അരി കയറ്റുമതി നിയന്ത്രിക്കാന്‍ ഇന്ത്യ; തീരുമാനം ദേശീയ ഭക്ഷ്യ സുരക്ഷ കണക്കിലെടുത്ത്
രാജ്യത്ത് നിന്നുള്ള അരി കയറ്റുമതി നിയന്ത്രിക്കാനൊരുങ്ങി ഇന്ത്യ. കാലാവസ്ഥ മോശമായതോടെ രാജ്യത്ത് നെല്ലുത്പാദനത്തിലുണ്ടായ കുറവിനെ തുടര്‍ന്നാണ് തീരുമാനം. പ്രധാന ഉത്പാദക സംസ്ഥാനങ്ങളിലെല്ലാം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇത്തവണ നെല്‍ കൃഷിയില്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ആദ്യഘട്ടമായി പൊടിയരിയുടെ കയറ്റുമതി നിരോധിക്കുന്നതിനാണ് വാണിജ്യ - ഭക്ഷ്യ വകുപ്പുകൾ ആലോചിക്കുന്നത്. പ്രീമിയം ബസുമതി ഉൾപ്പെടെയുള്ള മറ്റിനം അരികളുടെ കയറ്റുമതി തുടരും. അരിയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പൊടിയരിയുടെ കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവരുന്നത്.
ആഗോള തലത്തില്‍ അരി കയറ്റുമതിയുടെ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിൽ നിന്നാണ്. രാജ്യത്തിൻറെ മൊത്തം ഉത്പാദനത്തിന്റെ ആറിലൊന്ന് ഭാഗമായ 22 ദശലക്ഷം ടൺ അരിയാണ് 2021-22 ൽ ഇന്ത്യ കയറ്റുമതി ചെയ്തത്. പ്രധാന നെൽകൃഷി ഉത്പാദകരായ ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ആശ്രയം മൺസൂണ്‍ മഴയാണ്. ഇതിൽ വന്ന കുറവാണ് നെൽകൃഷി മേഖലയെ ബാധിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 39 ദശലക്ഷം ഹെക്ടറിലാണ് നെൽകൃഷി നടന്നത്. എന്നാൽ ഇത്തവണ നെൽകൃഷിയുടെ ആകെ വിസ്തൃതി 7.6% കുറഞ്ഞ് 36 ദശലക്ഷം ഹെക്ടറായി ചുരുങ്ങി.
കുറഞ്ഞ ഉത്പാദനം കാരണം അരിവില ഉയരുമെന്ന് കമ്മോഡിറ്റി-ട്രേഡിംഗ് സ്ഥാപനമായ ഐ-ഗ്രെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് വിദഗ്ദൻ രാഹുൽ ചൗഹാൻ പറഞ്ഞു. വേനൽക്കാലത്തിന്റെ തുടക്കത്തിൽ ഗോതമ്പ് ഉത്പാദനം 2.5% കുറഞ്ഞതിനെത്തുടർന്ന് മെയ് മാസത്തിൽ ഗോതമ്പിന്റെ സ്വകാര്യ കയറ്റുമതി രാജ്യം നിരോധിച്ചിരുന്നു.
സാധാരണപോലെ മഴ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും, പല സംസ്ഥാനങ്ങളിലും മഴയുടെ ലഭ്യത വളരെ കുറവായിരുന്നു. ജൂൺ ഒന്നിനും ഓഗസ്റ്റ് 26നും ഇടയിൽ രാജ്യത്ത് എട്ട് ശതമാനം അധികമഴ ലഭിച്ചിരുന്നു. എന്നാല്‍ ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ മൺസൂൺ മഴ കഴിഞ്ഞ തവണത്തേക്കാളും കുറവാണ് രേഖപ്പെടുത്തിയത്.