മനസുണര്‍ത്തുന്ന ഓണപ്പൂപ്പാടങ്ങള്‍
നിറങ്ങള്‍ക്ക് മനുഷ്യന്റെ സ്വഭാവത്തെയും പെരുമാറ്റശീലങ്ങളെയും മാറ്റാനുള്ള കഴിവുണ്ടെന്നും ചില നിറങ്ങള്‍ക്ക് സുഖപ്പെടുത്താനുള്ള ശേഷിയുണ്ടെന്നും ക്രിസ്തുവിന് 2000 വര്‍ഷങ്ങള്‍ക്കു മുമ്പേ മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നു. ഓരോ നിറങ്ങള്‍ക്കും മനുഷ്യനില്‍ വ്യത്യസ്ത വികാരങ്ങള്‍ ഉണര്‍ത്താന്‍ ശേഷിയുണ്ടെന്നു തിരിച്ചറിഞ്ഞ ഈജിപ്റ്റുകാര്‍ ചികിത്സയ്ക്കും നിറങ്ങളെ ഉപയോഗിച്ചിരുന്നു. ഇതിനായി വ്യത്യസ്ത നിറങ്ങള്‍ പൂശിയ മുറികള്‍ ഇവര്‍ ഉണ്ടാക്കിയതായും ചരിത്രം പറയുന്നു. ആധുനിക മനഃശാസ്ത്രത്തില്‍ മനഃശാസ്ത്രജ്ഞനായ കാള്‍ യുങ് ഇതേക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വ്യക്തികള്‍ ഇഷ്ടപ്പെടുന്ന നിറമനുസരിച്ച് അവരുടെ വ്യക്തിത്വ സവിശേഷതകള്‍ വരെ അദ്ദേഹം നിര്‍ണയിച്ചു.
ഓണത്തിനു പൂക്കളത്തെത്തുന്ന പൂപ്പാടങ്ങളും ഒരു സുഖപ്പെടുത്തുന്ന അനുഭവം മനുഷ്യന് നല്‍കുന്നുണ്ട്. ഓണത്തിന് അത്തപ്പൂക്കളമൊരുക്കുമ്പോഴും പൂപ്പാടങ്ങള്‍ സന്ദര്‍ശിക്കുമ്പോഴുമെല്ലാം പ്രകൃതിയുടെ സുഖപ്പെടുത്തുന്ന ശക്തി കൂടി നമ്മിലേക്കെത്തുകയാണ്.
മനസുണര്‍ത്തുന്ന ഓണപ്പൂപ്പാടങ്ങള്‍
ഓണത്തിനു മലയാളിയിടുന്ന അത്തപ്പൂക്കളവും അതിലേക്ക് പൂവെത്തിക്കുന്ന പൂപ്പാടങ്ങളുമല്ലാം വെറുമൊരു ആഘോഷത്തിനപ്പുറം മനസില്‍ ചില ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. വിവിധ നിറങ്ങള്‍ തലച്ചോറിന്റെ മുകളിലത്തെ ആവരണമായ സെറിബ്രല്‍ കോര്‍ടെക്‌സില്‍ വിവിധ ഭാഗങ്ങളിലായാണ് തിരിച്ചറിയപ്പെടുന്നത്. ഇങ്ങനെ വിവിധ നിറങ്ങള്‍ ഒരേസമയം കാണുമ്പോള്‍ തലച്ചോറില്‍ പൊതുവേ ഒരു ഉദ്ദീപനം ഉണ്ടാകുകയും ഇത് ഗുണപരമായ ചില രാസമാറ്റങ്ങള്‍ തലച്ചോറില്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി കൃഷിയെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ശാസ്ത്രശാഖയായ ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പിയിലും പഠനങ്ങളുണ്ട്. ഓണത്തിനു പൂക്കളത്തെത്തുന്ന പൂപ്പാടങ്ങളും ഒരു സുഖപ്പെടുത്തുന്ന അനുഭവം മനുഷ്യന് നല്‍കുന്നുണ്ട്. ഓണത്തിന് അത്തപ്പൂക്കളമൊരുക്കുമ്പോഴും പൂപ്പാടങ്ങള്‍ സന്ദര്‍ശിക്കുമ്പോഴുമെല്ലാം പ്രകൃതിയുടെ സുഖപ്പെടുത്തുന്ന ശക്തി കൂടി നമ്മിലേക്കെത്തുകയാണ്. ഇത്തരത്തില്‍ പൂപ്പാടങ്ങളൊരുക്കി ഓണത്തെ വരവേല്‍ക്കാനൊരുങ്ങുന്ന നിരവധി കര്‍ഷകരുണ്ട് ഇന്ന് കേരളത്തില്‍.
കൂട്ടുകൃഷിയെ പ്രോത്സാഹിപ്പിക്കാനായി ആലപ്പുഴ ജില്ലാ പഞ്ചായത്തും ചേര്‍ത്തല തെക്ക് കൃഷിഭവനും ചേര്‍ന്നു നടത്തുന്ന ആവണിപ്പാടം പദ്ധതിക്കു കീഴിലാണ് ഇവരുടെ കൃഷി. ഈ പദ്ധതിക്കു കീഴിലുള്ള ഒരു പ്രദര്‍ശനതോട്ടം കൂടിയാണിത്.
തിരുവിഴേശ്വരന്റെ പൂവും പച്ചക്കറിയും
കൃഷിയില്‍ കര്‍ഷകര്‍ചേര്‍ന്നുള്ള കൂട്ടുകൃഷിയുടെ ഉദാഹരണം കൂടിയാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തിഴുവിഴയിലെ തിരുവിഴേശ്വരന്‍ കൃഷിക്കൂട്ടം. പത്തു കര്‍ഷകര്‍ ചേര്‍ന്നാണ് കൃഷി. ഇവര്‍ ഒരുമിച്ചപ്പോള്‍ ഓണത്തിന് പച്ചക്കറിയും പൂക്കളുമൊക്കെ റെഡി. പൂപ്പാടങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് അത്തപ്പൂക്കളമിടാനുള്ള പൂക്കളും പച്ചക്കറികളും വാങ്ങി തിരികേ പോകാം. തോട്ടത്തില്‍ നിന്നു തന്നെയാണ് പ്രധാന വില്‍പന. ചിലപ്പോള്‍ തോട്ടത്തിനു മുമ്പിലെ റോഡിലേക്കു കൂടി ഇതുമാറും.
കൂട്ടുകൃഷിയെ പ്രോത്സാഹിപ്പിക്കാനായി ആലപ്പുഴ ജില്ലാ പഞ്ചായത്തും ചേര്‍ത്തല തെക്ക് കൃഷിഭവനും ചേര്‍ന്നു നടത്തുന്ന ആവണിപ്പാടം പദ്ധതിക്കു കീഴിലാണ് ഇവരുടെ കൃഷി. ഈ പദ്ധതിക്കു കീഴിലുള്ള ഒരു പ്രദര്‍ശനതോട്ടം കൂടിയാണിത്. ജോതിഷ്, അനില്‍ലാല്‍, ശരണ്യ, അഭിലാഷ്, ദീപങ്കര്‍, പ്രദീഷ്, ജോയ് തുടങ്ങി 10 കര്‍ഷകരുടെ കൃഷിക്കൂട്ടമാണ് ഇവിടത്തെ കൃഷിക്ക് നേതൃത്വം നല്‍കുന്നത്. തിരുവിഴ ദേവസ്വത്തിന്റെ 15 ഏക്കറും സ്വകാര്യവ്യക്തിയുടെ നാലര ഏക്കറും പാട്ടത്തിനെടുത്ത് 19.5 ഏക്കറിലാണ് കൃഷിക്കൂട്ടത്തിന്റെ കൂട്ടുകൃഷി. അതില്‍ മൂന്നേക്കറാണ് പൂക്കൃഷിക്കായി മാറ്റിയിരിക്കുന്നത്. ഇവിടെ ആഫ്രിക്കന്‍ ബന്തി, വാടാമല്ലി, തുമ്പ എന്നിവയെല്ലാമാണ് കൃഷി ചെയ്തിരിക്കുന്നത്. കുറച്ചു സ്ഥലത്ത് നെല്‍കൃഷി നടത്തും. കരനെല്‍കൃഷിയും ഇതില്‍ ഉള്‍പ്പെടും. ബാക്കി സ്ഥലത്ത് ഓണപച്ചക്കറികള്‍ വിളയുകയാണ്. പാവല്‍, പടവലം, കുറ്റിപ്പയര്‍, വെണ്ട, പീച്ചില്‍, വെള്ളരിക്ക, ചേന, മുളക്, കുക്കുംബര്‍, ഏത്തവാഴ, ചീര തുടങ്ങി ഇവിടെ വിളയുന്നത് വിവിധങ്ങളായ പച്ചക്കറികളാണ്.
മൂന്നു മാസം മുമ്പേ ഓണത്തിനായുള്ള കൃഷി തുടങ്ങി. 20,000 ചുവട് ബന്തിയും 1000 ചുവട് വാടമല്ലിയും തുമ്പയുമൊക്കെ ചേര്‍ന്ന് ഇവിടെ വിരിയിക്കുന്നത് ഓണവര്‍ണങ്ങളാണ്.
തമിഴ്‌നാട്ടിലെ തോവാളയിലും ഗൂഡല്ലൂരിലും കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുമൊക്കെയാണ് മുന്‍കാലങ്ങളില്‍ ഓണപ്പൂകൃഷി നടന്നിരുന്നത്. എന്നാല്‍ ഇന്ന് അത്തപ്പുലരിമുതല്‍ മലയാളിയുടെ പൂക്കളത്തിലേക്ക് നാട്ടില്‍ വിരിഞ്ഞ പൂക്കളെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഈ കൃഷി.
മഴ പ്രധാന വില്ലന്‍
പൂവ് കൃഷിയിലെ പ്രധാന വില്ലനായി മാറുന്നത് ഇടയ്ക്ക് തോരാതെ പെയ്യുന്ന മഴയാണെന്ന് ഇവര്‍ പറയുന്നു. പെയ്ത്തുവെള്ളം പൂക്കളുടെ ഇതളുകളില്‍ തങ്ങി നിന്ന് ഇവ ചീഞ്ഞു പോകുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ഏറ്റവും മികച്ച ഉത്പാദക കൂട്ടത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പുരസ്‌കാരം തേടിയെത്തിയതിലുള്ള സന്തോഷത്തിലാണിവര്‍.