ഒഴിവുദിനങ്ങള്‍ ചെലവഴിക്കാന്‍ സാധിക്കുന്ന കൃഷിയിട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കോവിഡ് വ്യാപനശേഷം മാനസിക പിരിമുറുക്കവും അതുമൂലമുള്ള മാനസികപ്രശ്‌നങ്ങളും രോഗങ്ങളും വര്‍ധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാനും കൃഷിയും കാഴ്ചകളും കണ്ടുള്ള നടപ്പും ഇവിടങ്ങളിലെ താമസവുമൊക്കെ സഹായിക്കും. ഇത് മനസിനു നല്‍കുന്ന ആനന്ദവും ചെറുതല്ല. അതുകൊണ്ട് തന്നെ കൃഷിയിട വിനോദസഞ്ചാരത്തിന് ( ഫാം ടൂറിസം) വലിയ സാധ്യതകളാണ് കേരളത്തിലുള്ളത്.
ഒരു ചികിത്സാരീതി കൂടിയാണ് ഇത് . സസ്യങ്ങളും മരങ്ങളും പ്രകൃതിയുമൊക്കെ ചേര്‍ന്നൊരുക്കുന്ന അന്തരീക്ഷം ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പിയുടെ ഗുണങ്ങളാണ് നല്‍കുക. ഓമന മൃഗങ്ങളുടെയും പക്ഷികളുടെയും സാമീപ്യം , വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിച്ചുള്ള പെറ്റ്‌സ് തെറാപ്പിയുടെ ഗുണഫലങ്ങള്‍ നല്‍കും. സുഗന്ധം പരത്തുന്ന എണ്ണകളും പൂക്കളുടെ നറുമണവുമൊക്കെ അരോമ തെറാപ്പിയെന്ന സുഗന്ധചികിത്സയുടെ ഫലമാണ് മനസിനും ശരീരത്തിനും നല്‍കുന്നത്.
വ്യത്യസ്തകള്‍ അണിചേരുന്ന ഫാം ടൂറിസം
വ്യത്യസ്തകള്‍ അണിനിരത്തുമ്പോഴാണ് ഫാം ടൂറിസം ശ്രദ്ധേയമാകുന്നത്. കൊല്ലം കോയിവിളയിലെ ജേസീസ് ഫാമിന്റെ ഗേറ്റ് തുറന്നാല്‍ കാണുന്നത് ഒരു കാലത്ത് നിരത്തുകളിലെ താരമായിരുന്ന പോണ്ട്രിയാക്കിന്റെ സ്ട്രാറ്റോ ചീഫ്, ഡോഡ്ജ് തുടങ്ങിയ കാറുകളാണ്. ഫാം ടൂറിസം മറ്റൊരു വ്യത്യസ്ത രീതിയില്‍ പ്രായോഗികമാക്കുകയാണിവിടെ. വേലംപറമ്പില്‍ ജോജിചെറിയാന്റെയും റെനി ജെ ചെറിയാന്റെയും ഈ ഫാം ഹൗസില്‍ കാര്‍ഷികക്കാഴ്ചകള്‍ക്കൊപ്പം വ്യത്യസ്തമായ ദൃശ്യാനുഭവം തീര്‍ക്കുന്നതിനായാണ് ഇവയെ കൂടിയെത്തിച്ചിരിക്കുന്നത്. പ്രത്യേകം ചില്ലുകൂടുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവയും ഫാമിലെ കാഴ്ചകള്‍ക്കൊപ്പം നമ്മെ വിസ്മയിപ്പിക്കും. എല്ലാം ഡ്രൈവിംഗിനും റെഡിയാണ്.
ആറേക്കറിലാണ് കൊല്ലത്തെ ജേസീസ് ഫാം. മുയലും ടര്‍ക്കിക്കോഴിയും ഗിനിപ്പന്നിയും ആടും വെച്ചൂര്‍ പശുവുമെല്ലാം സഞ്ചാരികളെ സ്വാഗതം ചെയ്യും. കൊല്ലം മണ്‍ഡ്രോതുരുത്തിലെ പെരിങ്ങാലം ദ്വീപിലെ ഇവരുടെ മൂന്നേക്കറും കൃഷി സമൃദ്ധമാണ്. പോളിഹൗസ് കൃഷി പോലുള്ള ഹൈടെക് കൃഷി രീതികളും ഇവിടെയെത്തിയാല്‍ കാണാം. കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമസ്ഥാനത്തു കൂടെയുള്ള ബോട്ട് യാത്രയും ഇവിടേക്കുള്ള വഴി ദ്വീപിലെ വേടന്‍ചാടി മലയുമൊക്കെ വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുക
നീലപ്പട്ടു പുതച്ചകായലിനിടയില്‍ പച്ചത്തുരുത്തൊരുക്കുന്ന കണ്ടലുകളും മത്സ്യങ്ങള്‍ വളരുന്ന കൃത്രിമ കൂടുകളും ബോട്ടുകളുടെ സഞ്ചാരത്തിനൊപ്പം പൊങ്ങിച്ചാടി സന്തോഷിക്കുന്ന ചെറുമത്സ്യങ്ങളുമെല്ലാം സമ്മാനിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇനി ഒരു ദിവസം കായലരുകില്‍ താമസിക്കണമെങ്കില്‍ അതിനും സജ്ജമാണിവിടം. ഫോണ്‍: കെ ജെ പൗലോസ് - 94470 82846 (ഫാം മാനേജര്‍)