കാലാവസ്ഥാ വ്യതിയാനം കൃഷിയെ പിടിച്ചുലയ്ക്കുന്നു; വിലയുണ്ടെങ്കിലും വിളവില്ല, 'ഏലം ഉത്പാദനത്തില്‍ 50 ശതമാനം ഇടിവ്'
എല്‍ നിനോ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാന പ്രതിഭാസങ്ങള്‍ കാര്‍ഷിക മേഖലയെ തകിടം മറിക്കുന്നു. വിളകള്‍ക്ക് വില ഉയരുന്നുണ്ടെങ്കിലും ഉത്പാദനം ഇടിയുകയാണ്. അതുകൊണ്ട് വില വര്‍ധനയുടെ ഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ജൂലൈയില്‍ തുടങ്ങേണ്ട ഹൈറേഞ്ച് മേഖലയിലെ ഏലം വിളവെടുപ്പ്, കായ് പാകമാകാത്തതിനാല്‍ രണ്ടു മാസം താമസിച്ച് സെപ്റ്റംബറിലാണ് ആരംഭിക്കാനായത്. ഉത്പാദനത്തില്‍ 50 ശതമാനത്തിന്റെ കുറവുണ്ടെന്ന് ഇടുക്കി പ്രകാശിലെ കര്‍ഷകനായ ജോസഫ് സെബാസ്റ്റ്യന്‍ പേഴത്തുമൂട്ടില്‍ പറയുന്നു. ഒരു കിലോ ഏലത്തിന് 2300 രൂപയെന്ന നല്ല വില ലഭിക്കുന്നുണ്ട്. ഒരു കിലോ ഏലത്തിന്റെ ഉത്പാദനച്ചെലവ് 800 രൂപയാണ്. ഉത്പാദന ചെലവിന്റെ മൂന്നിരട്ടി വിലയുണ്ടെന്നത് വലിയകാര്യമാണ്. പക്ഷേ ഉത്പാദനത്തില്‍ ഇടിവുണ്ടായതിനാല്‍ വിലവര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
മാറിമറിയുന്ന ഹൈറേഞ്ച് കാലാവസ്ഥ
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ഹൈറേഞ്ച് കാലാവസ്ഥയില്‍ വലിയ വ്യതിയാനം വരുന്നുണ്ട്. കഴിഞ്ഞ വേനലിലെ വരള്‍ച്ചയില്‍ ഏലച്ചെടികള്‍ വാടി അവയുടെ ആരോഗ്യം നശിച്ചു. കായുണ്ടാകേണ്ട ശരങ്ങള്‍ വാടിതളര്‍ന്നു. ഇതാണ് ഉത്പാദനം കുറയാനുള്ള കാരണമെന്നും ജോസഫ് പറയുന്നു. മഴ നല്ലവണ്ണം വേണ്ട വിളയാണ് ഏലം. ഹൈറേഞ്ചില്‍ സാധാരണ ലഭിക്കേണ്ട രീതിയില്‍ മഴലഭിച്ചില്ലെന്നതു വിളവിനെ ബാധിച്ചിട്ടുണ്ട്. ശക്തമായ മഴ കുറച്ചു സമയത്തിനുള്ളില്‍ പെയ്തിറങ്ങുന്നതും ബാക്കി സമയങ്ങളില്‍ മഴ മാറിനില്‍ക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മഴയുടെ വിതരണത്തിലെ ഈ ഏറ്റക്കുറച്ചിലുകള്‍ കാരണം വളപ്രയോഗം കൃത്യമായി നടത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ട്.
അധിക മഴമൂലമുണ്ടാകുന്ന മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ് ഏലത്തിന്റെ ശരങ്ങള്‍. ഇതൊക്കെകാരണം വിപണിയില്‍ ഏലത്തിന്റെ സ്റ്റോക്ക് കുറയുന്നതാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നത്. വില ഇനിയും ഉയരാനാണ് സാധ്യത. ഇടനിലക്കാരുടെ കൈവശവും സ്‌റ്റോക്കില്ലാത്ത അവസ്ഥയുണ്ട്. എന്നാല്‍ വിളവിലുണ്ടായ ഇടിവിന് ആനുപാതികമായൊരു വിലവര്‍ധന ലഭിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാമായിരുന്നു. അത്തരത്തിലൊരു വില വര്‍ധനവ് ലഭിക്കുന്നില്ലെന്നതും കര്‍ഷകരെ വലയ്ക്കുന്നുണ്ട്. രോഗങ്ങള്‍ കാരണം ഏലയ്ക്കായുടെ പ്രധാന ഉത്പാദകരായ മധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയില്‍ നിന്ന് ആഗോളവിപണിയിലേക്കുള്ള ഏലത്തിന്‍റെ വരവിലും കുറവു സംഭവിച്ചിട്ടുണ്ട്. ഇതും ഏലത്തിന്‍റെ വില ഉയര്‍ത്താന്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.
റബറിനും റെക്കോഡ് വില
കുറേ നാളുകളായി വിലയില്ലാതായ റബറിനും വിലയായി. കിലോയ്ക്ക് 250 രൂപയ്ക്കു മുകളില്‍ വില വന്ന റബര്‍ ഇപ്പോള്‍ ശരാശരി 230 രൂപയിലാണ് വില്‍പന. തായ്‌ലന്‍ഡില്‍ മഴകുറവാണ് രേഖപ്പെടുത്തുന്നത്. അതിനാല്‍ വിപണിയിലേക്കുള്ള റബര്‍ വരവ് വര്‍ധിക്കാനാണ് സാധ്യത. ബാങ്കോക്ക് വിപണിയില്‍ കിലോയ്ക്ക് 238 രൂപ പ്രകാരമാണ് വിപണനം നടക്കുന്നത്. ജപ്പാനില്‍ അവധിവില 300 ലേക്ക് എത്തിയിരുന്നു.
രക്ഷപെടുമോ കറുത്തപൊന്ന്?
കുരുമുളകിനും വില വര്‍ധന പ്രതീക്ഷിക്കുന്നുണ്ട് കര്‍ഷകര്‍. ഉത്തരേന്ത്യന്‍ വിപണിയില്‍ വരവു കുരുമുളകിന് ഡിമാന്‍ഡില്ലാത്തതിനാല്‍ ആഭ്യന്തര വിപണി തങ്ങള്‍ക്കനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് വ്യവസായികള്‍. ഇറക്കുതി ചെയ്യുന്ന കുരുമുളകിന് ഗുണനിലവാരം കുറവാണ്. ഇതിന് പൂപ്പലടിക്കുമോ എന്ന ഭീതിയില്‍ നിരക്കു താഴ്ത്തി വിറ്റഴിക്കാന്‍ കച്ചവടക്കാര്‍ ശ്രമിക്കുന്നുണ്ട്. ജൂലൈയില്‍ 5000 ടണ്‍ വിദേശ കുരുമുളക് ഇന്ത്യയിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് ആഭ്യന്തര വിപണിയെ ബാധിക്കില്ലെന്നാണ് കണക്കാക്കുന്നത്.
കാലവര്‍ഷം കൊണ്ടു പോയ കാപ്പി
കാപ്പിത്തോട്ടങ്ങളിലും ശക്തമായ മഴ നാശം വിതച്ചിട്ടുണ്ട്. രാജ്യത്തെ കാപ്പി ഉത്പാദനത്തില്‍ 25 ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് വില വര്‍ധിക്കുന്നതിന് ഇടയാക്കും. വയനാട്ടില്‍ മാത്രം 250 ഏക്കറിലധികം കാപ്പികൃഷി നശിച്ചതായാണ് വിവരം. കാപ്പി ഉത്പാദക രാജ്യങ്ങളായ ബ്രസീല്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലും വിളവു കുറവായതിനാല്‍ അന്താരാഷ്ട്ര വിപണിയിലും കാപ്പിക്ക് വില വര്‍ധന പ്രതീക്ഷിക്കാം.
ഓണത്തിനും രക്ഷപെടാതെ തേങ്ങ
ഓണത്തിനെങ്കിലും വെളിച്ചെണ്ണ വില ഉയരുമെന്നും അതുവഴി തേങ്ങയ്ക്ക് വില ലഭിക്കുമെന്നുമുള്ള പ്രതീക്ഷ ഫലം കണ്ടില്ല. മില്ലുകാര്‍ എണ്ണ വില വര്‍ധിപ്പിച്ചെങ്കിലും കൊപ്രയ്ക്ക് കാര്യമായ വില ലഭിക്കാത്തതാണ് തേങ്ങയെ തളര്‍ത്തിയത്. എന്നാലും പാമോയിലിന്റെ വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ് വെളിച്ചെണ്ണയെ രക്ഷിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കര്‍ഷകര്‍.