നാമക്കലിലെ ഒരു മുട്ടയുത്പാദനകേന്ദ്രത്തില്‍ നിന്ന് മുട്ട ശേഖരിക്കുന്ന സ്ത്രീ.
നാമക്കലിലെ ഒരു മുട്ടയുത്പാദനകേന്ദ്രത്തില്‍ നിന്ന് മുട്ട ശേഖരിക്കുന്ന സ്ത്രീ.

നാമക്കല്‍ മുട്ടവില ഉയരുന്നു; നാട്ടു കര്‍ഷകര്‍ക്ക് നേട്ടമാകും

തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് കേരളത്തിലേക്ക് പ്രതിദിനമെത്തുന്നത് 1.25 കോടി മുട്ട
Updated on
2 min read

നാമക്കല്‍ മുട്ടവില ഉയരുന്നത് കേരളത്തിലെ കര്‍ഷകര്‍ക്ക് നേട്ടമാകും. തമിഴ്‌നാട് നാമക്കലിലെ വന്‍കിട ഫാമുകളില്‍ നിന്ന് കേരളത്തിലേക്ക് ദിനംപ്രതിയെത്തുന്നത് 1.25 കോടി മുട്ടയാണ്. കോഴിത്തീറ്റ വിലവര്‍ധന വ്യാവസായികാടിസ്ഥാനത്തിലുള്ള മുട്ട ഉത്പാദനത്തെ ചെലവേറിയതാക്കിയതാണു വിലവര്‍ധനയ്ക്കുള്ള കാരണം. ഇത് കേരളത്തിലെ കോഴി വളര്‍ത്തല്‍ മേഖലയ്ക്കും നേട്ടങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഒരു മുട്ട ഉത്പാദിപ്പിക്കാനുള്ള ചെലവ് ഇവിടെ 4.80 രൂപയ്ക്കു മുകളിലായിട്ടുണ്ട്. ഗതാഗതചെലവുകളും ഇടനിലക്കാരുടെ കമ്മീഷനും കഴിഞ്ഞ് കേരളത്തിലെത്തുന്ന നാമക്കല്‍ വെള്ളമുട്ടകള്‍ക്ക് 5.50-6.00 രൂപയില്‍ നിന്ന് ഇനിയും വില ഉയരാനാണു സാധ്യത. ഇത് കേരളത്തിലെ മുട്ടഉത്പാദന മേഖലയിലും ഉയര്‍ന്നവില ലഭിക്കാനുള്ള സാധ്യത തുറക്കുന്നുണ്ടെന്ന് കേരള വെറ്ററിനറി സര്‍വകലാശാല, തിരുവാഴാംകുന്ന് കോളജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റ് സ്പെഷല്‍ ഓഫീസര്‍ ഡോ. എസ്. ഹരികൃഷ്ണന്‍ പറഞ്ഞു. അതോടൊപ്പം ഇത് കേരളത്തില്‍ നാടന്‍ രീതിയില്‍ വളര്‍ത്തുന്ന ഗുണമേന്മയേറിയ നാടന്‍ കോഴികളുടെ മുട്ടയുടെയും വില ഉയര്‍ത്തും. ഇന്ന് ലോക മുട്ടയുത്പാദനത്തില്‍ മൂന്നാം സ്ഥാനവും മുട്ടയുത്പാദനത്തിന്റെ 5.65 ശതമാനവും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. 10332 കോടി മുട്ടയാണ് ഒരു വര്‍ഷം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ആളോഹരി മുട്ടയുടെ ആവശ്യകത ഇന്ത്യയില്‍ 180 ആണെങ്കിലും ലഭ്യത ഒരു വര്‍ഷം ഒരാള്‍ക്ക് 79 എന്ന കണക്കിലേയുള്ളു. ഇത് ഇനിയും ഈ മേഖലയുടെ വളര്‍ച്ചയിലേക്കുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പച്ചക്കറി മാത്രമല്ല, മുട്ടയും തമിഴ്‌നാട്ടില്‍ നിന്ന്

പച്ചക്കറിക്കു പുറമേ കേരളത്തിലെ മുട്ട ആവശ്യവും നിറവേറ്റുന്നത് തമിഴ്‌നാട്ടുകാരാണ്. 1970ല്‍ കേവലം ഒരു ഫാമുമായി നാമക്കലില്‍ ആരംഭിച്ച മുട്ടക്കോഴി വളര്‍ത്തല്‍ ഇന്ന് 1100 ഓളം വന്‍കിട ഫാമുകളായി. പ്രതിദിന മുട്ട ഉത്പാദനം 4.5 കോടിയോളമാണ്. ഇതില്‍ 1.5 കോടിയുമെത്തുന്നത് കേരളത്തിലേക്കാണ്. ആറു കോടി വരെ പ്രതിദിന മുട്ടയുത്പാദനമുണ്ടായിരുന്ന ഇവിടെ, കോവിഡും കോഴിതീറ്റ വില വര്‍ധനയുമാണ് ഉത്പാദനത്തെ പിന്നോട്ടടിച്ചത്. ആന്ധ്ര വിഭജന ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോഴികളുള്ള സംസ്ഥാനമായി തമിഴ്‌നാട് മാറുകയായിരുന്നു. രാജ്യത്തെ 18.2 ശതമാനം മുട്ടയത്പാദനവും ഇവിടെ നിന്നാണ്. നാമക്കല്‍ ജില്ലയിലാണ് സംസ്ഥാനത്തെ 80 ശതമാനത്തോളം മുട്ട ഉത്പാദിപ്പിക്കുന്നത്. മുട്ടയും കോഴിയുമൊക്കെയായി ബന്ധപ്പെട്ടു നില്‍ക്കുന്ന കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും പരിചിതമാണ് നാമക്കല്‍ അഥവാ നാമഗിരി.

Matthew T Rader

നാഷണല്‍ എഗ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കര്‍ഷകരും

1980ല്‍ ഈ മേഖല കേന്ദ്രീകരിച്ചു കൂടുതല്‍ ഫാമുകള്‍ തുടങ്ങി. ഉത്പാദിപ്പിക്കുന്ന മുട്ടകള്‍ക്ക് ന്യായവില ലഭ്യമാക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും കര്‍ഷകരുടെ നേതൃത്വത്തില്‍ National Egg Coordination Committee (NECC) രൂപീകരിച്ച ശേഷമാണ് നാമക്കല്‍, മുട്ട ഉത്പാദനത്തില്‍ മേല്‍ക്കൈ നേടുന്നത്. തുടര്‍ന്ന് 1985ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇവിടെയൊരു വെറ്ററിനറി കോളേജ് സ്ഥാപിച്ച് ശാസ്ത്രീയ പരിപാലന മുറകള്‍ കര്‍ഷകരെ പഠിപ്പിക്കുകയായിരുന്നു. ഈ മാതൃക കേരളത്തിനും പിന്തുടര്‍ന്നാല്‍ മുട്ടയുത്പാദനത്തില്‍ ഒരു കുതിച്ചുചാട്ടം നമുക്കും സൃഷ്ടിക്കാനാകും.

logo
The Fourth
www.thefourthnews.in