കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്; സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍
സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായാണ് കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് ഔദ്യോഗിക ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. ഇത് പ്രിന്റ് എടുത്തും ഉപയോഗിക്കാം. കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് മൂന്നിന് അങ്കമാലി സി എസ് എ ഹാളില്‍ കൃഷി മന്ത്രി പി പ്രസാദ് കാര്‍ഡ് വിതരണം ചെയ്യും.
ആര്‍ക്കൊക്കെ ലഭിക്കും?
സ്വന്തമായും പാട്ടത്തിനും കൃഷിചെയ്യുന്ന സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും കാര്‍ഡ് ലഭിക്കും. കൃഷി വകുപ്പിന്റെ കതിര്‍ ആപ്പ് മുഖേനയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകള്‍ അതതു കൃഷിഭവനുകള്‍ ഓണ്‍ലൈനായി തന്നെ പരിശോധിച്ച് അംഗീകാരം നല്‍കും. കൃഷിഭവന്റെ അംഗീകാരം ലഭിച്ചാല്‍ ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കര്‍ഷകര്‍ക്ക് കാര്‍ഡ് ഉപയോഗിക്കാം.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഒറ്റ കാര്‍ഡ് എന്നതാണ് ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതികളില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും കാര്‍ഡ് സഹായിക്കും. സബ്‌സിഡി നിരക്കില്‍ കാര്‍ഷിക ഉപകരണങ്ങള്‍ സ്വന്തമാക്കുക, ബാങ്കുകളുടെ ഉള്‍പ്പെടെ വിവിധ സാമ്പത്തിക സഹായങ്ങള്‍, കാര്‍ഷിക വായ്പകള്‍, വിള ഇന്‍ഷുറന്‍സ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്ടപരിഹാരം തുടങ്ങിയ പദ്ധതികളില്‍ ഗുണഭോക്താക്കളാകാനും ഇതുമതി.
ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ നേരിട്ടുവില്‍കാനും കാര്‍ഡ് ഉപയോഗിക്കത്തക്കരീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയില്‍ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ആധികാരിക രേഖയായും കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡ് മാറും. അഞ്ചു വര്‍ഷ കാലാവധിയോടെയാണ് കാര്‍ഡുകള്‍ നല്കുന്നത്. കാലാവധിക്കു ശേഷം കാര്‍ഡ് പുതുക്കാം.
കൃഷിവകുപ്പ് അവതരിപിപ്പിച്ച സമ്പൂര്‍ണ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് കതിര്‍ ആപ്പ് (KATHIR - Kerala Agriculture Technology Hub and Information Repository). ആപ്പിന്റെ പ്രാരംഭ പദ്ധതിയായാണ് കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നത്
കതിര്‍ ആപ്പ്
കര്‍ഷക സേവനങ്ങള്‍ സുതാര്യവും അനായാസവുമാക്കുക, കൃത്യതയാര്‍ന്ന കാര്‍ഷിക വിവരശേഖരണം സാധ്യമാക്കുക, കര്‍ഷകര്‍ക്ക് അവരുടെ സമഗ്രമേഖലയിലെയും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് അവതരിപിപ്പിച്ച സമ്പൂര്‍ണ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് കതിര്‍ ആപ്പ് (KATHIR - Kerala Agriculture Technology Hub and Information Repository). ആപ്പിന്റെ പ്രാരംഭ പദ്ധതിയായാണ് കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നത്.
തിരിച്ചറിയല്‍ കാര്‍ഡ് എങ്ങനെ സ്വന്തമാക്കാം
കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡിന് കതിര്‍ ആപ്പ് ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്താം
ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം
ആപ്പില്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കു ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം
കര്‍ഷകന്റെ പേര്, മേല്‍വിലാസം, കൃഷിഭവന്‍, വാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി വ്യക്തിഗത രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം
കര്‍ഷകന്റെ കൃഷി സ്ഥലം രജിസ്റ്റര്‍ ചെയ്യുകയെന്നതാണ് അടുത്ത പടി
അതിനായി ആപ്പില്‍ തുറന്നുവരുന്ന സാറ്റലൈറ്റ് മാപ്പില്‍നിന്നു കൃഷിയിടം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ കൃഷിയിടത്തിന്റെ ഫോട്ടോ സഹിതം സമര്‍പ്പിക്കണം
കാര്‍ഷികമേഖല തെരഞ്ഞെടുത്ത് കൃഷി സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ നല്‍കണം
കതിര്‍ ആപ്പിലെ പ്രധാന പേജില്‍ കാണുന്ന 'കര്‍ഷക ഐഡി കാര്‍ഡിന് അപേക്ഷിക്കുക'എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് കര്‍ഷകന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ വിവരങ്ങള്‍ അടങ്ങിയ പേജിലേക്കു പ്രവേശിക്കാം
ഈ പേജിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക. അതിനുശേഷം കര്‍ഷകന്റെ ബാങ്ക് വിവരങ്ങള്‍ ബാങ്ക് പാസ് ബുക്കിന്റെ ഫോട്ടോ സഹിതം നല്‍കണം
തുടര്‍ന്ന് കര്‍ഷകന്റെ ഫോട്ടോയും നല്കുക. ഇവ രണ്ടും കാമറ വഴി നേരിട്ടോ ഗാലറിയില്‍നിന്നോ നല്‍കാം.
എല്ലാ വിവരങ്ങളും പരിശോധിച്ച് സാക്ഷ്യപത്രം നല്കിയ ശേഷം 'APPLY' ചെയ്യുക. തുടര്‍ന്ന് 'Application for ID card submitted successfully' എന്ന മെസേജ് ലഭിക്കും
കര്‍ഷകര്‍ക്ക് തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ വിവരം ' ഐ ഡി കാര്‍ഡ് സ്റ്റാറ്റസ് പരിശോധിക്കുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു മനസിലാക്കാവുന്നതാണ്
കൃഷി ഭവന്‍ അംഗീകാരം
കര്‍ഷകര്‍ അവരവരുടെ കതിര്‍ വ്യക്തിഗത ലോഗിന്‍ മുഖേന സമര്‍പ്പിക്കുന്ന പൂര്‍ണമായ അപേക്ഷകള്‍ പരിശോധിച്ച് കൃഷി അസിസ്റ്റന്റുമാര്‍ കൃഷി ഓഫീസറുടെ ലോഗിനിലേക്ക് അയക്കും.
അപേക്ഷകളുടെ ആധികാരികത ഉറപ്പുവരുത്തി തിരുത്തല്‍ ആവശ്യമാണെങ്കില്‍ തിരിച്ചയക്കാനും വിവരങ്ങള്‍ ശരിയാണെങ്കില്‍ അപേക്ഷ അംഗീകരിക്കാനുമുള്ള സൗകര്യം കൃഷി ഓഫീസര്‍ ലോഗിനില്‍ ലഭ്യമാണ്.
ഇപ്രകാരം അപ്രൂവ് ചെയ്ത ഐഡി കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് അവരവരുടെ കതിര്‍ പേജില്‍ കാണുന്ന കതിര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ബട്ടണില്‍ അമര്‍ത്തി ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഡിജിറ്റലായി ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പിവിസി കാര്‍ഡ് മാതൃകയിലോ മറ്റോ പ്രിന്റ് ചെയ്തും കര്‍ഷകര്‍ക്ക് ഉപയോഗിക്കാം.