ഓണക്കാലത്ത് പൂന്തോട്ടപ്രദര്‍ശനങ്ങളുമായി കര്‍ഷകര്‍; 'വരുമാനത്തില്‍ ഒരു പങ്ക് വയനാടിനും'
അത്തം തുടങ്ങി. ഇനി പത്തിന് തിരുവോണം. ഓണത്തിന് പച്ചക്കറിയും പൂക്കളുമൊക്കെയായി സജീവമാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയും ചേര്‍ത്തല തെക്ക് പഞ്ചായത്തും. പൂപ്പാടങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് അവിടെ വിളയുന്ന പൂക്കളും പച്ചക്കറികളും വാങ്ങി തിരികേ പോകാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഓണം ആഘോഷങ്ങള്‍ക്കിടയിലും വയനാട്ടില്‍ പ്രകൃതിദുരന്തങ്ങള്‍ വേട്ടയാടിയ സ്ഥലത്തെ മനുഷ്യരെ ചേര്‍ത്തുപിടിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. തങ്ങളുടെ പൂപ്പാടം കാണാനെത്തുന്നവരില്‍ നിന്നീടാക്കുന്ന തുക മുഴുവന്‍ വയനാടിലെ ദുരന്തമേഖലയിലേക്കു നല്‍കുകയാണിവര്‍.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തിരുവിഴേശ്വരന്‍ കൃഷിക്കൂട്ടത്തിലെ കര്‍ഷകരാണ് തങ്ങളുടെ വരുമാനത്തില്‍ ഒരു പങ്ക് വയനാടിനും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. തോട്ടത്തിന്റെ പ്രവേശിക്കുന്നതിന് നിശ്ചിത തുകയില്ല. അവരവര്‍ക്ക് ഇഷ്ടമുള്ള തുക പാത്രത്തില്‍ നിക്ഷേപിക്കാം. അത് വയനാടിനായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലാ പഞ്ചായത്തും ചേര്‍ത്തല തെക്ക് കൃഷിഭവനും ചേര്‍ന്ന് നടത്തുന്ന ആവണിപ്പാടം പദ്ധതിക്കു കീഴിലാണ് തിരുവിഴ ദേവസ്വത്തിന്റെ മൂന്നേക്കറില്‍ ഇവര്‍ പൂക്കൃഷി ആരംഭിച്ചത്. ജോതിഷ്, അനില്‍ലാല്‍, ശരണ്യ, അഭിലാഷ്, ദീപങ്കര്‍, പ്രദീഷ്, ജോയ് തുടങ്ങി 10 കര്‍ഷകരുടെ കൃഷിക്കൂട്ടമാണ് ഇവിടത്തെ കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഓണത്തിന് പച്ചക്കറികളും പൂക്കളും വിളയുന്ന ഇവിടെ മൂന്നു മാസം മുമ്പേ കൃഷി തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ചെയ്തതിന്റെ ഇരട്ടിസ്ഥലത്താണ് ഇപ്പോഴുള്ളകൃഷി. 20,000 ചുവട് ബന്തിയും 1000 ചുവട് വാടമല്ലിയും തുമ്പയുമൊക്കെ ചേര്‍ന്ന് ഇവിടെ വിരിയിക്കുന്നത് ഓണവര്‍ണങ്ങളാണ്. onam 2024
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തിരുവിഴേശ്വരന്‍ കൃഷിക്കൂട്ടത്തിലെ കര്‍ഷകരാണ് തങ്ങളുടെ വരുമാനത്തില്‍ ഒരു പങ്ക് വയനാടിനും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. തോട്ടത്തില്‍ പ്രവേശിക്കുന്നതിന് നിശ്ചിത തുകയില്ല. അവരവര്‍ക്ക് ഇഷ്ടമുള്ള തുക പാത്രത്തില്‍ നിക്ഷേപിക്കാം. അത് വയനാടിനായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്
ചേര്‍ത്തല താലൂക്കില്‍ ഇരുപതിലധികം കര്‍ഷകരാണ് ഓണത്തിന് പൂക്കൃഷിയും പൂപ്പാടങ്ങളില്‍ ഫ്ലവര്‍ ഷോയുമെല്ലാം ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ- ചേര്‍ത്തല ദേശീയപാതയില്‍നിന്ന് ഇടതോട്ടും വലതോട്ടുമെല്ലാം ഒന്നു വണ്ടിയോടിച്ചാല്‍ പൂക്കളൊരുക്കുന്ന വര്‍ണപ്രപഞ്ചം കാണാം.
തമിഴ്‌നാട്ടിലെ തോവാളയിലും ഗൂഡല്ലൂരിലും കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടുമൊക്കെയാണ് മുന്‍കാലങ്ങളില്‍ ഓണപ്പൂക്കൃഷി നടന്നിരുന്നത്. എന്നാല്‍ ഇന്ന് അത്തപ്പുലരി മുതല്‍ മലയാളിയുടെ പൂക്കളത്തിലേക്കു നാട്ടില്‍ വിരിഞ്ഞ പൂക്കളെത്തിക്കാനാണ് കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ ശ്രമിക്കുന്നത്. ബന്ദിയും വാടാമല്ലിയും തുമ്പയും തുളസിയും ഒക്കെ ഇവര്‍ കൃഷിചെയ്യുന്നു. കൂടെ നാടന്‍ പച്ചക്കറികളും വിളയുന്നുണ്ടിവിടെ.
പൂവില്‍ മൂന്നുടണ്‍ വിളവ് പ്രതീക്ഷിച്ച് സുനില്‍
ഓണപ്പൂക്കൃഷിയില്‍ മൂന്നു ടണ്‍ വിളവാണ് കഞ്ഞിക്കുഴിയിലെ കര്‍ഷകനായ വി പി സുനില്‍ പ്രതീക്ഷിക്കുന്നത്. രണ്ടരയേക്കറില്‍ പൂക്കൃഷി, ബാക്കിസ്ഥലത്ത് പന്തലുകളില്‍ പാവലും പടവലവും പീച്ചിലുമെല്ലാം ഓണസദ്യയൊരുക്കാന്‍ റെഡിയായി നില്‍ക്കുന്നു. ജൂലൈ അഞ്ചിനാണ് രണ്ടരയേക്കറില്‍ ബന്ദിയും വാടമുല്ലയും തുമ്പയും സുനില്‍ നട്ടത്. നാലു വര്‍ഷമായി പച്ചക്കറികള്‍ക്കൊപ്പം ഇദ്ദേഹം പൂക്കൃഷിയും ചെയ്യുന്നു.
ആലപ്പുഴ മായിത്തറയിലെ നാട്ടുകര്‍ഷകരില്‍ വിഐപിയാണ് വി പി സുനില്‍. 365 ദിവസവും പച്ചക്കറി വിളയിക്കുന്ന കര്‍ഷകന്‍. തന്റെ ഒപ്പം ഭാര്യ റോഷ്ണിയും കൂടിയതിനാല്‍ രണ്ടു തൊഴിലാളികളുടെ കൂലി ലാഭിക്കാനായതായി സുനില്‍ പറയുന്നു. ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡായ മായിത്തറയിലാണ് സുനിലിന്റെ കൃഷിയിടങ്ങള്‍.
'കഞ്ഞിക്കുഴി പുഷ്‌പോത്സവം' എന്ന പേരില്‍ അടുത്ത വര്‍ഷം മുതല്‍ വിപുലമായ തോതില്‍ പൂപ്പാടങ്ങള്‍ ഒരുക്കുമെന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ പറഞ്ഞു. പൂവ് കൃഷിചെയ്യുന്നവരെ സഹായിക്കാന്‍ പഞ്ചായത്തിന്റെ കീഴില്‍ പ്രത്യേക പദ്ധതി രൂപീകരിക്കും. ഇത്തവണ 25 കര്‍ഷകരും ജെ എല്‍ ജി ഗ്രൂപ്പുകളും അടക്കം നിരവധി കര്‍ഷകര്‍ ഈ ഓണത്തിന് പൂക്കൃഷിയില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.