ചന്ദനം വിളയുന്ന പച്ചക്കറിത്തോട്ടം, കഞ്ഞിക്കുഴിയിലെ കാര്‍ഷിക മാതൃക
ലാഭമുണ്ടാക്കാന്‍ മഴക്കാല പച്ചക്കറികൃഷി. ഒരിഞ്ചുപോലും നഷ്ടപ്പെടുത്താതെയുള്ള കൃഷിക്കിടയില്‍ ചന്ദനവും വിളയുന്നു. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിലെ കര്‍ഷകനായ ആനന്ദന്റെ മുമ്പില്‍ പ്രായവും തോല്‍ക്കുകയാണ്. പുലര്‍ച്ചേ മൂന്നിന് ഉണര്‍ന്ന് കൃഷി ജോലികളില്‍ സജീവമാകുന്ന ഈ 77 കാരന്‍ പൂര്‍ണ ആരോഗ്യവാനാണ്. 1995 മുതലാണ് ആനന്ദന്‍ പച്ചക്കറികൃഷിയില്‍ സജീവമാകുന്നത് 365 ദിവസവും എന്തെങ്കിലുമൊക്കെ പച്ചക്കറിയുണ്ടാകും ആനന്ദന്റെ ഒരേക്കറില്‍.
മഴക്കാല പച്ചക്കറികൃഷി എങ്ങനെ ചെയ്യണമെന്നറിയണമെങ്കില്‍ ഇവിടെ എത്തിയാല്‍ മതി. മഴയത്ത് അല്‍പം നഷ്ടമൊക്കെ ഉണ്ടായാലും മഴക്കാലത്ത് പച്ചക്കറികള്‍ക്ക് വിലക്കൂടുതല്‍ ലഭിക്കുന്നതിനാല്‍ ലാഭം കിട്ടുമെന്നാണ് ആനന്ദന്‍ പറയുന്നത്. വെണ്ടയും, കുക്കുബറും ചീരയും പാവലും കിഴങ്ങുവര്‍ഗങ്ങളും ഇഞ്ചിയുമെല്ലാം ഈ കൃഷിയിടത്തില്‍ മഴയെ തോല്‍പ്പിച്ച് വിളവു തരുന്നു. മഴക്കാലകൃഷിയില്‍ വ്‌ളാത്താങ്കര ചീരയാണ് നല്ലത്. ഓണക്കൂര്‍ പാവല്‍ നല്ല വിളവുതരും. മഴക്കാലകൃഷിക്കുള്ള തൈകള്‍ ഏപ്രില്‍ 20 ന് നട്ടാല്‍ പിന്നെ വിളവെടുത്താല്‍ മതി. പത്തുദിവസം കൂടുമ്പോള്‍ കുമ്മായപ്രയോഗവും ഇടയ്ക്ക് വേപ്പിന്‍പിണ്ണാക്കും- ഇതാണ് മഴക്കാലവിളവിന്റെ രഹസ്യം.
എല്ലാകര്‍ഷകരും ചന്ദനം വയ്ക്കണമെന്നാണ് ആനന്ദന്റെ ആഗ്രഹം. കിലോയക്ക് 20,000 ന് മുകളിലാണ് ചന്ദനത്തിന്റെ വില. ഒരു ചന്ദനം 20 വര്‍ഷം കൊണ്ട് വിളവെടുപ്പു പ്രായമാകും. ഫോറസ്റ്റ് വിഭാഗത്തെ അറിയിച്ചാല്‍ അവര്‍ ഇതെടുത്ത് ലേലം ചെയ്ത് വിറ്റ് പണം അക്കൗണ്ടില്‍ തരും. മറയൂരില്‍ നിന്ന് കൊറോണാക്കാലത്തെത്തിച്ച തൈകള്‍ ഇപ്പോള്‍ രണ്ടുവര്‍ഷത്തെ വളര്‍ച്ചയെത്തി. കണ്ടറിയേണ്ടതു തന്നയാണ് ആനന്ദന്റെ കൃഷി ജീവിതം.
ഫോണ്‍: ആനന്ദന്‍- 85478 40569