320 ലേറെ അപൂർവ പാരമ്പര്യ നെൽവിത്തുകളുമായി വിത്തുത്സവം
ഹൃദ്രോഗ ചികിത്സയും അരിയും തമ്മിലെന്താണ് ബന്ധം? കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്ന് കരുതുന്ന നെല്ലിനം ഏതാണ്? സ്ത്രീകളുടെ ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരമായി നാട്ടിൻപുറങ്ങളിൽ ഉപയോഗിച്ച് വന്നിരുന്ന അരി ഏത്? ഇന്ത്യയിൽ ലഭിക്കുന്നതിൽ ഏറ്റവും പ്രോട്ടീൻ അടങ്ങിയിട്ടുള്ള നെല്ലിനം ഏത്? ഇക്കാര്യങ്ങളെല്ലാം ശരിയാണോ അല്ലയോ എന്നത് അവിടെ നിൽക്കട്ടെ. നമ്മുടെ നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്തിരുന്ന 320ലേറെ അപൂർവ പാരമ്പര്യ നെൽവിത്തുകളെ പരിചയപ്പെടാം. വയനാട്ടിലെ തിരുനെല്ലിയിലാണ് വിത്തുകളെ അടുത്തറിയാനായി വിത്തുത്സവം നടന്നത്.
വയനാട്ടിലെ കർഷകർ കൃഷി ചെയ്തുവരുന്ന പാരമ്പര്യ നെല്ലിനങ്ങൾ. സുഗന്ധപൂരിതവും വിവിധ നിറങ്ങളിലുള്ളതുമായ നെല്ലുകൾ, കരയിലും മലമടക്കുകളിലും കൃഷി ചെയ്തുവന്നിരുന്ന നെല്ലുകൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേതടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗത്തുനിന്ന് എത്തിയ വ്യത്യസ്തവും രുചികരവുമായ വൈവിധ്യമാർന്ന നെൽ വിത്തുകളാണ് വിത്തുത്സവത്തിലുണ്ടായിരുന്നത്.
കേരള സുന്ദരിയെന്ന പേരു കേൾക്കുമ്പോൾ കേരളത്തിൽ കൃഷിചെയ്തുവരുന്ന നെല്ലാണെന്ന് തോന്നാമെങ്കിലും മലയാളിക്ക് വേണ്ടി കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്നതാണ് ഈ ഇനം. 300 ലേറെ നെല്ലുകൾ 150 ഓളം കിഴങ്ങ് വർഗങ്ങൾ. 15 വ്യത്യസ്ത ഇനം മഞ്ഞളും കൂട്ടത്തിലുണ്ട്. തിരുനെല്ലി കർഷക ഉത്പാദന കമ്പനി ഉൾപ്പെടെ മൂന്ന് കർഷക കൂട്ടായ്മകളാണ് തിരുനെല്ലി വിത്തുത്സവത്തിന്റെ സംഘാടകർ.
വിത്തുകൈമാറ്റത്തിനുള്ള വേദിയെന്നതിലുപരി പുതു തലമുറയെ കൃഷിയിലേക്ക് അടുപ്പിക്കാനുള്ള ഇടം കൂടെയാണ് വിത്തുത്സസവമെന്ന് സംഘാടകരായ തിരുനെല്ലി കർഷക ഉത്പാദനകൂട്ടായ്മക്ക് നേതൃത്വം വഹിക്കുന്ന രാജേഷ് കൃഷ്ണൻ വ്യക്തമാക്കുന്നു. ഭാവിയുടെ ധാന്യമായി കണക്കാക്കുന്ന ചെറുധാന്യങ്ങളുടെ വിപുല ശേഖരവും അവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈവിധ്യമാർന്ന ഭക്ഷണ വസ്തുക്കളെയും വിത്തുത്സവത്തിൽ പരിചയപ്പെടാം.