മീന്‍ വിളയുന്ന മത്സ്യക്കൂടുകള്‍ ; കൂടുമത്സ്യകൃഷിയും രീതികളും

കൂടുമത്സ്യകൃഷി എങ്ങനെ നടത്താം ? കേരളത്തില്‍ കൂടുമത്സ്യകൃഷി ലാഭകരമോ ?

മത്സ്യം വളര്‍ത്തുന്നതിന് പലരീതികളുണ്ട്. കായലുകളും പുഴകളും ഒഴുക്കുള്ള ജലാശയങ്ങളും ധാരാളമുള്ള കേരളത്തില്‍ കൂടുമത്സ്യകൃഷി വിജയകരമായി നടത്താമെന്നാണ് ഈ രീതിയില്‍ മത്സ്യം വളര്‍ത്തുന്ന കര്‍ഷകരുടെ സാക്ഷ്യം. ഒഴുക്കുള്ള ജലാശയങ്ങളില്‍ കരയില്‍ നിന്ന് അല്‍പം മാറി കൂടുകൃഷിക്കുള്ള ഒരുക്കങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയോടെ നടത്താം. രാസസംയുക്തങ്ങളും മറ്റും വരുന്ന പഴയ വീപ്പകളാണ്(ഡ്രം) ഇതിന്റെ അടിത്തറയായി ഉപയോഗിക്കുന്നത്. ഇതിനുമുകളില്‍ ജിഐ പൈപ്പുകള്‍ വെല്‍ഡുചെയ്ത് പിടിപ്പിച്ച് നടപ്പാതയും കുടുകളും നിര്‍മിക്കുന്നു. സന്ദര്‍ശകര്‍ക്ക് സുരക്ഷിതമായി നടക്കാനായി ഇതിന്റെ ചുറ്റും സേഫ്റ്റി വാളുകളും കൂടി ക്രമീകരിച്ചാല്‍ കൂടുമത്സ്യകൃഷിയിടം റെഡി.

ഇത്തരത്തില്‍ മത്സ്യക്കൂടുകള്‍ നിര്‍മിച്ചു നല്‍കുന്ന വ്യക്തിയാണ് വിപിന്‍. എറണാകുളം ചെറായി ചാത്തന്‍തറയില്‍ സി ജെ ഐഡിത്തിനു വേണ്ടി വിപിന്‍ നിര്‍മിച്ചു നല്‍കിയ മത്സ്യക്കൂട് ഏറെ വ്യത്യസ്തതകളുള്ളതാണ്. മത്സ്യക്കൂടിനൊപ്പം വെള്ളത്തില്‍ പൊങ്ങികിടക്കുന്ന ചുവന്ന മേല്‍ക്കൂരയുള്ള വീട്, ഫാം ടൂറിസം ലക്ഷ്യം വച്ചുള്ളതാണ്. ഇവിടെ നിന്നുള്ള കായല്‍കാഴ്ചകള്‍ കാണാനും മത്സ്യവിഭവങ്ങള്‍ ആസ്വദിക്കാനും വിദേശികള്‍ ഉള്‍പ്പെടെ ധാരാളം പേരാണ് എത്തുന്നത്. ഇവരുടെ തന്നെ ഹോം സ്‌റ്റേയില്‍ താമസിച്ച് കായല്‍ കാഴ്ചകളും മത്സ്യകൃഷിയുമൊക്കെ കണ്ട് മനംനിറഞ്ഞ് മടങ്ങാം.

ആറു കൂടുകളില്‍ ചെമ്പല്ലിയും കാളാഞ്ചിയുമൊക്കെയാണ് വളരുന്നത്. നീര്‍നായ പോലുള്ളവ, മത്സ്യങ്ങള്‍ ഇട്ടിട്ടുള്ള വല കടിച്ചു കീറാതിരിക്കാന്‍ തുരുമ്പിക്കാത്ത ലോഹവല ഉപയോഗിച്ചുള്ള സേഫ്റ്റി വാളുകളും വേറെയുണ്ട്. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് തുടക്കത്തില്‍ ചെമ്മീനും മൂന്നു മാസം കഴിയുമ്പോള്‍ മുതല്‍ ചാളയും തിരിയാനുമൊക്കെ ചെറുകഷണങ്ങളാക്കിയാണ് തീറ്റ നൽകുന്നത് . വീരംപുഴയിലെ ഒഴുക്കുള്ള ഉപ്പുവെള്ളത്തില്‍ മത്സ്യങ്ങള്‍ സുഖമായി വളരുന്നു.  ഇവിടേക്കെത്താന്‍ വീപ്പകള്‍ ചേര്‍ത്തുള്ള ചങ്ങാടവും റെഡി. സാധാരണ കൃത്രിമകുളങ്ങളിലേതു പോലെ പിഎച്ച്, അമോണിയ ലെവല്‍ എന്നിവ നോക്കേണ്ട, രാവിലെയും വൈകുന്നേരവും കൂടിന്റെ സമീപത്തു കൂടി നടക്കുമ്പോഴുള്ള ആനന്ദം ബോണസാണെന്നും ഐഡിത്ത് പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in