കൃഷിദര്‍ശന്‍: കര്‍ഷകര്‍ക്ക് 
ഓണ്‍ലൈനായി പരാതി നല്‍കാം

കൃഷിദര്‍ശന്‍: കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി പരാതി നല്‍കാം

ജനുവരി 16 മുതല്‍ 20 വരെയാണ് പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്.
Updated on
1 min read

കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരോട് സംവദിക്കുന്ന കൃഷിദര്‍ശന്‍ പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൃഷിവകുപ്പിന്റെ എയിംസ് ( അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം ) പോര്‍ട്ടലിന്റെ പുതിയ പതിപ്പിലൂടെയാണ് കര്‍ഷകര്‍ പരാതികള്‍ സമര്‍പ്പിക്കേണ്ടത്. ജനുവരി 16 മുതല്‍ 20 വരെ പരാതികള്‍ ഓണ്‍ലൈനായി നല്‍കാം. എഴുതി തയാറാക്കിയ പരാതികള്‍ ഓണ്‍ലൈനായി അപ്ലോഡും ചെയ്യാം. കര്‍ഷകര്‍ക്ക് നേരിട്ടോ, അതാത് കൃഷിഭവനുകള്‍ വഴിയോ പരാതികള്‍ നല്‍കാം.

പരാതി സമര്‍പ്പിക്കേണ്ടുന്ന വിധം

കര്‍ഷകര്‍ www.aims.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് AIMS New Services എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന പേജില്‍ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഐ.ഡി, പാസ്വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. ഐഡി, പാസ്വേഡ് എന്നിവ ലഭ്യമല്ലാത്ത കര്‍ഷകര്‍ക്ക് സ്വന്തം ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. www.aimnsew.kerala.gov.in എന്ന വെബ് അഡ്രസ് വഴിയും ഈ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം.

ലോഗിന്‍ ചെയ്ത ശേഷം ഡാഷ്‌ബോര്‍ഡിലെ 'MY LAND' എന്ന ഭാഗത്ത് കൃഷി ചെയ്യുന്ന ഭൂമിയുടെ വിവരങ്ങള്‍ ചേര്‍ക്കണം. സോഫ്റ്റ്വെയറിന് ബന്ധപ്പെട്ട കൃഷിഭവന്‍, പരാതികള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായാണ് കൃഷിഭൂമി വിവരങ്ങള്‍ ചേര്‍ക്കുന്നത്. കരം രസീത്, പാട്ട ചീട്ട് എന്നിവ അപ്ലോഡ് ചെയ്യേണ്ടതില്ല.

സമര്‍പ്പിക്കുന്ന പരാതിക്ക് ഓണ്‍ലൈനായി അപേക്ഷാ നമ്പര്‍ നല്‍കാനും പരാതിയുടെ തല്‍സ്ഥിതി വിവരങ്ങള്‍ ഓണ്‍ലൈനായി മനസിലാക്കാനും കര്‍ഷകന് സാധിക്കും.

തുടര്‍ന്ന് APPLY New Service എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പരാതി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് നല്‍കാം. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന പരാതിക്ക് ഓണ്‍ലൈനായി അപേക്ഷ നമ്പര്‍ നല്‍കാനും പരാതിയുടെ തല്‍സ്ഥിതി വിവരങ്ങള്‍ ഓണ്‍ലൈനായി മനസിലാക്കാനും കര്‍ഷകന് സാധിക്കും. പരാതിയുടെ പകര്‍പ്പ് പ്രിന്റ് എടുത്തു സൂക്ഷിക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. എഴുതിത്തയാറാക്കിയ പരാതികളോ പരാതികള്‍ സംബന്ധിച്ച ചിത്രങ്ങളോ അപ്ലോഡ് ചെയ്യാവുന്നതാണ്. എഴുതി തയാറാക്കിയ നിവേദനം അതാത് കൃഷിഭവനുകളില്‍ നേരിട്ടും സമര്‍പ്പിക്കാം. AIMS രജിസ്‌ട്രേഷന്‍ ഇല്ലാത്ത കര്‍ഷകര്‍ കൃഷിഭവനില്‍ പരാതി സമര്‍പ്പിക്കുകയാണെങ്കില്‍ ആധാര്‍, മൊബൈല്‍ വിവരങ്ങള്‍ കൂടി നല്‍കി വേണം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍.

logo
The Fourth
www.thefourthnews.in