി ക്രമീകരണം. ഉരുളക്കിഴങ്ങ്, വിവിധ ബീന്‍സ് ഇനങ്ങള്‍ എന്നിവയെല്ലാം ഹരിയുടെ കൃഷിയിടങ്ങളില്‍ നൂറുമേനി വിളവ് നല്‍കുന്നു.
ഫോണ്‍: ഹരി- 94975 63038.