ഹൈടെക് കൃഷിയിലെ ജൈവ സ്‌ട്രോബെറി

പച്ച ഇലകള്‍ക്കിടയില്‍ ചുവന്ന ബള്‍ബ് തെളിയിച്ചതുപോലെ സ്‌ട്രോബെറി പഴങ്ങള്‍ കായ്ച്ച് കിടക്കുന്ന കാഴ്ച മനോഹരമാണ്. സഞ്ചാരികളുടെ കണ്ണ് പെട്ടെന്ന് ഉടക്കുന്ന ഒരു തോട്ടമാണ് ദുരൈയുടേത്

കുന്നുകള്‍ക്കിടയിലൂടെ വെള്ള പാമ്പ് ഇഴഞ്ഞു നീങ്ങുന്ന പോലെ ഒഴുകുന്ന കനാല്‍. വൈകുന്നേരങ്ങളില്‍ കനാലിന്റെ വീതി കൂടിയ കല്‍കെട്ടിലൂടെ നടന്നാല്‍ സൂര്യരശ്മികള്‍ കാഴ്ച മറയ്ക്കും. കുന്നുകളെ തഴുകിയെത്തുന്ന ഇളംതെന്നലിന്റെ കുളിരില്‍ നടക്കുന്നതുതന്നെ സുഖമുള്ള ഒരു ഓര്‍മയാകും. ഇരുവശവും പച്ചപുതച്ച പച്ചക്കറിപാടങ്ങള്‍. പച്ച ഇലകള്‍ക്കിടയില്‍ ചുവന്ന ബള്‍ബ് തെളിയിച്ചതു പോലെ സ്‌ട്രോബെറി പഴങ്ങള്‍ കായ്ച്ചു കിടക്കുന്ന കാഴ്ച മനോഹരമാണ്. വട്ടവട പള്ളംമയിലില്‍ എത്തുന്ന സഞ്ചാരികളുടെ കണ്ണ് പെട്ടെന്ന് ഉടക്കുന്ന ഒരു തോട്ടമാണ് ദുരൈയുടേത്.

ദുരൈ തന്റെ സ്‌ട്രോബെറി കൃഷിയിടത്തില്‍
ദുരൈ തന്റെ സ്‌ട്രോബെറി കൃഷിയിടത്തില്‍

ജൈവരീതിയില്‍ ഹൈടെക് കൃഷി

വട്ടവട, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ മികച്ച കര്‍ഷകനായി പഞ്ചായത്ത് തിരഞ്ഞെടുത്ത ദുരൈയുടെ കൃഷിരീതികളിലുമുണ്ട് തെല്ലൊരു പ്രത്യേകത.

ഹൈടെക് കൃഷി രീതികളായ മള്‍ച്ചിങ്ങും ജലസേചനത്തിന് സ്പ്രിംഗ്ലറുകളുമൊക്കെ ഉപയോഗിക്കുമ്പോഴും കൃഷി ജൈവരീതിയിലാണ്.

ചകിരിച്ചോറും വേപ്പിന്‍ പിണ്ണാക്കും ചാണകവുമൊക്കെ ചേര്‍ത്ത് ദുരൈ തന്നെയുണ്ടാക്കുന്ന വളമാണ് പ്രധാന ഖരവളം. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ശര്‍ക്കരയും ധാന്യപ്പൊടിയും മണ്ണും ഒക്കെചേര്‍ത്ത് ഉണ്ടാക്കുന്ന ജീവാമൃതമാണ് പ്രധാന ദ്രവവളം. അതിനാല്‍ സ്‌ട്രോബറി പഴങ്ങള്‍ക്ക് നല്ല മധുരവുമാണ്. വിപണി ഒരു പ്രശ്‌നമാകുന്നില്ല. എറണാകുളമാണ് പ്രധാന വിപണി. മൂന്നാര്‍, മാട്ടുപ്പെട്ടി തുടങ്ങി വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വില്‍പനയ്ക്കും ഇവിടത്തെ സ്‌ട്രോബെറി പഴങ്ങള്‍ എത്തുന്നുണ്ട്. കിലോയ്ക്ക് 500 രൂപയില്‍ കുറയാതെ വില ലഭിക്കും. 7000 ചുവടുകളാണ് നട്ടിരിക്കുന്നത്. ദിവസവും വിളവെടുക്കാമെന്നതാണ് സ്‌ട്രോബെറി കൃഷിയുടെ പ്രത്യേകത. ദിവസം 15-20 കിലോ വിളവെടുക്കുന്നു. തോട്ടത്തിലെത്തുന്നവര്‍ക്കും സ്‌ട്രോബറി വാങ്ങി മടങ്ങാം.

ഫോണ്‍: ദുരൈ: 94957 35721

Related Stories

No stories found.
logo
The Fourth
www.thefourthnews.in