കാത്തിരിപ്പിന് അവസാനം; പയ്യാവൂര്‍ ഫെനി ഡിസംബറോടെ
കേരള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രധാനമായിരുന്നു കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍. ഇതില്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റിയ ഒന്നായിരുന്നു കശുമാങ്ങയില്‍ നിന്നുള്ള മദ്യ ഉല്‍പാദനം. പ്രഖ്യാപനത്തിന് അപ്പുറത്ത് കശുമാങ്ങാനീര് വാറ്റി മദ്യം ഉല്‍പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അനുമതിയായിരിക്കുകയാണ്. പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിനാണ് ഇത് സംബന്ധിച്ച അന്തിമാനുമതി ലഭിച്ചിട്ടുള്ളത്. കശുമാങ്ങയില്‍നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് ഒരു സഹകരണസംഘത്തിന് സംസ്ഥാനത്ത് ആദ്യമായി അനുമതി ലഭിക്കുന്നുവെന്ന പ്രത്യേകതയും ജൂണ്‍ 30-ന് പുറത്തിറങ്ങിയ ഉത്തരവിനുണ്ട്.
പയ്യാവൂരിന് വര്‍ഷങ്ങളുടെ കാത്തിരിപ്പ്
ഗോവന്‍ മാതൃകയില്‍ കശുമാങ്ങ ഉപയോഗിച്ച് ഫെനി ഉത്പാദിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മദ്യ ഉത്പാദനം കേരളത്തിന്റെ സാമ്പത്തിക നിലയ്ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയും. കശുവണ്ടി കര്‍ഷകര്‍ക്കും വലിയ ആശ്വാസമാകുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി എം ജോഷി ദി ഫോര്‍ത്തിനോട് പറഞ്ഞു. വര്‍ഷങ്ങളായുള്ള പയ്യാവൂരിന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടിയാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 200 രൂപ ചെലവില്‍ ഒരു ലിറ്റര്‍ ഫെനി ഉണ്ടാക്കാനാകും. ഇത് 500 രൂപയ്ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കാം. കര്‍ഷകര്‍ക്ക് കശുവണ്ടിയോടൊപ്പം കശുമാങ്ങയ്ക്കും മികച്ച വില കിട്ടുന്ന നിലയുണ്ടാക്കും. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മുഴുവന്‍ കശുമാങ്ങയും സംഭരിച്ച് കൊണ്ടായിരിക്കും പയ്യാവൂരില്‍ ഫെനി ഉത്പാദനം നടത്താന്‍ ലക്ഷ്യമിടുന്നത്. സഹകരണ സംഘങ്ങളുമായി സഹകരിച്ച് കൊണ്ട് എല്ലാ ജില്ലയിലും ഫെനി നിർമ്മിയ്ക്കുകയാണ് ലക്ഷ്യമെന്ന് ടി എം ജോഷി പറഞ്ഞു.
ഫെനി ഉത്പാദനത്തിനുള്ള മുന്നൊരുക്കം
1991 മുതല്‍ പയ്യാവൂരില്‍ ഇത്തരമൊരു പദ്ധതി ആരംഭിക്കാന്‍ നീക്കം നടന്നിരുന്നു. 2016 ല്‍ ഇത് സംബന്ധിച്ച് ആദ്യ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചു. 2019 ല്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി വൈകാന്‍ ഇടയാക്കി. നിയമ വകുപ്പിന്റെ നിലപാടായിരുന്നു തടസം നിന്നത്. ഇത് പരിഹരിച്ചാണ് ഇപ്പോള്‍ എക്‌സൈസ് വകുപ്പിന്റെ അനുമതി നല്‍കിയിരിയ്ക്കുന്നത്. ചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താനായിരുന്നില്ല.
പയ്യാവൂരില്‍ മദ്യ നിര്‍മാണം സംബന്ധിച്ച സാഹചര്യങ്ങള്‍ വിശദമായി തന്നെ പഠന വിധേയമാക്കിയിരുന്നു. ഗോവയില്‍ നിന്ന് ഉള്‍പ്പെടെ വിദഗ്ദരെ എത്തിച്ച് സാഹചര്യങ്ങള്‍ പഠിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പയ്യാവൂര്‍ കാക്കത്തോട് രണ്ടേക്കറില്‍ ഗോഡൗണും ഒരുക്കി കഴിഞ്ഞതായും ടി എം ജോഷി ചൂണ്ടിക്കാട്ടുന്നു.
ഫെനിയും മലയോര കൃഷിക്കാരനും
കശുമാങ്ങയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്ന നിലയുണ്ടാവുമ്പോള്‍ കശുവണ്ടിയോടൊപ്പം കശുമാങ്ങയ്ക്കും വില കിട്ടുന്നത് കൃഷിക്കാര്‍ക്ക് വലിയ നേട്ടമാകും. നേരത്തെ 147 രൂപ വരെയുണ്ടായിരുന്ന കശുവണ്ടി വില നിലവില്‍ 85 രൂപയിലേക്ക് ഇടിഞ്ഞു. സംഭരണം കാര്യക്ഷമല്ലെന്നതും തിരിച്ചടിയാണ്. കഴിഞ്ഞ ഏപ്രില്‍- മേയ് മാസങ്ങളില്‍ ഉണ്ടായ മഴ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യമെല്ലാം പ്രതിസന്ധിയിലാക്കിയ കര്‍ഷകര്‍ക്ക് ആശ്വാസമാവുന്നതാണ് ഇപ്പോഴത്തെ തീരുമാനം.
കശുവണ്ടി കൃഷി
പൊതുവെ ചെലവുകുറഞ്ഞ കൃഷിയാണ് കശുമാവ്. തരിശായ സ്ഥലവും വളരെ കുറഞ്ഞ അളവിലുള്ള വെള്ളവുമാണ് ആവശ്യം. വളവും വേണ്ട. ഒരു കിലോ കശുവണ്ടിക്ക് 140 രൂപയോളം ലഭിക്കും. 30-35 വര്‍ഷത്തോളം വിള ലഭിക്കുന്ന നിലയുണ്ടാവും. ഒരു വൃക്ഷത്തില്‍നിന്ന് പത്തു കിലോവരെ കശുവണ്ടി കിട്ടും. എന്നാല്‍, കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വലിയ പ്രയോജനമാകുന്നതാണ് മദ്യ ഉത്പാദന നീക്കം. കശുമാങ്ങ തോട്ടങ്ങളില്‍ നശിച്ച് പോകുന്ന പോഷകസമൃദ്ധമായ കശുമാങ്ങയില്‍ നിന്നാണ് മൂല്യവര്‍ദ്ധിത ഉത്പന്നമായി മദ്യം നിര്‍മ്മിക്കുന്നത്. ഇത് അധിക വരുമാനമായി മാറും. കൂടുതല്‍ വരുമാനം ഉണ്ടാവുന്ന നിലയുണ്ടായാല്‍ കശുമാവ് കൃഷിയും വര്‍ധിക്കുന്ന സാഹചര്യവും ഉണ്ടാവും.