ഡോ. എം എസ് സ്വാമിനാഥന്‍:
'കപ്പലില്‍ നിന്നു വായിലേക്ക്' ദുരിതകാലത്തിന് അറുതിവരുത്തിയ ഗവേഷകന്‍

ഡോ. എം എസ് സ്വാമിനാഥന്‍: 'കപ്പലില്‍ നിന്നു വായിലേക്ക്' ദുരിതകാലത്തിന് അറുതിവരുത്തിയ ഗവേഷകന്‍

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ അസംഖ്യം ഭക്ഷ്യക്ഷാമങ്ങള്‍ തകര്‍ത്ത രാജ്യം 'കപ്പലില്‍ നിന്നു വായിലേക്ക് ' എന്ന ദുഃസ്ഥിതിയിലായിരുന്നു.
Updated on
4 min read

ഏഴു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ കാര്‍ഷിക മേഖല ഡോ. എം.എസ്. സ്വാമിനാഥന്‍ എന്ന സൂര്യനു ചുറ്റും ഭ്രമണം ചെയ്യുകയായിരുന്നു. ഹരിത വിപ്ലവ കാലഘട്ടം മുതല്‍ രാജ്യത്തെ കാര്‍ഷിക ഗവേഷകര്‍ക്കും ഭരണാധികാരികള്‍ക്കും കര്‍ഷകര്‍ക്കും മാര്‍ഗദീപമായിരുന്നു ഡോ. സ്വാമിനാഥന്‍. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ അസംഖ്യം ഭക്ഷ്യ ക്ഷാമങ്ങള്‍ തകര്‍ത്ത രാജ്യം 'കപ്പലില്‍ നിന്നു വായിലേക്ക് ' എന്ന ദുഃസ്ഥിതിയിലായിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ധാന്യങ്ങളുമായി കപ്പലുകള്‍ എത്തുന്നത് കാത്തിരുന്ന കാലം. വിദേശ ഭക്ഷ്യ സഹായത്തിനു വേണ്ടി കണ്ണും നട്ടിരുന്ന ദുരിത കാലത്തു നിന്നു രാജ്യത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്കും ഭക്ഷ്യധാന്യ കയറ്റുമതിയിലേക്കും നയിച്ചത് ഡോ. എം. എസ് സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമാണ്. ലോകത്തിന്റെ പട്ടിണി മാറ്റുന്നതില്‍ അദ്ദേഹം നല്‍കിയ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഏഷ്യക്കാരുടെയും ഇന്ത്യക്കാരുടെയും പട്ടികയില്‍ ഡോ സ്വാമിനാഥന്‍ ഇടം നേടിയത്. ടൈം മാസിക ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തരായ 20 ഏഷ്യക്കാരില്‍ ഒരാളായി ഡോ. സ്വാമിനാഥനെ മാറ്റിയതും ഇതുതന്നെ. പട്ടികയില്‍ ഇടം നേടിയ മൂന്ന് ഇന്ത്യക്കാരിലെ മറ്റു രണ്ട് പേര്‍ മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറുമായിരുന്നു.

ലോകത്തിന്റെ പട്ടിണി മാറ്റുന്നതില്‍ അദ്ദേഹം നല്‍കിയ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഏഷ്യക്കാരുടെയും ഇന്ത്യക്കാരുടെയും പട്ടികയില്‍ ഡോ സ്വാമിനാഥന്‍ ഇടം നേടിയത്

1960 കളുടെ മധ്യത്തില്‍ ഇന്ത്യയില്‍ ഹരിതവിപ്ലവം അരങ്ങേറുമ്പോള്‍ അതിന്റെ നേതൃത്വം ഡോ. എം എസ് സ്വാമിനാഥനായിരുന്നു. 1961 മുതല്‍ 72 വരെ ന്യൂ ഡല്‍ഹിയിലെ പ്രശസ്തമായ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു ഡോ. സ്വാമിനാഥന്‍. ഇന്ത്യയില്‍ അത്യുത്പാദന ശേഷിയുള്ള ഗോതമ്പ്, നെല്ല് വിത്തിനങ്ങളുടെ ഗവേഷണത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമാണ്. നൊബേല്‍ സമ്മാന ജേതാവ് ഡോ. നോര്‍മന്‍ ബോര്‍ലോഗ് മെക്‌സിക്കോയില്‍ അത്യുത്പാദന ശേഷിയുള്ള കുള്ളന്‍ ഗോതമ്പ് ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നു. മെക്‌സിക്കോയില്‍ നിന്നു സോണോറ-64 എന്ന കുള്ളന്‍ ഗോതമ്പ് ഇനങ്ങള്‍ ഡോ. സ്വാമിനാഥന്‍ ന്യൂ ഡല്‍ഹിയില്‍ എത്തിച്ചു. ഉള്‍പരിവര്‍ത്തനത്തിലൂടെ ഈ ഇനത്തില്‍ നിന്നു ഷര്‍ബതി സോണോറ എന്ന പുതിയ വിത്തിനം വികസിപ്പിച്ചെടുത്തു. പഞ്ചാബിലാണ് ആദ്യം ഗോതമ്പിലെ ഹരിത വിപ്ലവം തുടങ്ങിയത്. പിന്നീടത് ഹരിയാനയിലേക്കും യുപിയിലേക്കും വ്യാപിച്ചു. 1947 ല്‍ രാജ്യത്തെ ഗോതമ്പ് ഉത്പാദനം ഏഴു ദശലക്ഷം ടണ്‍ മാത്രമായിരുന്നുവെങ്കില്‍ 1968-ല്‍ അത് 17 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഇന്ന് 113 ദശലക്ഷം ടണ്ണോളമാണ് രാജ്യത്തെ ഗോതമ്പ് ഉത്പാദനം.

കേരള കാർഷിക സർവ്വകലാശാലയുടെ ഉദ്ഘാടന വേളയിൽ  ഡോ. എം എസ് സ്വാമിനാഥന്‍.
കേരള കാർഷിക സർവ്വകലാശാലയുടെ ഉദ്ഘാടന വേളയിൽ ഡോ. എം എസ് സ്വാമിനാഥന്‍.
ഡോ. എം എസ് സ്വാമിനാഥന്‍:
'കപ്പലില്‍ നിന്നു വായിലേക്ക്' ദുരിതകാലത്തിന് അറുതിവരുത്തിയ ഗവേഷകന്‍
എം എസ് സ്വാമിനാഥൻ: കാർഷിക അഭിവൃദ്ധിയുടെ കാരണവർ

ഉയര്‍ന്ന ജലസേചനം, രാസവളങ്ങള്‍ എന്നിവയോട് അനുകൂലമായി പ്രതികരിച്ച് അത്യുത്പാദനം നല്‍കുമെന്നതാണ് ഡോ. സ്വാമിനാഥന്‍ വികസിപ്പിച്ചെടുത്ത അത്ഭുത വിത്തുകളുടെ (മാജിക് സീഡ്‌സ്) പ്രത്യേകത. രാസകീടനാശിനികളും വലിയ അളവില്‍ ഉപയോഗിക്കേണ്ടിവരും. ഹരിതവിപ്ലവത്തോടെ ഗോതമ്പിനൊപ്പം നെല്ലിലും അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങള്‍ വ്യാപിച്ചു. ഐആര്‍ 8 പോലുള്ള അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങള്‍ തെക്കു കിഴക്കേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തി. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ കേവലം 50 ദശലക്ഷം ടണ്‍ മാത്രമായിരുന്നു രാജ്യത്തെ ഭക്ഷ്യ-ധാന്യ ഉത്പാദനം. ഇന്നത് 330 ദശലക്ഷം ടണ്ണിലധികമാണ്. ഏഴര പതിറ്റാണ്ടു കൊണ്ട് ഭക്ഷ്യോത്പാദനം ആറര ഇരട്ടിയിലേറെ വര്‍ധിച്ചുവെങ്കില്‍ അതിന് രാജ്യം നന്ദി പറയേണ്ടത് ഡോ. സ്വാമിനാഥനോടും അദ്ദേഹത്തിന്റെ തണലില്‍ വളര്‍ന്ന കാര്‍ഷിക ഗവേഷകരോടുമാണ്.

ഹരിത വിപ്ലവത്തിന്റെ പാര്‍ശ്വഫലങ്ങളായ അമിതമായ രാസവള പ്രയോഗവും രാസ കീടനാശിനി പ്രയോഗവും സൃഷ്ടിച്ച പാരിസ്ഥിതിക വിനാശത്തെക്കുറിച്ച് ഡോ. സ്വാമിനാഥന്‍ മറ്റാരെക്കാളും ബോധവാനായിരുന്നു. പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര കാര്‍ഷിക വികസനത്തിന്റെയും സുസ്ഥിരമായ ഭക്ഷ്യ സുരക്ഷിതത്വത്തിന്റെയും ഏറ്റവും വലിയ വക്താവായിരുന്നു പിന്നീട് അദ്ദേഹം. ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും കൂടിച്ചേര്‍ന്ന നിത്യഹരിത വിപ്ലവമാണ് ഇനി വേണ്ടതെന്ന് അദ്ദേഹം അന്താരാഷ്ട്ര വേദികളില്‍ വാദിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന സുസ്ഥിര കാര്‍ഷിക വികസനം ഏറെ മുമ്പെ ലോകത്തിനു മുന്നില്‍ വെച്ച ശാസ്ത്രജ്ഞനാണ് ഡോ.സ്വാമിനാഥന്‍. അതു കൊണ്ടാണ് ഡോ. എം.എസ്. സ്വാമിനാഥനെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം 'പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിച്ചത്.

ഡോ. എം എസ് സ്വാമിനാഥന്‍:
'കപ്പലില്‍ നിന്നു വായിലേക്ക്' ദുരിതകാലത്തിന് അറുതിവരുത്തിയ ഗവേഷകന്‍
കുട്ടനാട് പാക്കേജ്: ഒരു ജനതയെ കൈപിടിച്ചുയര്‍ത്താനുള്ള സ്വാമിനാഥന്‍ ശ്രമം

കര്‍ഷകരുടെ അവകാശങ്ങള്‍ക്കു വേണ്ടി ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഏറ്റവുമധികം വാദിച്ച കൃഷി ശാസ്ത്രജ്ഞനായിരുന്നു ഡോ. എം എസ് സ്വാമിനാഥന്‍. 2004 മുതല്‍ 2006 വരെ ദേശീയ കര്‍ഷക കമ്മീഷന്റെ അധ്യക്ഷനുമായിരുന്നു. കാര്‍ഷിക വിപണനവും മൂല്യവര്‍ധനവുമുള്‍പ്പെടെ കര്‍ഷകരുടെ വരുമാനം ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നല്‍കി. കൃഷിച്ചെലവും അതിന്റെ 50 ശതമാനവും കൂടിച്ചേര്‍ന്ന തുക കര്‍ഷകരുടെ ഉത്പന്നത്തിന് ഏറ്റവും കുറഞ്ഞ താങ്ങുവിലയായി നല്‍കണമെന്നതായിരുന്നു കമ്മീഷന്റെ പ്രധാന ശുപാര്‍ശകളില്‍ ഒന്ന്.

ഉയര്‍ന്ന ജലസേചനം, രാസവളങ്ങള്‍ എന്നിവയോട് അനുകൂലമായി പ്രതികരിച്ച് അത്യുത്പാദനം നല്‍കുമെന്നതാണ് ഡോ. സ്വാമിനാഥന്‍ വികസിപ്പിച്ചെടുത്ത അത്ഭുത വിത്തുകളുടെ (മാജിക് സീഡ്‌സ്) പ്രത്യേകത. രാസകീടനാശിനികളും വലിയ അളവില്‍ ഉപയോഗിക്കേണ്ടിവരും. ഹരിതവിപ്ലവത്തോടെ ഗോതമ്പിനൊപ്പം നെല്ലിലും അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങള്‍ വ്യാപിച്ചു.

കര്‍ഷകരുടെ വിത്തിനങ്ങള്‍ക്കായി പോരാട്ടം

ലോക വ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ നിലവില്‍ വന്നതിനു ശേഷം കര്‍ഷകരുടെ വിത്തിനങ്ങള്‍ക്കും ഓരോ രാജ്യത്തനും സ്വന്തമായ ജനിതക വിഭവങ്ങള്‍ക്കും മേല്‍ ബഹുരാഷ്ട്ര കമ്പനികള്‍ കുത്തകാവകാശം നേടാതിരിക്കുന്നതിനുള്ള പൗര മുന്നേറ്റത്തിനും ഡോ.സ്വാമിനാഥന്‍ നേതൃത്വം നല്‍കി. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഇന്റര്‍നാഷണല്‍ ട്രീറ്റി ഓണ്‍ പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ് ഫോര്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ എന്ന രാജ്യാന്തര കരാറില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത് ഡോ.സ്വാമിനാഥന്റെ ഇടപെടലിനെ തുടര്‍ന്നാണ്.

പുതിയ വിത്തിനങ്ങളുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് 2001 ല്‍ കേന്ദ്ര ഗവണ്മെന്റ് രൂപം നല്‍കിയ വിത്തിനങ്ങളുടെ സംരക്ഷണവും കര്‍ഷകരുടെ അവകാശങ്ങളും സംബന്ധിച്ച കേന്ദ്ര നിയമവും ഡോ. സ്വാമിനാഥന്റെ മാര്‍ഗ നിര്‍ദശത്തിലാണ് തയാറാക്കിയത്. കര്‍ഷകരുടെ വിത്തിനങ്ങള്‍ അന്യാധീനപ്പെടാതിരിക്കാനും കര്‍ഷകര്‍ക്ക് വിത്ത് സൂക്ഷിക്കാനും കൈമാറാനുമുള്ള വ്യവസ്ഥകള്‍ ഈ നിയമത്തിലുണ്ട്.

കര്‍ഷകരും കൃഷിത്തൊഴിലാളികളുമുള്‍പ്പെടെ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന വനിതകളുടെ പ്രശ്‌നങ്ങള്‍ (gender concerns in agriculture) ആദ്യമായി മുഖ്യധാരാ ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നത് ഡോ. സ്വാമിനാഥനാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജോലി ഭാരം ലഘൂകരിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള അനേകം നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പഠനങ്ങളിലൂടെ മുന്നോട്ടു വെച്ചു.

ഡോ. എം എസ് സ്വാമിനാഥന്‍:
'കപ്പലില്‍ നിന്നു വായിലേക്ക്' ദുരിതകാലത്തിന് അറുതിവരുത്തിയ ഗവേഷകന്‍
കുട്ടനാട് പാക്കേജ്: ഒരു ജനതയെ കൈപിടിച്ചുയര്‍ത്താനുള്ള സ്വാമിനാഥന്‍ ശ്രമം

കുട്ടനാട്, ഇടുക്കി പാക്കേജുകള്‍

കേരളത്തിന്റെ കാര്‍ഷിക വികസനവുമായി പതിറ്റാണ്ടുകളുടെ സുദീര്‍ഘമായ ബന്ധമാണ് ഡോ. സ്വാമിനാഥനുള്ളത്. 1972- ല്‍ ഡോ സ്വാമിനാഥന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരിക്കുമ്പോഴാണ് കേരള കാര്‍ഷിക സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചത്. സര്‍വകലാശാലയുടെ ആദ്യകാല വളര്‍ച്ചയ്ക്ക് അദ്ദേഹം ശക്തമായ പിന്തുണ നല്‍കി. ലോക വ്യാപാര സംഘടനാ കരാര്‍ നിലവില്‍ വന്നതോടെ കേരളത്തിന്റെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച ഡബ്ല്യുടിഒ കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. സ്വാമിനാഥനായിരുന്നു. കുട്ടനാടിന്റെ പാരിസ്ഥിതിക പുനഃസ്ഥാപനത്തിനും സുസ്ഥിരവും സംയോജിതവുമായ കാര്‍ഷിക വികസത്തിനും വേണ്ടി ഒന്നാം കുട്ടനാട് പാക്കേജിനും ഇടുക്കിയുടെ വികസനത്തിനു വേണ്ടി ഇടുക്കി പാക്കേജിനും ഡോ. സ്വാമിനാഥന്‍ രൂപം നല്‍കി.

കേരളത്തിന്റെ കാര്‍ഷിക വികസനവുമായി പതിറ്റാണ്ടുകളുടെ സുദീര്‍ഘമായ ബന്ധമാണ് ഡോ. സ്വാമിനാഥനുള്ളത്

ഐപിഎസ് വേണ്ടെന്നു വച്ചു കൃഷിയിലേക്ക്

1925 ഓഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നു എം എസ് സ്വാമിനാഥന്റെ ജനനം. കുംഭകോണത്ത് തന്നെയാണ് അദ്ദേഹം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴില്‍ ഡോക്ടറായിരുന്നു അച്ഛന്‍ സാമ്പശിവന്‍. എം എസ് സ്വാമിനാഥന്റെ 11-ാം വയസില്‍ അച്ഛന്‍ മരിച്ചു.

തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ബിഎസിയും മദ്രാസ് അഗ്രികള്‍ച്ചറല്‍ കോളേജില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദവും നേടിയ ശേഷം ഇന്ത്യന്‍ അഗ്രികള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. ഐപിഎസ് ലഭിച്ചെങ്കിലും യുനെസ്‌കോ സ്‌കോളര്‍ഷിപ്പില്‍ നെതര്‍ ലന്‍ഡ്സില്‍ ഉപരിപഠനം നടത്താനാണ് ആ യുവാവ് തീരുമാനിച്ചത്.

പിന്നീട് കേംബ്രിഡ്ജില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷം വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരി ഗവേഷണം കഴിഞ്ഞ് 1954 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. കട്ടക്കിലെ കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തില്‍ ചേര്‍ന്നു. 1955 ല്‍ ദില്ലിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. 1961 മുതല്‍ 72 വരെ ആ സ്ഥാപനത്തിന്റെ ഡയറക്ടറായി.

1972 മുതല്‍ 79 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറലായിരുന്നു. 1979-80 ല്‍ കേന്ദ്ര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. 1980 - 82 ല്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനും അംഗവുമായി.1982 മുതല്‍ 88 വരെ മനിലയിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചു.1981-85 ല്‍ ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കൗണ്‍സില്‍ അധ്യക്ഷനായിരുന്നു.1991 മുതല്‍ 96 വരെയും 2005 മുതല്‍ 2007 വരെയും നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984- 90 ല്‍ ഐയുസിഎന്‍എന്‍ അധ്യക്ഷനായിരുന്നു.

ഡോ. എം എസ് സ്വാമിനാഥന്‍:
'കപ്പലില്‍ നിന്നു വായിലേക്ക്' ദുരിതകാലത്തിന് അറുതിവരുത്തിയ ഗവേഷകന്‍
മെഡിക്കല്‍ പഠനമോഹം ഉപേക്ഷിച്ച് കാര്‍ഷികമേഖലയിലേക്ക്; ഭക്ഷ്യസുരക്ഷയ്ക്ക് വഴിതുറന്ന സ്വാമിനാഥന്‍ മാജിക്‌

കാര്‍ഷികരംഗത്തെ നൊബേല്‍ സമ്മാനം

പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം സ്വാമിനാഥനെ ആദരിച്ചിട്ടുണ്ട്. 1986 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ലോക സയന്‍സ് പുരസ്‌ക്കാരം നേടി. 1987ല്‍ കാര്‍ഷികരംഗത്തെ നോബല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേള്‍ഡ് ഫുഡ് പ്രൈസ് നേടി. സമ്മാനത്തുക സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കാനായി വിനിയോഗിച്ചു.1971 ല്‍ മാഗ്‌സെസെ അവാര്‍ഡും 2000-ല്‍ ഇന്ദിരാഗാന്ധി സമാധാന സമ്മാനവും തേടിയെത്തി. 2000-ല്‍ തന്നെ യുണെസ്‌കോയുടെ മഹാത്മാഗാന്ധി അവാര്‍ഡും ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍റ്റ് ഫോര്‍ ഫ്രീഡം മെഡലും നേടി. 2007-ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ദേശീയ അവാര്‍ഡ് സമ്മാനിക്കപ്പെട്ടു. 2007 മുതല്‍ 2013 വരെ രാജ്യസഭാ അംഗമായിരുന്നു.

logo
The Fourth
www.thefourthnews.in