സെക്‌സ് സോര്‍ട്ടഡ് സെമണ്‍ സാങ്കേതിക വിദ്യ: പശുക്കള്‍ മാത്രം ജനിക്കുന്ന ഫാം

കൃത്രിമ ബീജാദാനത്തിന് ആണ്‍ പെണ്‍ തിരിച്ച ബീജമാത്രകള്‍ ഉപയോഗിക്കുന്ന സെക്‌സ് സോര്‍ട്ടഡ് സെമന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

പശു പ്രസവിച്ചാല്‍ കുട്ടി ആണോ പെണ്ണോ ആകാം. എന്നാല്‍ ഈ ഫാമില്‍ പിറക്കുന്നത് പശുക്കുട്ടികള്‍ മാത്രം. കൃത്രിമ ബീജാദാനത്തിന് ആണ്‍ പെണ്‍ തിരിച്ച ബീജമാത്രകള്‍ ഉപയോഗിക്കുന്ന സെക്‌സ് സോര്‍ട്ടഡ് സെമന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. കേരള വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവാഴാംകുന്നിലെ ലൈവ്‌സ്റ്റോക്ക് റിസര്‍ച്ച് സ്‌റ്റേഷനില്‍ ഇതുവരെ ഉത്പാദിപ്പിച്ച് വളര്‍ത്തിയത് ഇത്തരത്തില്‍ അറുപതിലധികം പശുക്കുട്ടികളെ. ഒപ്പം വെച്ചൂര്‍ പശുക്കളെയും അട്ടപ്പാടി ബ്ലാക്ക്, മലബാറി ആടുകളേയും മുറ ഇനം പോത്തുകളേയുമൊക്കെ വളര്‍ത്തുന്നു.

കനേഡിയന്‍ ഹലാക്ക് കാളകളുടെ ബീജം ഉപയോഗിച്ച് ഉത്പാദിപ്പിച്ച പശുക്കുട്ടികള്‍

400 ഏക്കറില്‍ പരന്നുകിടക്കുന്ന സ്റ്റേഷനിലെ തീറ്റപ്പുല്‍ തോട്ടങ്ങളില്‍ വളരുന്നത് അത്യുത്പാദനശേഷിയുള്ള പുല്ലിനങ്ങള്‍. ഏറ്റവും പുതിയ സങ്കരയിനമായ സിഒജിജി 3 യുടെ വരെ നടീല്‍ വസ്തുക്കളും ഈ പുല്ല് സ്ംസ്‌കരിച്ച് ഹേയാക്കിയുമെല്ലാം കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. വെച്ചൂര്‍ പശുക്കളുടെ നല്ലൊരു ശേഖരം തന്നെയുണ്ടിവിടെ. ഇതിന്റെ കിടാരികളേയും ഇവിടെ വാങ്ങാന്‍ ലഭിക്കും. അത്യുത്പാദനശേഷിയുള്ള 275 ലധികം പശുക്കളടങ്ങുന്ന ഫാമില്‍ പാലുത്പാദനത്തിനാണ് മുന്‍തൂക്കം. ഇവയുടെ കിടാരികളേയും വില്‍പനയ്ക്ക് ലഭ്യമാക്കുന്നു.

ആണ്‍-പെണ്‍ തിരിച്ച ബീജമാത്രകളുപയോഗിച്ച് പശുക്കളെ മാത്രം ഉത്പാദിപ്പിക്കുന്നുമുണ്ടിവിടെ. അങ്ങനെ ഉത്പാദിപ്പിക്കുന്ന പശുക്കുട്ടികളെ പ്രത്യേക പരിചരണം നല്‍കി പാര്‍പ്പിക്കാനൊരു തൊഴുത്തുമുണ്ട്. കനേഡിയന്‍ ഹലാക്ക് കാളകളുടെ ബീജം ഉപയോഗിച്ച് ഉത്പാദിപ്പിച്ച പശുക്കുട്ടികളാണിവിടത്തെ താരങ്ങള്‍. പശുക്കള്‍ക്ക് വേനല്‍ക്കാലത്തെ താപസമ്മര്‍ദമില്ലാതാക്കാന്‍ ആശ്വാസ എന്ന സാങ്കേതിക വിദ്യ പ്രായോഗികമാക്കിയിരിക്കുന്നു. അങ്ങനെ കാലാവസ്ഥ സ്മാര്‍ട്ട് സാങ്കേതിക വിദ്യയിലൂടെ പശുക്കളില്‍ നിന്ന് കൂടുതല്‍ ഉത്പാദനം നേടിയെടുക്കുന്നു. വെള്ളം മിസ്റ്റായി പുകപോലെ കുറച്ചു സമയം നല്‍കുമ്പോള്‍ പശുക്കള്‍ നില്‍ക്കുന്ന അന്തരീക്ഷം തണുക്കുന്നു. അഞ്ചു പശുവിന് ഒന്ന് എന്ന നിലയില്‍ വാള്‍ ഫാന്‍ നല്‍കിയിട്ടുണ്ട്. മിസ്റ്റിംഗിലൂടെയെത്തുന്ന ജലകണികകള്‍ ഫാനിന്റെ കാറ്റുമൂലം അന്തരീക്ഷത്തില്‍ വ്യാപിച്ച് തണുപ്പ് നിലനിര്‍ത്തുന്നു. ഇതു കൂടാതെ മേല്‍ക്കൂര തണുപ്പിക്കുന്നതിനായി അവിടെ സ്പ്രിംഗ്‌ളര്‍ വഴി നനയ്ക്കുന്നു. ഈ മൂന്നു രീതികള്‍ ഉള്‍പ്പെടുന്നതാണ് ആശ്വാസ.

അട്ടപ്പാടി ബ്ലാക്ക്, മലബാറി ഇനങ്ങളിലെ ആടുകളുടെ സംരക്ഷണ കേന്ദ്രം കൂടിയാണിവിടം. ഇവയുടെ കുഞ്ഞുങ്ങളേയും കര്‍ഷകര്‍ക്ക് ഇവിടെ നിന്നു ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക്: ഡോ. എ. പ്രസാദ്, പ്രഫസര്‍ ആന്‍ഡ് ഹെഡ്, ലൈവ് സ്റ്റോക്ക് റിസര്‍ച്ച് സ്‌റ്റേഷന്‍- 99473 03911.

Related Stories

No stories found.
logo
The Fourth
www.thefourthnews.in