പത്തുലക്ഷത്തോളം കാലികൾക്ക് വാക്സിൻ; അവസാനലാപ്പിലേക്ക് കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ് യജ്ഞം, ഇനിയും വാക്സിനെടുത്തില്ലേ?

പത്തുലക്ഷത്തോളം കാലികൾക്ക് വാക്സിൻ; അവസാനലാപ്പിലേക്ക് കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ് യജ്ഞം, ഇനിയും വാക്സിനെടുത്തില്ലേ?

കഴിഞ്ഞ ഡിസംബർ ഒന്ന് മുതൽ ആരംഭിച്ച സൗജന്യ പ്രതിരോധകുത്തിവെയ്‌പ് പരിപാടി വരുന്ന ജനുവരി 20ന് പൂർത്തിയാവും
Updated on
2 min read

ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കന്നുകാലികളിലെ സമഗ്ര കുളമ്പുരോഗ പ്രതിരോധകുത്തിവെയ്‌പിന്റെ നാലാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ഡിസംബർ ഒന്ന് മുതൽ ആരംഭിച്ച സൗജന്യ പ്രതിരോധകുത്തിവെയ്‌പ് പരിപാടി വരുന്ന ജനുവരി 20 ന് പൂർത്തിയാവും. മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനേഷൻ ടീമുകൾ കർഷകരുടെ വീടുകളിൽ എത്തി ഇതുവരെ പത്തുലക്ഷത്തോളം പശുക്കൾക്കും എരുമകൾക്കുമാണ് സൗജന്യമായി വാക്സിനേഷൻ നൽകിയത്.

പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ കുളമ്പുരോഗത്തെ പൂർണമായും തടയാൻ കഴിയുകയുള്ളൂ. പശുക്കിടാങ്ങൾക്ക് നാല് മാസം പ്രായമെത്തുമ്പോൾ ആദ്യത്തെ  കുളമ്പുരോഗപ്രതിരോധകുത്തിവെയ്പ് നൽകണം. ഏഴുമാസത്തിന് മുകളിൽ ഗർഭിണികളായ പശുക്കളെ വാക്സിൻ നൽകുന്നതിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്സിൻ നൽകണം. ഒരു മേഖലയിലെ എൺപത് ശതമാനം കന്നുകാലികൾ എങ്കിലും മതിയായ പ്രതിരോധം/കൂട്ടപ്രതിരോധം കൈവരിച്ചാൽ മാത്രമേ കുളമ്പുരോഗത്തെ പൂർണമായും അകറ്റി നിർത്താൻ സാധിക്കുകയുള്ളൂ.

പത്തുലക്ഷത്തോളം കാലികൾക്ക് വാക്സിൻ; അവസാനലാപ്പിലേക്ക് കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ് യജ്ഞം, ഇനിയും വാക്സിനെടുത്തില്ലേ?
സുമോ കപ്പയും കരിമഞ്ഞളും, മണ്ണിനടിയില്‍ നിധി വിളയുന്ന കൃഷിയിടം

സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ തങ്ങളുടെ ക്ഷീരസംരംഭങ്ങളിൽ കന്നുകാലികൾക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാൻ കർഷകർ പ്രത്യേകം ജാഗ്രത പുലർത്തേണ്ടത് വളരെ പ്രധാനമാണ്. മാത്രമല്ല മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം, 2009 പ്രകാരം കർഷകർ തങ്ങളുടെ ഉരുക്കൾക്ക് കുത്തിവെയ്പ് എടുക്കേണ്ടത് നിര്‍ബന്ധവുമാണ്. ഇനിയും കാലികൾക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കാൻ ബാക്കിയുള്ള കർഷകരുണ്ടെങ്കിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സൗജന്യ കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് സേവനം പ്രയോജനപ്പെടുത്തണം.

കുളമ്പുരോഗം മാരകം; രോഗം ബാധിച്ചാൽ കറവപ്പശുക്കൾ വെറും മാംസപിണ്ഡം മാത്രമാകും

കുളമ്പുരോഗത്തോളം ക്ഷീരകർഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു പകർച്ചവ്യാധി ക്ഷീരമേഖലയിൽ ഇല്ല എന്ന് തന്നെ പറയാം.

ഈ രോഗം കാരണം രാജ്യത്തെ കാർഷികമേഖലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നേരിട്ടുള്ള സാമ്പത്തികനഷ്ടം പ്രതിവർഷം 20,000 കോടി രൂപയോളമാണ്. രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും വായുവിലൂടെ അറുപത് കിലോമീറ്റർ വരെ ദൂരത്തേക്ക് വ്യാപിക്കാൻ വൈറസിന് ശേഷിയുണ്ട്. രോഗബാധയേറ്റ പശുക്കളുടെ വായ് പുളർന്ന് നാവും മോണയും പരിശോധിച്ചാൽ പുറംതൊലി പല ഭാഗങ്ങളിലായി അടർന്ന് മുറിവായതായി കാണാം. രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പശു, എരുമ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്.

പത്തുലക്ഷത്തോളം കാലികൾക്ക് വാക്സിൻ; അവസാനലാപ്പിലേക്ക് കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ് യജ്ഞം, ഇനിയും വാക്സിനെടുത്തില്ലേ?
നഗരത്തിന്റെ പാല്‍ക്കാരന്‍

വലിയ പശുക്കളില്‍ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. പകർച്ചാനിരക്കും കൂടുതലാണ്. പാലുൽപ്പാദനം കുറയുമെന്ന് മാത്രമല്ല, രോഗം ഗുരുതരമായാൽ അനുബന്ധ അണുബാധകൾ പിടിപെടാനും ഗർഭിണി പശുക്കളുടെ ഗർഭമലസാനും സാധ്യത കൂടുതലാണ്. രോഗത്തിൽ നിന്ന് രക്ഷപ്പെട്ടാലും പശുക്കൾ പഴയ ഉൽപ്പാദനവും പ്രത്യുൽപ്പാദനക്ഷമതയും വീണ്ടെടുക്കാനുള്ള സാധ്യതയും വിരളം. അതായത് കറവപ്പശുക്കൾക്ക് കുളമ്പുരോഗ ബാധയേറ്റാൽ അവ രോഗത്തിൽ നിന്ന് രക്ഷപ്പെട്ടാലും ഉൽപ്പാദനവും പ്രത്യുൽപാദനവും മുരടിച്ച് വെറും മാംസപിണ്ഡങ്ങളായി മാറുമെന്ന് ചുരുക്കം. പിന്നെ അവയെ വളർത്തുന്നത് ക്ഷീരകർഷകന് ഒട്ടും ആദായകരമാവില്ല.

ഉപയോഗിച്ചത് ഇന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള വെറ്ററിനറി മരുന്ന്; നടന്നത് ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം

ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയുടെ പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന കുളമ്പുരോഗം, ബ്രൂസല്ലോസിസ് എന്നീ രോഗങ്ങൾ തടയാനുള്ള വാക്സിനേഷൻ പദ്ധതി ലോകത്ത് തന്നെ വളർത്തുമൃഗങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ് പരിപാടിയാണ്. കേരളത്തിൽ എന്നത് പോലെ മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി പുരോഗമിക്കുകയാണ്. എല്ലാ പഞ്ചായത്തുകളിലും സർക്കാർ തലത്തിൽ മൃഗചികിത്സാസേവനങ്ങൾ ലഭ്യമായതിനാൽ കേരളത്തിൽ കുളമ്പുരോഗ പ്രതിരോധ പരിപാടിയുടെ കാര്യക്ഷമത എപ്പോഴും ഉയർന്നതാണ്.

പത്തുലക്ഷത്തോളം കാലികൾക്ക് വാക്സിൻ; അവസാനലാപ്പിലേക്ക് കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ് യജ്ഞം, ഇനിയും വാക്സിനെടുത്തില്ലേ?
അയ്യപ്പന്റെ പറമ്പിലെ കപില മഹര്‍ഷിയുടെ പശുക്കള്‍

കുളമ്പുരോഗം പ്രതിരോധ കുത്തിവെയ്പിനായി ഉപയോഗപ്പെടുത്തുന്ന വാക്സിനും ചില പ്രത്യേകതകളുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് (ഐഐഎൽ) എന്ന പൊതുമേഖല സ്ഥാപനം നിർമ്മിച്ച രക്ഷ ഒവാക് എന്ന വാക്സിനാണ് പ്രതിരോധ കുത്തിവെയ്പ്പിന് രാജ്യമെങ്ങും ഉപയോഗിക്കുന്നത്. നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡിന്റെ കീഴിൽ 1982-ലാണ് ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് സ്ഥാപിച്ചത്. രാജ്യത്ത് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന കുളമ്പുരോഗ വൈറസിന്റെ മൂന്ന് വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി പശുക്കൾക്ക് ഉറപ്പാക്കാൻ രക്ഷ ഒവാക് വാക്സിന് കഴിയും. പ്രത്യേകം രാസഘടകങ്ങൾ ഉപയോഗിച്ച് നിർവീര്യമാക്കി നിർത്തിയിരിക്കുന്ന വൈറസുകൾ തന്നെയാണ് ഈ വാക്സിനിലുള്ളത്.

ഇത് കുത്തിവെയ്ക്കുമ്പോൾ ക്രമേണ പശുക്കളിൽ കുളമ്പുരോഗ വൈറസിനെതിരെ പ്രതിരോധം രൂപപ്പെടും. മാത്രമല്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും വിപണിമൂല്യമുള്ളതുമായ വെറ്ററിനറി മരുന്നും ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ രക്ഷ ഒവാക് എന്ന കുളമ്പുരോഗ പ്രതിരോധ വാക്സിനാണ്. ലോകത്ത് ഡ്രോൺ വഴി വിതരണം ചെയ്ത ആദ്യത്തെ മൃഗ വാക്‌സിനും രക്ഷ ഒവാക് തന്നെയാണ്. അരുണാചൽ പ്രദേശിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പിനായി നടപ്പിലാക്കിയ ഈ വാക്സിൻ വിതരണ പദ്ധതിയുടെ പേര് 'മെഡിസിൻ ഫ്രം ദി സ്‌കൈ' എന്നായിരുന്നു.

logo
The Fourth
www.thefourthnews.in