സംയോജിത കൃഷിയിലെ മോനൂസ് ബ്രാന്‍ഡ്; ഒരു മെക്കാനിക്കല്‍ എഞ്ചിനീയറുടെ കൃഷിഗാഥ
റബര്‍ തോട്ടത്തില്‍ ഇറച്ചിക്കോഴി, പശുവളര്‍ത്തല്‍ ലാഭകരമാക്കാന്‍ തീറ്റപ്പുല്‍ കൃഷി, പാലില്‍ നിന്ന് സ്വന്തം ബ്രാന്‍ഡില്‍ ഐസ്‌ക്രീമും. തോട്ടത്തിലെ കൊക്കോ പോകുന്നത് കാഡ്ബറിസിന്റെ ചോക്ലേറ്റ് നിര്‍മാണത്തിന്. 20 ഏക്കറില്‍ നെല്ല് ഉള്‍പ്പെടെ വ്യത്യസ്ത വിളകള്‍ സമ്മിശ്ര രീതിയില്‍ കൃഷി ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഇലഞ്ഞി വെളിയത്തുമാലില്‍ മോനു വര്‍ഗീസ് എന്ന വക്കച്ചന്‍. സമ്മിശ്രകൃഷി സംയോജിത രീതിയില്‍ നടത്തുകയാണ് വക്കച്ചന്‍. എന്താണ് സമ്മിശ്ര, സംയോജിത കൃഷിയെന്നും വക്കച്ചന്‍ നമ്മെ പഠിപ്പിക്കും.
പാല്‍ സൊസൈറ്റിയില്‍ അളന്നതിന് ശേഷമുള്ള പാല്‍, ഐസ്‌ക്രീം നിര്‍മാണത്തിനെടുക്കുന്നു. മോനൂസ് എന്ന ബ്രാന്‍ഡിലാണ് ഐസ്‌ക്രീം വില്‍പന
20 ഏക്കറിന് നടുവില്‍ നില്‍ക്കുന്ന വീട് കേന്ദ്രീകരിച്ചാണ് വക്കച്ചന്റെ കൃഷിയിടം. വീടിന് പുറകിലായി നിര്‍മിച്ചിരിക്കുന്ന തൊഴുത്തില്‍ വാലാട്ടി പാല്‍ചുരത്തുന്നത് 20 പശുക്കളാണ്. എച്ച്എഫ് ഇനത്തില്‍പ്പെട്ട ഇവയെ നോക്കാന്‍ മൂന്ന് തൊഴിലാളികളുമുണ്ട്. പശുക്കള്‍ക്കുള്ള തീറ്റപ്പുല്ല് മൂന്നര ഏക്കറില്‍ കൃഷിചെയ്യുന്നു. വര്‍ഷം മുഴുവനും പശുക്കള്‍ക്കുള്ള പച്ചപ്പുല്ല് ഇവിടെ പച്ചപിടിക്കുകയാണ്. 7.5 എച്ച്പിയുടെ ചാഫ്കട്ടറില്‍ അരിഞ്ഞ് പശുക്കളുടെ തൂക്കത്തിനനുസരിച്ച് കാലിത്തീറ്റയും ചേര്‍ത്ത് നല്‍കുന്നു. 50 കിലോ തീറ്റപ്പുല്ലാണ് ഒരു ദിവസം ഒരു പശുവിന് നല്‍കുന്നത്. 270 ലിറ്റര്‍ പാലാണ് ഒരുദിവസം ലഭിക്കുന്നത്.
പാല്‍ സൊസൈറ്റിയില്‍ അളന്നതിന് ശേഷമുള്ള പാല്‍, ഐസ്‌ക്രീം നിര്‍മാണത്തിനെടുക്കുന്നു. മോനൂസ് എന്ന ബ്രാന്‍ഡിലാണ് ഐസ്‌ക്രീം വില്‍പന. ഒരു ചുവട്ടില്‍ രണ്ടെന്ന രീതിയില്‍ കൃഷി ചെയ്യുന്ന ഏത്തവാഴ ലക്ഷങ്ങളാണ് കൊണ്ടുവരുന്നത്. രണ്ടായിരത്തിനടുത്ത് ഏത്തവാഴകള്‍ക്കുള്ള വളവും തൊഴുത്തില്‍ നിന്നുതന്നെ. ടി x ഡി സങ്കരയിനം തെങ്ങുകളില്‍ നിന്ന് കരിക്ക് ഐസ്‌ക്രീമും വെളിച്ചെണ്ണയും വിപണിയിലെത്തിക്കുന്നു. മൂന്നര ഏക്കറില്‍ നെല്‍കൃഷിയും സജീവമാണ്.
റബര്‍ നഷ്ടത്തിലേക്ക് നീങ്ങിയപ്പോള്‍ തോന്നിയ ആശയമാണ് റബര്‍തോട്ടത്തിലേക്ക് ഇറച്ചിക്കോഴിയെ എത്തിച്ചത്. റബര്‍ തോട്ടം ലീസിന് നല്‍കി. ലീസിനെടുത്തവര്‍ തന്നെ ഫാം നിര്‍മിച്ചു. ഫാമില്‍ നിന്ന് പോകുന്ന ഒരു കിലോ കോഴിയിറച്ചിക്ക് 85 പൈസ വീതം ലഭിക്കുന്നു. 45 ദിവസം കൂടുമ്പോള്‍ ഒൻപത് ഷെഡ്ഡുകളില്‍ വളരുന്ന കോഴികള്‍ കൊണ്ടുവരുന്നത് 50,000 രൂപയാണ്. ലിറ്ററായി കോഴി ഷെഡ്ഡിന് താഴെയിട്ടിരിക്കുന്ന അറക്കപ്പൊടി വളമായി റബര്‍ തോട്ടത്തിലെത്തുന്നു.
കവുങ്ങിനൊപ്പം കൊക്കോ ഇടവിളയായി കൃഷി ചെയ്തിരിക്കുന്നു. തന്റെ കൃഷിയിടത്തിലെത്തുന്നവര്‍ക്ക് കൃഷിയറിവുകള്‍ പറഞ്ഞുതരാന്‍ സദാ സന്നദ്ധനാണ് എറണകുളം ജില്ലയിലെ മികച്ച യുവകര്‍ഷകനായി കൃഷിവകുപ്പ് തിരഞ്ഞെടുത്ത വക്കച്ചന്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍.
ഫോണ്‍: വക്കച്ചന്‍- 95629 83198.