നഗരത്തിന്റെ പാല്‍ക്കാരന്‍

തൃക്കാക്കര നഗരസഭയിലെ ജനങ്ങളുടെ പാലിന്റെ ആവശ്യം നിറവേറ്റുകയാണ് ഡിഎന്‍ ഡയറി. ഒരുദിവസം വില്‍ക്കുന്നത് 140 ലിറ്ററിനു മുകളില്‍ പാല്‍.

എറണാകുളം തൃക്കാക്കര നഗരസഭയിലെ ജനങ്ങളുടെ പാലിന്റെ ആവശ്യം നിറവേറ്റുകയാണ് ഡിഎന്‍ ഡയറി. പരമ്പരാഗത ക്ഷീരകര്‍ഷകരായ എംഎന്‍ ഗിരിയും ജയപ്രകാശും രാധാകൃഷ്ണനും ചേര്‍ന്നു നടത്തുന്ന സംരംഭത്തിലുള്ളത് നാല്‍പ്പതിലധികം ഉരുക്കള്‍. ഫാമില്‍ നിന്നു നേരിട്ടും പായ്ക്കറ്റുകളിലും ഒരുദിവസം വില്‍ക്കുന്നത് 140 ലിറ്ററിനു മുകളില്‍ പാല്‍. തെരും നെയ്യും ചാണകവുമെല്ലാം വാങ്ങാന്‍ ധാരാളമാളുകളെത്തുന്നു. തൃക്കാക്കര നഗരസഭ 21-ാം ഡിവിഷനിലെ പാലച്ചുവടുള്ള ഡിഎന്‍ ഡയറിക്ക് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. പശുക്കളോടും എരുമകളോടും ചെറുപ്പത്തിലെ കൂട്ടുകൂടിയ ഈ സഹോദരങ്ങള്‍ക്ക് ഡയറി ഫാമിലെ ഓരോ ജോലികളും ഉരുക്കളുടെ ചികിത്സയുമെല്ലാം ഹൃദിസ്ഥം. പുലര്‍ച്ചേ മൂന്നരയോടെ ഫാമുണരും. കൂട്ടിനുള്ള ഒരാളുമായി ചേര്‍ന്ന് ജയപ്രകാശാണ് ഫാമിലെ ജോലികള്‍ തുടങ്ങുക.

തൃക്കാക്കര നഗരസഭ 21-ാം ഡിവിഷനിലെ പാലച്ചുവടുള്ള ഡിഎന്‍ ഡയറിക്ക് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്

ഡിഎന്‍ ഡയറി
ഡിഎന്‍ ഡയറി

കറവയും ഇരുവരും ചേര്‍ന്നു നടത്തും. കറവ പൂര്‍ത്തിയാകുന്ന രാവിലെ അഞ്ചരയോടെ തന്നെ പാല്‍ വാങ്ങാനുള്ളവരുടെ വരവായി. ചെറിയ യന്ത്രസഹായത്താല്‍ പാല്‍ പായ്ക്ക് ചെയ്തും അവര്‍ കൊണ്ടുവരുന്ന പാത്രങ്ങളിലും നല്‍കും. അടുത്തുള്ള കൊച്ചി നഗരസഭയില്‍ നിന്നു വരെ പാലിന് ആവശ്യക്കാരെത്തുന്നു. പാല് പായ്ക്കറ്റിലാക്കി മറ്റു നഗരസഭാ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്. എച്ച്എഫ്, എച്ച് എഫ് ക്രോസ് ഇനങ്ങളില്‍പ്പെട്ട പശുക്കളും ഗീര്‍, സഹിവാള്‍ ഇനം നാടന്‍ പശുക്കളും കുള്ളന്‍ എരുമയുമെല്ലാം ഫാമിലെ അംഗങ്ങളാണ്. എരുമയുടേയും നാടന്‍ പശുക്കളുടെയും പാലിന് വന്‍ ഡിമാന്‍ഡാണ്. എറ്റു വിഭാഗത്തില്‍പ്പെട്ട വലിപ്പം കുറഞ്ഞ കൊഴുപ്പു തന്‍മാത്രകളുള്ളതിനാല്‍ ഈ പാല്‍ എളുപ്പം ദഹിക്കുമെന്നതാണിതിനു കാരണം. ലിറ്ററിന് 150 രൂപ നിരക്കിലാണ് നാടന്‍ പശുക്കളുടെയും എരുമകളുടെയും പാല്‍ വില്‍ക്കുന്നത്. അത്യുത്പാദനശേഷിയുള്ള പശുക്കളുടെ പാല്‍ ലിറ്ററിന് 70 രൂപ നിരക്കില്‍ വില്‍ക്കുന്നു. ചാണകം ഒരു ചാക്കിന് 300 രൂപ നിരക്കിലാണ് വില്‍പന. നെയ്യും മോരും ആവശ്യക്കാര്‍ക്ക് നല്‍കുന്നു.

പുതുതായി ഫാം തുടങ്ങുന്നവര്‍ കുറച്ചു ഫാമുകള്‍ സന്ദര്‍ശിച്ച് പ്രായോഗിക ജ്ഞാനം നേടിയ ശേഷം ഒന്നോ രണ്ടോ പശുക്കളുമായി തുടങ്ങുന്നതാണ് നല്ലെതെന്നാണ് ജയപ്രകാശിന് പറയാനുള്ളത്. നാലു പശുക്കളില്‍ തുടങ്ങി നാല്‍പതിലെത്തിയ ജയപ്രകാശിന്റെ ഈ അഭിപ്രായത്തിന് അനുഭവത്തിന്റെ ചൂടുംചൂരുമുണ്ട്.

എം.എന്‍ ഗിരി - 94472 35611

ജയപ്രകാശ്- 94474 19420

Related Stories

No stories found.
logo
The Fourth
www.thefourthnews.in