കേരളത്തിന്റെ പാടങ്ങളില്‍ ഇനി ഡ്രോണ്‍ വിതയ്ക്കും
കേരളത്തിന്റെ നെല്‍പ്പാടങ്ങളില്‍ ഇനി ഡ്രോണ്‍ വിതയ്ക്കും. നെല്‍വിത്ത് വിതയ്ക്കാന്‍ ഡ്രോണിനു സാധിക്കുമോ എന്നറിയാന്‍ കുട്ടനാട്ടിലെ ചക്കങ്കരി പാടശേഖരത്തില്‍ നടത്തിയ പരീക്ഷണം വിജയം. ഇതോടെ ഡ്രോണ്‍ സാങ്കേതികവിദ്യ മറ്റു പാടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. മങ്കൊമ്പ് ഡോ. എം.എസ്. സ്വാമിനാഥന്‍ നെല്ലു ഗവേഷണ കേന്ദ്രവും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായാണ് പരീക്ഷണം സംഘടിപ്പിച്ചത്.
എം കെ വര്‍ഗീസ് മണ്ണുപറമ്പിലിന്റെ ഒരേക്കറില്‍ വിതയ്ക്കാന്‍ 25 മിനിറ്റു മാത്രമേ എടുത്തുള്ളൂ. പത്തു കിലോ വിത്ത് സംവഹന ശേഷിയുള്ള സീഡറില്‍ മൂന്ന് തവണകളിലായി 30 കിലോ വിത്താണ് വിതച്ചത്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഒരേക്കറിന് 50 കിലോ വിത്താണ് സാധാരണ വിതയ്ക്കാറ്. എന്നാല്‍ ഡ്രോണ്‍ സീഡര്‍ ഉപയോഗിക്കുമ്പോള്‍ ഏക്കറിന് 20 കിലോ വിത്ത് കുറച്ചുമതി എന്നതാണ് മറ്റൊരു പ്രത്യേകത.
ഡ്രോണിന്റെ പരീക്ഷണ പറക്കലാണ് നടത്തിയതെന്നും ഒരേക്കറിന് എത്ര ചെലവു വരുമെന്നത് തുടര്‍ഘട്ടങ്ങളിലെ പറയാന്‍ സാധിക്കൂ എന്നും മങ്കൊമ്പ് എംഎസ് സ്വാമിനാഥന്‍ നെല്ലു ഗവേഷണകേന്ദ്രം മേധാവി ഡോ. എം. സുരേന്ദ്രന്‍ പറഞ്ഞു. പത്തു മുതല്‍ 14 ലക്ഷം രൂപവരെയാണ് ഒരു ഡ്രോണിന്റെ വില. ഇതിനു പുറമേ ഇതില്‍ നെല്ലു വിതയ്ക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒന്നര ലക്ഷം രൂപ ചെലവു വന്നു.
വളപ്രയോഗമാണ് ഡ്രോണുപയോഗിച്ച് ആദ്യം നടത്തിയിരുന്നത്. ആദ്യഘട്ടമായതിനാല്‍ നാലു പ്രാവശ്യമായാണ് ഒരേക്കറിലെ വിത നടത്തിയത്. 10 കിലോ കപ്പാസിറ്റിയുള്ള ഡ്രോണിലെ വിത്തു സംഭരണ സംവിധാനത്തില്‍ 8-9 കിലോ നെല്ലുമാത്രമേ വിതച്ചുള്ളൂ. ഇനി 10 കിലോ തന്നെ നിറച്ച് അടുത്തഘട്ടം പരീക്ഷണം നടത്തും. വൈകാതെ കര്‍ഷകര്‍ക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വിത്ത്, സമയം, കൂലിച്ചെലവ് എന്നിവയില്‍ ലാഭമുണ്ടാകുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. നെല്ലില്‍ വളമിടാന്‍ മാത്രമല്ല, പൂട്ടി ഒരുക്കിയ പാടശേഖരങ്ങളില്‍ വിത്തു വിതയ്ക്കാനും ഡ്രോണുകള്‍ അനുയോജ്യമെന്നു കണ്ടെത്തിയത് ഈ മേഖലയില്‍ വലിയൊരു മാറ്റം കൊണ്ടുവരുമെന്ന് എടത്വയിലെ കര്‍ഷകനായ പയസ് എടയാടി പറഞ്ഞു. വളമിടീല്‍, കീടനാശിനി പ്രയോഗം, വിത എന്നിവയ്ക്കാണ് നെല്‍കൃഷിയില്‍ ചെലവേറെ വരുന്നത്. ഇതില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ആശ്വാസമാകും. ഈ മൂന്നു ജോലികള്‍ക്കും തൊഴിലാളികള്‍ കുറയുകയാണ്. കര്‍ഷകരുടെ എണ്ണം കുറയുന്നതിനാല്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൂടുതല്‍ പാടങ്ങളെടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്യുന്ന കര്‍ഷകര്‍ക്കും ഡ്രോണിന്റെ വരവ് പ്രയോജനം ചെയ്യുമെന്നും പയസ് പറയുന്നു.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഡ്രോണില്‍ സീഡ് ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റ് (seed broadcasting unit) ഘടിപ്പിച്ചാണ് ഡ്രോണ്‍ സീഡര്‍ നിര്‍മിച്ചത്. കൂടുതല്‍ വിസ്തൃതിയുള്ള പാടശേഖരങ്ങളില്‍ കുറഞ്ഞ സമയംകൊണ്ട് ഫലപ്രദമായി വിതയ്ക്കാന്‍ സഹായിക്കുന്ന ഡ്രോണ്‍ സീഡര്‍ ഉപയോഗത്തിലാകുന്നതുവഴി സമയബന്ധിതമായി വിതച്ച് തീര്‍ക്കാന്‍ സഹായിക്കുന്നെന്നു മാത്രമല്ല, കൃത്യമായ വിത്തു വിതരണവും ഉറപ്പാണ്.
ഡ്രോണ്‍ ഉപയോഗിച്ച് വളങ്ങള്‍ തളിക്കാറുണ്ടെങ്കിലും വിത നടത്തുന്നത് കേരളത്തില്‍ ആദ്യമാണ്. വിത്ത് ചവിട്ടി താഴുന്നില്ല എന്നുള്ളതും മണ്ണിലെ പുളിരസം ഇളക്കാതെ വിതയ്ക്കാം എന്നതും മേന്മയാണ്.കൃത്യമായ അകലത്തില്‍ വിതയ്ക്കാന്‍ കഴിയുന്നതിനാല്‍ നെല്‍ച്ചെടികള്‍ തിങ്ങി നിറഞ്ഞു വിളവു കുറയുന്ന അവസ്ഥയും ഇല്ലാതാകും. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നതും ഒരു പരിധിവരെ ഒഴിവാക്കാം.
മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.ജോബി ബാസ്റ്റിന്‍, ഡോ. നിമ്മി ജോസ്, ഡോ. ബിന്ധു പി.എസ്, കുമരകം കെവികെയുടെ മേധാവി ഡോ. ജയലക്ഷ്മി, ഡോ.മാനുവല്‍ അലക്‌സ്, ഡോ. ആശാ പിള്ള എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള 'ഡ്രോണ്‍ സീഡര്‍' കൂടുതല്‍ കര്‍ഷകരിലേയ്ക്ക് എത്തിക്കുവാനുള്ള ഉദ്യമമാണ് ഇനി.