വിളനാശം സംഭവിച്ചാല്‍ എന്ത് ചെയ്യണം? ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പാക്കുന്നതെങ്ങനെ?
പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ചാല്‍ ആദ്യം ചെയ്യേണ്ടത് വിവരം കൃഷിഭവനില്‍ അറിയിക്കുകയെന്നതാണ്. നേരിട്ടോ www.aims.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് AIMS ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ വിവരം അധികൃതരെ അറിയിക്കാം.
വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തവര്‍ 10 ദിവസത്തിനുള്ളിലും ചെയ്തവര്‍ 15 ദിവസത്തിനുള്ളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സ്ഥലപരിശോധന കഴിയുംവരെ നാശനഷ്ടം സംഭവിച്ച വിളകള്‍ അതേപടി നിലനിര്‍ത്തണം. നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലെത്തും.
കര്‍ഷക രജിസ്ട്രേഷന്‍
AIMS പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനായി ആദ്യം www.aims.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ഷകന്റെ ഫോട്ടോ, ഭൂമിസംബന്ധമായ വിവരങ്ങള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്ത് സ്വന്തമായോ അക്ഷയ സെന്ററുകള്‍ മുഖേനയോ കൃഷിഭവന്‍ മുഖാന്തിരമോ ചെയ്യാം. ഈ സമയം ലഭിക്കുന്ന യൂസര്‍ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് വിളനാശം റിപ്പോര്‍ട്ട് ചെയ്യാം.
ഏതൊക്കെ തരം ഇന്‍ഷുറന്‍സുകളാണുള്ളത്
മൂന്ന് തരം വിള ഇന്‍ഷുറന്‍സ് പദ്ധതികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന വിള ഇന്‍ഷുറന്‍സും കേന്ദ്രസര്‍ക്കാരുമായി യോജിച്ച് നടപ്പാക്കുന്ന PMFBY, RWBCIS എന്നിവയുമാണവ. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 27 ഇനം കാര്‍ഷിക വിളകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എങ്ങനെ അംഗമാകാം?
AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് ഇതേ പോര്‍ട്ടലില്‍ തന്നെ വിളകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിനായി അപേക്ഷിക്കാം.
കൃഷി ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് പരിശോധനയ്ക്കുശേഷം കര്‍ഷകന് മൊബൈല്‍ ഫോണില്‍ ഒരു മെസേജ് ലഭിക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകന് പ്രീമിയം തുക ജില്ലാ സഹകരണ ബാങ്കിലോ ഗ്രാമീണ ബാങ്ക് ശാഖകളിലുമോ അടയ്ക്കാം. ഓണ്‍ലൈനായി പോളിസിയും കരസ്ഥമാക്കാം.
ആര്‍ക്കെല്ലാം അംഗമാകാം?
സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കര്‍ഷകര്‍.
നെല്‍കൃഷിക്ക് ഓരോ കര്‍ഷകനും പ്രത്യേകമായോ ഗ്രൂപ്പ് അടിസ്ഥാനത്തിലോ അംഗമാകാം.
നിബന്ധനകള്‍ എന്തൊക്കെ?
പ്രീമിയം തുക അടച്ച ദിവസം മുതല്‍ ഏഴു ദിവസങ്ങള്‍ക്കു ശേഷമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ.
വിളകള്‍ക്ക് ഉണ്ടാക്കുന്ന പൂര്‍ണ നാശത്തിനു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ഭാഗികമായ നഷ്ടം കണക്കാക്കില്ല. നെല്‍കൃഷിക്ക് 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാല്‍ പൂര്‍ണ നാശനഷ്ടമായി കണക്കാക്കും.
കൃഷിഭൂമിയിലെ വിളകള്‍ പൂര്‍ണമായി ഇന്‍ഷുര്‍ ചെയ്യണം.
സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം പോര്‍ട്ടല്‍ വഴി ഇന്‍ഷുര്‍ ചെയ്ത വിളകള്‍ക്ക് പ്രകൃതിക്ഷോഭം, വന്യജീവികളുടെ ആക്രമണം, രോഗ കീടബാധ എന്നിവമൂലം കൃഷി നാശം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കാം.