വയനാട്ടിലേക്കുള്ള കുടിയേറ്റവും 
പ്രകൃതിയും കൃഷിയും

വയനാട്ടിലേക്കുള്ള കുടിയേറ്റവും പ്രകൃതിയും കൃഷിയും

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് വയനാടന്‍ മലനിരകളിലേക്കുള്ള വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം. ആ കുടിയേറ്റത്തിനൊരു ചരിത്രമുണ്ട്
Updated on
4 min read

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് വയനാടന്‍ മലനിരകളിലേക്കുള്ള വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം. ആ കുടിയേറ്റത്തിനൊരു ചരിത്രമുണ്ട്. ആദിവാസികള്‍ മാത്രമുണ്ടായിരുന്ന വയനാട്ടിലേക്ക് നാനാജാതി മതക്കാരും ദേശക്കാരുമായ കുറഞ്ഞത് ഏഴുതരം കുടിയേറ്റക്കാര്‍ പല കാലങ്ങളിലായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഡെക്കാന്‍ പീഠഭൂമിയുടെ തുടര്‍ച്ചയായി സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ് വയനാട്. സമുദ്രനിരപ്പില്‍നിന്നു 700 മീറ്റര്‍ മുതല്‍ 2100 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഇതില്‍പ്പെടുന്നു.

സമുദ്രനിരപ്പില്‍നിന്നുള്ള ഉയരക്കൂടുതല്‍കൊണ്ട് ഊഷ്മാവ് കുറയുകയും ഏതാണ്ട് മിതശീതോഷ്ണാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്ന പ്രദേശമാണ് വയനാട്

കാലാവസ്ഥയും വിളകളും

സമുദ്രനിരപ്പില്‍നിന്നുള്ള ഉയരക്കൂടുതല്‍കൊണ്ട് ഊഷ്മാവ് കുറയുകയും ഏതാണ്ട് മിതശീതോഷ്ണാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്ന പ്രദേശമാണ് വയനാട്. കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് കാപ്പി, തേയില, ഏലം, ഓറഞ്ച്, പച്ചക്കറികള്‍ എന്നിവ ഇവിടെ തഴച്ചുവളരും. ഉഷ്ണമേഖലാ വിളകള്‍ക്കും ഇഷ്ടപ്പെട്ട ഭൂപ്രദേശമാണെങ്കിലും വളര്‍ച്ച, പൂവിടല്‍, മൂപ്പ് എന്നിവയില്‍ സമതലങ്ങളുമായി നല്ല വ്യത്യാസമുണ്ടാകും. മൂന്നു മാസം മൂപ്പുള്ളൊരു നെല്ലിനം വയനാട്ടില്‍ മൂപ്പെത്താന്‍ നാലു മാസമെടുക്കും. കുരുമുളക്, കശുവണ്ടി, പ്ലാവ്, മാവ് എന്നിവയുടെ പുഷ്പിക്കല്‍, വിളവെടുപ്പുകാലം എന്നിവയിലും വ്യത്യാസമുണ്ട്.

'വയല്‍നാടാ'യിരുന്ന വയനാട്

'വയല്‍നാടാ'യിരുന്ന വയനാട് ഒരു കാലത്ത് നെല്‍കൃഷിക്ക് പേരു കേട്ട പ്രദേശമായിരുന്നു. സുഗന്ധ നെല്ലിനങ്ങളായ ജീരകശാല, ഗന്ധകശാല എന്നിവ വയനാടിനു സ്വന്തമായിരുന്നു. കുടിയേറ്റക്കാരുടെ ആദ്യകാല കൃഷിയും നെല്ല് തന്നെയായിരുന്നു. നിരവധി കാരണങ്ങളാല്‍ നെല്‍കൃഷി കുറഞ്ഞു. ഇന്ന് നേന്ത്രവാഴ, ഇഞ്ചി, കമുക്, പച്ചക്കറികള്‍, മരച്ചീനി എന്നീ കൃഷികളിലേക്ക് വയനാടന്‍ കാര്‍ഷികരംഗം വഴിമാറി. തേയില, കാപ്പി, കുരുമുളക്, ഇഞ്ചി, ഏലം തുടങ്ങിയവയാണ് വയനാടന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. കുരുമുളക് പടര്‍ത്തുന്നത് പ്രധാനമായും സില്‍വര്‍ ഓക് എന്ന താങ്ങു മരത്തിലാണെന്ന പ്രത്യേകതയുമുണ്ട്. വയനാടിന്റെ കിഴക്കന്‍ മേഖലകള്‍ ഓറഞ്ച് കൃഷിക്കും പ്രശസ്തമായിരുന്നു. ഇപ്പോഴത് തീരെയില്ലാതായി. യൂക്കാലി, തെരുവ എന്നിവ വാറ്റി തൈലം എടുക്കുന്ന പരിപാടി ചില ഭാഗങ്ങളില്‍ പണ്ടുണ്ടായിരുന്നു.

ചരിത്രത്തിലെ വയനാട്

'വയനാട്' എന്നു വിളിക്കപ്പെടുന്ന ഭൂപ്രദേശം 1957 വരെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു. കേരളം സംസ്ഥാനമായി രൂപംകൊണ്ടശേഷം 1957-ല്‍ മലബാറിനെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു. തെക്കേ വയനാട്, വടക്കേ വയനാട് എന്നിങ്ങനെ വയനാടിനെ കോഴിക്കോട് (തെക്കേ വയനാട്, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി), കണ്ണൂര്‍ (വടക്കേ വയനാട്, മാനന്തവാടി) എന്നീ ജില്ലകളുടെ ഭാഗമാക്കുകയും ചെയ്തു. 1980 ല്‍ വടക്കേ വയനാടും തെക്കേ വയനാടും ചേര്‍ത്ത് വയനാട് ജില്ല രൂപംകൊണ്ടു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി എന്നിവയാണ് താലൂക്കുകള്‍. കര്‍ണാടകയും തമിഴ്നാടുമായി അതിര്‍ത്തികള്‍ പങ്കിടുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മൈസൂരും വയനാടുമായി സാംസ്‌കാരിക വാണിജ്യ ബന്ധങ്ങള്‍ ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഉണ്ടായതായി കണക്കാക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ മൈസൂരില്‍നിന്നു കന്നട സംസാരിക്കുന്ന ജൈനന്മാര്‍ (ഗൗഡര്‍) വയനാട്ടിലേക്ക് കുടിയേറിയതായി കണക്കാക്കുന്നു.

മൈസൂരും വയനാടും ഗൗണ്ടര്‍മാരും

മൈസൂരും വയനാടുമായി സാംസ്‌കാരിക-വാണിജ്യ ബന്ധങ്ങള്‍ ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഉണ്ടായതായി കണക്കാക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ മൈസൂരില്‍നിന്നു കന്നട സംസാരിക്കുന്ന ജൈനന്മാര്‍ (ഗൗഡര്‍) വയനാട്ടിലേക്കു കുടിയേറിയതായി കണക്കാക്കുന്നു. അവര്‍ വയലുകളും വയലോരങ്ങളുമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. ആദിവാസികളുടെ സഹായത്തോടെ വയലുകളില്‍ നെല്ലും വയലോരങ്ങളില്‍ കാപ്പിയും ഓറഞ്ചുമൊക്കെ നട്ടുപിടിപ്പിച്ചു. ഇപ്പോഴും വലിയ കാപ്പിത്തോട്ടങ്ങളുടെ ഉടമകള്‍ മിക്കവാറും ജൈനന്മാരാണ്. ഇതിനു സമാന്തരമായി നീലഗിരി-ഗൂഡല്ലൂര്‍ ഭാഗത്തുനിന്നു തമിഴ് ചെട്ടിമാരും വയനാട്ടിലേക്കു വന്നു. ഇവരാണ് വയനാട്ടിലെ ആദ്യകാല കുടിയേറ്റക്കാര്‍.

പഴശിയും വയനാടും

ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കംവരെ വയനാട് പഴശ്ശിരാജയുടെ അധീനതയിലായിരുന്നു. മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പുവിന്റെ മേല്‍ക്കോയ്മയിലുള്ള പ്രദേശമായിരുന്നു ഇത്. പക്ഷേ, 1792-ലെ ശ്രീരംഗപട്ടണം സന്ധിയനുസരിച്ച് മലബാര്‍ മുഴുവനും ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മയിലായി. ബ്രിട്ടീഷുകാരുടെ നികുതിവര്‍ധനയും അധീശത്വവും പഴശ്ശിരാജ അംഗീകരിക്കാന്‍ തയാറാകാത്തിനെത്തുടര്‍ന്ന് 'പഴശ്ശിരാജ' സിനിമയില്‍ കാണുന്നതുപോലെ വെള്ളക്കാരുമായുള്ള യുദ്ധങ്ങളും പതിവായി.

കോട്ടയം രാജാക്കന്മാരുടെ അധീനതയില്‍ വയനാടായിരുന്ന കാലത്ത് നികുതി പിരിവിനായി കൊണ്ടുവന്ന സവര്‍ണ ഹിന്ദുക്കളാണ് പിന്നീട് ഇവിടുത്തെ ഭൂഉടമകളും ജന്മിമാരുമായി പരിണമിക്കുന്നത്.

ഭൂഉടമകളായ സവര്‍ണ ഹിന്ദുക്കള്‍

കോട്ടയം രാജാക്കന്മാരുടെ അധീനതയില്‍ വയനാടായിരുന്ന കാലത്ത് നികുതി പിരിവിനായി കൊണ്ടുവന്ന സവര്‍ണ ഹിന്ദുക്കളാണ് പിന്നീട് ഇവിടുത്തെ ഭൂഉടമകളും ജന്മിമാരുമായി പരിണമിക്കുന്നത്. രാജാക്കന്മാരില്‍നിന്നു നേരിട്ട് ഭൂമി പതിച്ചുകിട്ടിയതിലൂടെ അവര്‍ വയനാട്ടിലെ വനമടക്കമുള്ള എല്ലാ ഭൂമികളുടെയും ഉടയവരായി മാറി. പിന്നീട് വന്ന തിരുവിതാംകൂര്‍ കുടിയേറ്റക്കാര്‍ ഈ ജന്മിമാരില്‍നിന്നാണ് ഭൂമി വാങ്ങിയത്.

പഴശ്ശിയുടെ അന്ത്യവും ബ്രിട്ടീഷ് വയനാടും

ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലില്‍ 1805ല്‍ പഴശ്ശിരാജ വീരമൃത്യു വരിച്ചതോടെ വയനാട് ബ്രിട്ടീഷുകാരുടെ പൂര്‍ണ ആധിപത്യത്തിലായി. ഇതോടെയാണ് ബ്രിട്ടീഷുകാരുടെ കുടിയേറ്റം ആരംഭിക്കുന്നത്. അവര്‍ക്കു പക്ഷേ, തേയില, കാപ്പി, ഏലം എന്നിവയുടെ വന്‍കിട തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിലായിരുന്നു താത്പര്യം. ഇക്കാലത്ത് തന്നെ തലശേരി, നാദാപുരം എന്നിവിടങ്ങളില്‍നിന്നു മുസ്ലിം കച്ചവടക്കാരും കുടിയേറ്റക്കാരായിയെത്തി. തോട്ടം തൊഴിലാളികളായും ധാരാളം പേര്‍ എത്തിച്ചേര്‍ന്നു. കാലക്രമത്തില്‍ ഇവരൊക്കെ ഇവിടത്തെ അന്തേവാസികളായി മാറി.

Jeevanandan Madhavan Krishnan

ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലില്‍ 1805ല്‍ പഴശ്ശിരാജ വീരമൃത്യു വരിച്ചതോടെ വയനാട് ബ്രിട്ടീഷുകാരുടെ പൂര്‍ണ ആധിപത്യത്തിലായി. ഇതോടെയാണ് ബ്രിട്ടീഷുകാരുടെ കുടിയേറ്റം ആരംഭിക്കുന്നത്.

തിരുവിതാംകൂറുകാരുടെ കുടിയേറ്റം

തിരുവിതാംകൂറുകാര്‍ 1930കള്‍ക്കു ശേഷം മാത്രമാണു വയനാട്ടിലേക്കെത്തുന്നത്. ആദ്യമെത്തിയത് മാനന്തവാടിക്കടുത്ത പയ്യമ്പള്ളിയിലാണ്. തുടര്‍ന്ന്, 1941 ല്‍ തവിഞ്ഞാല്‍ എന്ന ഭാഗത്ത് കുടിയേറ്റക്കാരെത്തി. വയനാടിന്റെ മറ്റു ഭാഗങ്ങളിലേക്കും കുടിയേറ്റം വ്യാപിച്ചു. പുല്‍പ്പള്ളിയില്‍ കുടിയേറ്റക്കാരെത്തുന്നത് 1947 ലാണ്. കുരുമുളകിന്റെ ആദ്യ പ്രതാപ കാലത്തു തന്നെ!

വിമുക്തഭടന്മാരും വയനാടും

വയനാട്ടിലേക്കുള്ള കുടിയേറ്റത്തിന് ആക്കം കൂട്ടിയ മറ്റൊരു പ്രധാന ഘടകം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള വിമുക്തഭടന്മാരുടെ പുനരധിവാസ പദ്ധതിയാണ്. 1946ല്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് അമ്പലവയല്‍ കേന്ദ്രമായി 36,000 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട വിമുക്തഭടന്മാരുടെ കോളനിയാണ് ഇതില്‍ ശ്രദ്ധേയം.

ഓരോ വിമുക്തഭടനും അഞ്ചേക്കര്‍ കരഭൂമിയും രണ്ടേക്കര്‍ വയലും അല്ലെങ്കില്‍ 10 ഏക്കര്‍ കരഭൂമി സര്‍ക്കാര്‍ നല്കി. എം ടി തിരക്കഥയെഴുതി കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത 'ഓപ്പോള്‍' എന്ന ചലച്ചിത്രം ഇത്തരമൊരു മുന്‍ പട്ടാളക്കാരന്റെ കഥയാണ്. വിമുക്തഭടന്മാരില്‍ പലദേശക്കാരും മതക്കാരും ജാതിക്കാരുമുണ്ടായിരുന്നു.

വിമുക്തഭടന്മാര്‍ക്കായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രം

വയനാട് കൊളനൈസേഷന്‍ പദ്ധതി പ്രകാരം എത്തിച്ചേര്‍ന്ന വിമുക്തഭടന്മാര്‍ക്ക് ആവശ്യമായ നടീല്‍ വസ്തുക്കളും കൃഷി അറിവുകളും നല്‍കാനാണ് 1946- ല്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രം തുടങ്ങുന്നത്. മാംഗോസ്റ്റീന്‍, ലിച്ചി, അവക്കാഡോ തുടങ്ങിയ പഴങ്ങളും ഓസ്‌പൈസ്‌ പോലുള്ള സുഗന്ധവിളകളും ഇവിടെ കൊണ്ടുവന്നു പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പുരയിട കൃഷിയുടെ ഭാഗം എന്നതില്‍ കൂടുതലായ സ്ഥാനം ഇവയ്ക്ക് കിട്ടിയില്ല.

ഇന്ന് ഈ കേന്ദ്രം കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലാണ്. ഈ കേന്ദ്രം പിന്നീട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമായി ഉയര്‍ത്തപ്പെട്ടു. ഇപ്പോഴവിടെ കൃഷി വിജ്ഞാന കേന്ദ്രവുമുണ്ട്. 2018 മുതല്‍ കാര്‍ഷിക കോളജും പ്രവര്‍ത്തിക്കുന്നു.

കുരുമുളകു സമൃദ്ധിയും മഹീന്ദ്ര ജീപ്പും

1980-90 കളില്‍ കുരുമുളകിന്റെ സമൃദ്ധി വയനാട്ടിലെ കുടിയേറ്റ കര്‍ഷകരെ സമ്പന്നരാക്കിയിരുന്നു. അക്കാലങ്ങളില്‍ ജീപ്പ് വാങ്ങിക്കാത്ത പുല്‍പ്പള്ളിക്കാര്‍ കുറവായിരുന്നു. ജീപ്പുകളുടെ പുല്‍പ്പള്ളിയിലെ വില്‍പ്പനയുടെ കുത്തനെയുള്ള ഗ്രാഫ് കണ്ട് 'മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര' എന്ന ജീപ്പ് നിര്‍മാണ കമ്പനി അമ്പരന്നു. പുല്‍പ്പള്ളിയില്‍നിന്ന് കുരുമുളക് വില്‍ക്കാന്‍ പോകുന്നവര്‍ പുത്തന്‍ ജീപ്പുമായി തിരിച്ചുവരുന്ന ഒരു കാലം! ലേഖകന്‍ 1986-88 ല്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നപ്പോള്‍ നേരിട്ടുകണ്ടിട്ടുള്ളത് ഓര്‍ക്കുന്നു. പക്ഷേ, കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്കൊപ്പം ദ്രുതവാട്ടം പോലുള്ള രോഗങ്ങളും കുരുമുളകിനെ പ്രശ്‌നത്തിലാക്കി.

കുരുമുളകു കൃഷിയുടെ പതനത്തോടെ വയനാട്ടിലെ ചെറുകിട കര്‍ഷകരെല്ലാം പ്രതിസന്ധിയിലാണ്. പലരും ജീവിക്കാനുള്ള വഴിതേടി മക്കളെ വിദേശങ്ങളിലേക്ക് പറഞ്ഞുവിടുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്!

logo
The Fourth
www.thefourthnews.in