കുന്തിരിക്കം മുതല്‍ എല്ലൊടിയന്‍ വരെ; കഞ്ഞിക്കുഴിയുടെ കൃഷി പരീക്ഷണശാല

കുന്തിരിക്കവും പെരുംജീരകവും എല്ലൊടിയനും അയമോദകവും എന്നുവേണ്ട ആരേയും അത്ഭുതപ്പെടുത്തുന്ന വിളവൈവിധ്യം. എഴുപത്തിനാലുകാരിയായ ശശികലയുടെ 'കൃഷി'കല വിരിയുന്നത് വീടിനുചുറ്റുമുള്ള 30 സെന്റില്‍

കുന്തിരിക്കവും പെരുംജീരകവും എല്ലൊടിയനും അയമോദകവും എന്നുവേണ്ട ആരേയും അത്ഭുതപ്പെടുത്തുന്ന വിളവൈവിധ്യം. എഴുപത്തിനാലുകാരിയായ ശശികലയുടെ 'കൃഷി'കല വിരിയുന്നത് വീടിനുചുറ്റുമുള്ള 30 സെന്റില്‍. ആലപ്പുഴ ജില്ലയിലെ കാര്‍ഷിക ഗ്രാമമായ കഞ്ഞിക്കുഴിയുടെ കൃഷി പരീക്ഷണശാലയാണ് ഈ കൃഷിയിടം. ശശികലയുടെ വീട്ടില്‍ പുതുവിളകള്‍ വിളഞ്ഞാലുടന്‍ കഞ്ഞിക്കുഴിയിലെ മറ്റു കൃഷിയിടങ്ങളിലേക്ക് ഈ വിളകള്‍ എത്തുകയായി.

ഹൈറേഞ്ചുകളില്‍ വിളയുന്ന വിളകള്‍ ഉള്‍പ്പെടെ ഇവര്‍ വീട്ടുമുറ്റത്ത് വിളയിപ്പിക്കുന്നത് രാസവളങ്ങളുടെ മേമ്പൊടിയില്ലാതെ. ഉണക്കച്ചാണകം പ്രധാന വളമായി എത്തുമ്പോള്‍ ചെടികളും ഹാപ്പി. മതിലിനു സമീപത്തുള്ള കുന്തിരിക്കം കറപൊടിച്ചാല്‍ കുന്തിരിക്കം വിളയുന്ന മണ്ണെന്ന ഖ്യാതിയും കഞ്ഞിക്കുഴിയെ തേടിയെത്തും.

കുന്തിരിക്കചെടിക്കു സമീപം തന്നെ അല്ലി നാരകവും വള്ളി നാരകവുമുണ്ട്. ഭക്തകര്‍മങ്ങളില്‍ പ്രധാനിയാണ് വള്ളി നാരകം. സമൃദ്ധമായി കായ്ക്കുന്നതിനാല്‍ ക്ഷേത്രാവശ്യങ്ങള്‍ക്കായി ധാരാളമാളുകള്‍ നാരങ്ങാതേടിയെത്തുന്നതും ഇവിടെയാണ്. ഗണപതിഹോമങ്ങള്‍ നടക്കുന്ന സമയങ്ങളിലാണ് ആളേറെയെത്തുന്നത്. ഇതിനു സമീപത്തായി നില്‍ക്കുന്ന മാതളനാരകം കായ് ഫലം കൂടിയതിനേതുടര്‍ന്ന് ശിഖരമൊടിഞ്ഞതോര്‍ക്കുമ്പോള്‍ ശശികലയ്ക്കിന്നും ദുഃഖമാണ്. ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്താണ് ദുരിയന്‍ ചെടിയെ തോട്ടത്തിലെത്തിച്ചത്. കിലോയ്ക്ക് 2000 രൂപയ്ക്ക് ദുരിയാന്‍ ചക്ക വാങ്ങിയ അനുഭവമാണ് സ്വന്തമായൊന്ന് നട്ടുനനച്ചുവളര്‍ത്താനുള്ള പ്രേരണയായത്.

പെരുംജീരകം.
പെരുംജീരകം.

പൂജാ ആവശ്യങ്ങള്‍ക്ക് കടയില്‍പോയി വാങ്ങുന്ന കദളിപ്പഴവും നിറയെ കുലകളുമായി കൃഷിയിടത്തിനു ചുറ്റുമുണ്ട്. മുറ്റത്തേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും ഗ്രോബാഗുകളില്‍ കറ്റാര്‍വാഴയും കാബേജും പൂത്താലമേന്തി നില്‍ക്കുന്നു. വഴിക്കു മുകളില്‍ തീര്‍ത്ത പന്തലില്‍ മുന്തിരിയും പാവലും പടവലവും എല്ലാം ഏകോദര സഹോദരന്‍മാരേപ്പോലെ കെട്ടിപ്പുണര്‍ന്നു വളരുന്നു. മുന്തിരി കായ്ക്കാനായി ശാഖകള്‍ വെട്ടിയൊരുക്കുന്ന പ്രൂണിംഗ് നടത്തിയിരിക്കുകയാണ് ശശികല. ഇങ്ങനെ വെട്ടിയസ്ഥലങ്ങളില്‍ നിന്നു വരുന്ന ശിഖരങ്ങളിലുണ്ടാകുന്ന മുന്തിരിക്കുല എന്നെത്തുമെന്നു നോക്കിയാണ് ജീവിതം. മഞ്ഞളും ഔഷധഗുണമുള്ള കരിമഞ്ഞളും ഗ്രോബാഗിലാണ് വളരുന്നത്. ഒരു വീട്ടിലേക്കുള്ള മഞ്ഞള്‍പ്പൊടിയുണ്ടാക്കാന്‍ രണ്ടോ മൂന്നോ ചുവട് മഞ്ഞള്‍ ധാരാളം മതി. സൂര്യകാന്തിയും ചോളവും നില്‍ക്കുന്നതിനു സമീപത്തായി ചെറുധാന്യവര്‍ഷം പ്രമാണിച്ച് റാഗിപുല്ലും കൃഷിചെയ്തിട്ടുണ്ട്.

എല്ലുകള്‍ ഒടിഞ്ഞാല്‍ വേഗം പൊട്ടല്‍കൂടാനും കര്‍ക്കിടക കഞ്ഞിയിലെ ഔഷധക്കൂട്ടായും ഉപയോഗിക്കുന്ന എല്ലൊടിയന്‍ ചെടി, മരത്തില്‍ ഓര്‍ക്കിഡുകള്‍ വളര്‍ത്തുന്ന രീതിയിലാണ് നട്ടിരിക്കുന്നത്

പെരുംജീരകവും ഗ്രോബാഗില്‍ തന്നെയാണ് വിളയുന്നത്. കഞ്ഞിക്കുഴിയില്‍ വളര്‍ത്തിയ മല്ലിയില യുകെയിലുള്ള മക്കള്‍ വരെ കൊണ്ടുപോയി. അങ്ങനെ കഞ്ഞിക്കുഴിപ്പെരുമ കടല്‍കടക്കുന്നുമുണ്ട്. പഴവര്‍ഗവിളയായ അവക്കാഡോ അഥവാ ബട്ടര്‍ഫ്രൂട്ട് (വെണ്ണപ്പഴം) അവിടവിടെയായുണ്ട്.

എല്ലുകള്‍ ഒടിഞ്ഞാല്‍ വേഗം പൊട്ടല്‍കൂടാനും കര്‍ക്കിടക കഞ്ഞിയിലെ ഔഷധക്കൂട്ടായും ഉപയോഗിക്കുന്ന എല്ലൊടിയന്‍ ചെടി, മരത്തില്‍ ഓര്‍ക്കിഡുകള്‍ വളര്‍ത്തുന്ന രീതിയിലാണ് നട്ടിരിക്കുന്നത്. പഴയകാല തൊടികളിലെ നിറസാന്നിധ്യമായിരുന്ന കൊടകനാണ് വീട്ടെറമ്പില്‍ മുഴുവന്‍. ചട്ടികളില്‍ ഇലകാണാത്തവിധമാണ് കുറ്റിക്കുരുമുളക് കായ്ച്ചു കിടക്കുന്നത്. പറിച്ചിട്ടും പറിച്ചിട്ടും തീരാതെ എല്ലാക്കാലത്തും സമൃദ്ധമായ വിളവാണ് കുരുമുളക് നല്‍കുന്നത്. മുടികൊഴിച്ചിലിനും അകാലനരക്കും കണ്‍കണ്ട ഔഷധമായ കയ്യെണ്ണ അഥവ കയ്യൂന്നി ഗ്രോബാഗില്‍ സന്തോഷത്തോടെയാണ് വളരുന്നത്. ഇതിനടുത്തായിതന്നെ പഴമൊന്നു കഴിച്ചാല്‍ പുളിയെ മധുരമാക്കുന്ന മിറാക്കിള്‍ പഴവും വയറിലെ അസുഖങ്ങള്‍ക്കുള്ള കണ്‍കണ്ട ഔഷധമായ ചെറുവുളയും.

അയമോദകച്ചെടിക്കു സമീപം ശശികല.
അയമോദകച്ചെടിക്കു സമീപം ശശികല.
അയമോദകവും തൃത്താവും പനിമരുന്നുകളിലെ കാരണവന്‍മാരാണ് ഇവര്‍ കൈകോര്‍ത്ത് വളരുകയാണിവിടെ. മല്ലിയേക്കാള്‍ ഗുണവും രുചിയുമുള്ള ആഫ്രിക്കന്‍ മല്ലിയും മത്സരിച്ച് വളരുകയാണ്

അയമോദകവും തൃത്താവും പനിമരുന്നുകളിലെ കാരണവന്മാരാണ് ഇവര്‍ കൈകോര്‍ത്ത് വളരുകയാണിവിടെ. മല്ലിയേക്കാള്‍ ഗുണവും രുചിയുമുള്ള ആഫ്രിക്കന്‍ മല്ലിയും മത്സരിച്ച് വളരുകയാണ്. കാന്‍സര്‍ രോഗചികിത്സയില്‍ അടുത്തകാലത്തായി ഇടം നേടിയ മുള്ളാത്ത നിറയെ കായ്ച്ചു കിടക്കുന്നു. വിളപ്പൊലിമയ്ക്ക് ചെറുതേനീച്ചകളേയും ഒപ്പം കൂട്ടിയിരിക്കുന്നു. നെല്ലിപ്പുളിയും ഇരുമ്പന്‍ പുളിയും പറമ്പിലെ ഗൃഹാതുര കാഴ്ചകളാണ്. വെള്ളാത്തയും വെള്ളച്ചാമ്പയും വേറിട്ട കാഴ്ചയാണ്.

കുക്കുമ്പറും പാവലും വെള്ളക്കാന്താരിയും ഒരുക്കുന്നത് പച്ചപ്പിന്റെ കുളിര്‍മയാണ്. പഴംകഞ്ഞിവെള്ളവും മീന്‍വെള്ളവും വളമായെത്തിയതോടെ കറിവേപ്പ് ഉഷാര്‍. പാവല്‍തടങ്ങളെ പൊതിഞ്ഞ് കൂര്‍ക്കയുമുണ്ട്. ഗ്രോബാഗിലെ വെണ്ടച്ചെടികളില്‍ നിറയെ വെണ്ടയ്ക്കയാണ്. ഇതിനെ തഴുകിതലോടിയുള്ള നടത്തം തന്നെ ആരോഗ്യം നല്‍കുന്നതാണ്. ഇതിനിടയില്‍ ഞാനിവിടുണ്ടേ എന്നു വിളിച്ചുപറയുകയാണ് കാരറ്റ് ചെടികള്‍. പാട്ടത്തിനെടുത്ത സ്ഥലങ്ങളിലെ പച്ചക്കറികൃഷി ഇതിനു പുറമേയുണ്ട്. രാവിലെ അഞ്ചരയ്ക്ക് കൃഷിയിടത്തിലെത്തിയാല്‍ തിരികേ കിടക്കയിലേക്കു നീങ്ങുന്നത് അര്‍ധരാത്രിയോടെയാണ്. എഴുപത്തിനാല് വയസുണ്ടെങ്കിലും ഒറ്റയ്ക്കിങ്ങനെ കൃഷിക്കൊപ്പം കൂടുമ്പോള്‍ പ്രായം പോലും അറിയുന്നില്ലെന്നാണ് കഞ്ഞിക്കുഴി പഞ്ചായത്ത് 16-ാം വാര്‍ഡിലെ കര്‍ഷകയായ ശശികല പറയുന്നത്.

ഫോണ്‍: ശശികല- 95446 49969

Related Stories

No stories found.
logo
The Fourth
www.thefourthnews.in