അറിയാം ആടുകളിലെ പ്ലേഗിനെ,
തടയാം കാലിവസന്തയുടെ അപരനെ

അറിയാം ആടുകളിലെ പ്ലേഗിനെ, തടയാം കാലിവസന്തയുടെ അപരനെ

സൗജന്യ പ്രതിരോധ വാക്‌സിന്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ അഞ്ച് വരെ. ആടുവളര്‍ത്തല്‍ മേഖലയില്‍ കനത്ത സാമ്പത്തികനഷ്ടം വിതയ്ക്കാന്‍ ശേഷിയുള്ള സാംക്രമിക വൈറസ് രോഗത്തെ ഉന്മൂലനം ചെയ്യാം.
Updated on
2 min read

ആടുവളര്‍ത്തല്‍ മേഖലയില്‍ കനത്ത സാമ്പത്തികനഷ്ടം വിതയ്ക്കാന്‍ ശേഷിയുള്ള സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ സ്മാള്‍ റൂമിനന്റ്‌സ് മോര്‍ബില്ലി എന്നയിനം വൈറസുകളാണ് കാരമക്കാര്‍. പി.പി.ആര്‍. (പെസ്റ്റ് ഡെ പെറ്റിറ്റ്‌സ് റുമിനന്റ്‌സ് - Peste des petits Ruminants) എന്നു ശാസ്ത്രനാമം. ഒരു കാലത്ത് കാലിവളര്‍ത്തല്‍ മേഖലയെ പിടിച്ചു കുലുക്കിയ കാലിവസന്ത രോഗവുമായി സമാനതകള്‍ ഏറെയുള്ളതിനാല്‍ കാലിവസന്തയുടെ അപരന്‍ (സ്യൂഡോ റിന്‍ഡര്‍പെസ്റ്റ്)എന്ന വിളിപ്പേരുമുണ്ട്. ആടുകളില്‍ ഒറ്റയടിക്ക് കൂട്ടമരണം വിതയ്ക്കാന്‍ ശേഷിയുള്ളതിനാലാണ് ആടുകളിലെ പ്ലേഗ് എന്നു വിളിക്കുന്നത്. ഈ രോഗത്തെ തുടച്ചുനീക്കാന്‍ സമഗ്ര പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ അഞ്ച് വരെയാണ് പരിപാടി. മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് കര്‍ഷകരുടെ വീടുകളിലെത്തി ആടുകള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കും. 2030- ല്‍ കേരളത്തെആടുവസന്തമുക്തമാക്കുകയാണു ലക്ഷ്യം.

ന്യുമോണിയയും വയറിളക്കവും മൂര്‍ച്ഛിച്ച് മരണം

ഇന്ത്യയില്‍ ആദ്യമായി തമിഴ്‌നാട്ടിലെ വില്ലിപുരത്ത് 1989- ല്‍ ചെമ്മരിയാടുകളിലാണ് രോഗം കണ്ടെത്തിയത്. ഇന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍വ്യാപകമാണ് ആടുവസന്ത. മതിയായ ആരോഗ്യപരിശോധനകളോ ജൈവസുരക്ഷാനടപടികളോ സ്വീകരിക്കാതെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് രോഗവാഹകരായ ആടുകളെ ഇറക്കുമതി ചെയ്തതിലൂടെയാണ് കേരളത്തിലേക്ക് രോഗമെത്തിയത്. ചെമ്മരിയാടുകളേക്കാള്‍ മറ്റ് ആടുകള്‍ക്കാണ് രോഗസാധ്യത. ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും ആടുവസന്തരോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണ് രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കും. മരണസാധ്യത 85 മുതല്‍ 90 ശതമാനം വരെയാണ്. രോഗം ബാധിച്ച ആടുകള്‍ വിസര്‍ജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും രോഗാണുക്കളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റ ആടുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടേയും രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍ എന്നിവ വഴിയും രോഗവ്യാപനം നടക്കും. രോഗബാധയേറ്റ ആടുകളും ചെമ്മരിയാടുകളും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവന്ന് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ചെറുസ്രവ കണികകള്‍ വഴി വായുവിലൂടെയും രോഗം എളുപ്പത്തില്‍ വ്യാപിക്കും.

കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍ എന്നിവയെല്ലാമാണ്ആടുവസന്തയുടെ ആരംഭ ലക്ഷണങ്ങള്‍.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒരാഴ്ചക്കകം ആടുകള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍ എന്നിവയെല്ലാമാണ്ആടുവസന്തയുടെ ആരംഭ ലക്ഷണങ്ങള്‍. വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വാസനാളത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലര്‍ന്ന വയറിളക്കം, ശ്വാസതടസം, മൂക്കില്‍ നിന്ന് കട്ടിയായി സ്രവം, ഉച്ഛ്വാസ വായുവിന് ദുര്‍ഗന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. വായ്ക്കകത്തും പുറത്തും വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും കണ്ണുകള്‍ ചുവന്ന് പഴുക്കുകയും ചെയ്യും. ഗര്‍ഭിണി ആടുകളുടെ ഗര്‍ഭമലസാനിടയുണ്ട്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ പാര്‍ശ്വാണുബാധകള്‍ക്കും സാധ്യതയുണ്ട്. ശ്വാസതടസവും ന്യുമോണിയയും വയറിളക്കവും നിര്‍ജ്ജലീകരണവും മൂര്‍ച്ഛിച്ചാണ് ആടുകള്‍ ചാവുന്നത്. രോഗനിര്‍ണയത്തിനായി ലക്ഷണങ്ങളെയും പോസ്റ്റ് മോര്‍ട്ടം, ലബോറട്ടറി പരിശോധനകളെയും ആശ്രയിക്കാവുന്നതാണ്.

വാക്‌സിനേഷന്‍ മാത്രം പ്രതിരോധം

ആടുവസന്തനിര്‍മാര്‍ജനപദ്ധതിയുടെ കീഴില്‍ വിതരണം ചെയ്യുന്ന പി.പി.ആര്‍. സെല്‍കള്‍ച്ചര്‍ വാക്‌സിന്‍ ആടുവസന്തപ്രതിരോധിക്കാന്‍ അതീവ ഫലപ്രദമാണ്. ആടുകള്‍ക്ക് നാലുമാസമെത്തുമ്പോള്‍ പി.പി.ആര്‍. തടയാനുള്ള വാക്സിന്‍ നല്‍കാം. ഏകദേശം മൂന്ന് വര്‍ഷം വരെ പി.പി.ആര്‍. വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകള്‍ക്ക് നല്കാന്‍ ഒറ്റ ഡോസ് വാക്‌സിനു കഴിയും.നമ്മുടെ നാട്ടില്‍ ഇപ്പോള്‍ആടുവസന്തഏറ്റവും വ്യാപകമായ രീതിയില്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ ഫാമിലെ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃ-പിതൃശേഖരത്തില്‍ ഉള്‍പ്പെട്ട (പേരന്റ് സ്റ്റോക്ക് ) ആടുകള്‍ക്ക് രണ്ടുവയസു വരെ വര്‍ഷത്തില്‍ ഒരിക്കലും, പിന്നീട് വാക്സിന്റെ പരമാവധി പ്രതിരോധ കാലാവധിയായ മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പും വാക്സിന്‍ ആവര്‍ത്തിക്കാന്‍ സംരംഭകര്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്സിന്‍ നല്‍കുന്നതിന് മുമ്പായി ആടുകളെ വിരയിളക്കണം. മുതിര്‍ന്ന ആടുകള്‍ക്ക് പ്രജനനനത്തിന് മുമ്പായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യം. ഗര്‍ഭിണി ആടുകള്‍ക്കും പി.പി.ആര്‍. വാക്സിന്‍ നല്‍കുന്നതിന് കുഴപ്പമില്ലെങ്കിലും നാലും അഞ്ചും മാസം ഗര്‍ഭിണികളായ, പ്രസവം ഏറെ അടുത്ത ആടുകളെ പി.പി. ആര്‍. വാക്സിന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാം. ആടുവളര്‍ത്തല്‍ സംരംഭം നടത്തുന്ന കര്‍ഷകര്‍ തൊട്ടടുത്ത വെറ്ററിനറി ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ഈ അവസരം പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

logo
The Fourth
www.thefourthnews.in