ആഗോള ആവശ്യം വര്‍ദ്ധിക്കുന്നു; നെല്ല് ഉത്പാദനം കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. നെല്ല്, ഗോതമ്പ് ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ നെല്ല് ഉത്പാദനത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇതിനൊപ്പം ആഗോളതലത്തില്‍ നെല്ലിനും ഗോതമ്പിനും ആവശ്യകത കൂടി വരികയുമാണെന്നുമുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കിയത്. ഖാരിഫ് സീസണില്‍ നെല്ല് ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ശക്തമാക്കണം എന്നും കേന്ദ്ര മന്ത്രി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 43.45 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷിയുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27.05 ശതമാനം കുറവാണിത്. 59.56 ലക്ഷം ഹെക്ടറില്‍ ആയിരുന്നു മുന്‍ വര്‍ഷം രാജ്യത്ത് നെല്‍കൃഷിയുണ്ടായിരുന്നത്. ഈ കുറവ് ഗൗരവകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഗോതമ്പിന് പകരമായി അരിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നിലയുണ്ടാവരുത് എന്ന് സംസ്ഥാനങ്ങള്‍
അരി ഉത്പാദനം വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുമ്പോള്‍ ഗോതമ്പിന് പ്രാധാന്യം കുറയുന്ന നിലയുണ്ടാവരുത് എന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഗോതമ്പിന് പകരമായി അരിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നിലയുണ്ടാവരുത് എന്നാണ് ഗുജറാത്ത് ഭക്ഷ്യമന്ത്രി നരേഷ്ഭായ് പട്ടേലും, ഉത്തര്‍പ്രദേശിലെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് സഹമന്ത്രി സതീഷ് ചന്ദ്ര ശര്‍മ്മയും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സൗരാഷ്ട്ര പോലുള്ള പ്രദേശങ്ങളിലെ ആളുകള്‍ അരിയെക്കാള്‍ കൂടുല്‍ ഗോതമ്പാണ് ഉപയോഗിക്കുന്നത് എന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അരിക്ക് പകരം റാഗിയും, മറ്റ് തിന ഇനങ്ങളും ഉള്‍പ്പെടുത്താന്‍ അനുവദിച്ചിട്ടുണ്ടെന്നും ഗുജറാത്ത് ഭക്ഷ്യമന്ത്രി പിന്നീട് പ്രതികരിച്ചു.
സംസ്ഥാനത്തിനുള്ള അരിവിഹിതം കുട്ടണം എന്നായിരുന്നു യോഗത്തില്‍ കേരളം മുന്നോട്ട് വച്ച ആവശ്യം. ഫോര്‍ട്ടിഫൈഡ് അരിയെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. പൊതുവിതരണ വില്‍പന കേന്ദ്രങ്ങള്‍ വഴി ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യാന്‍ കേരളം തയ്യാറാണെങ്കിലും, സ്വാഭാവികമായും പോഷകങ്ങള്‍ അടങ്ങിയ നാടന്‍ അരിക്കാണ് സംസ്ഥാനം മുന്‍ഗണന നല്‍കുന്നതെന്നും കേന്ദ്രത്തെ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 'ഫോര്‍ട്ടിഫൈഡ് അരിയേക്കാള്‍ ഇത്തരം അരി ഇനങ്ങള്‍ പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.