പുലാസന്‍, ഇത് റംബൂട്ടാന്റെ അപരന്‍;
കൃഷിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുലാസന്‍, ഇത് റംബൂട്ടാന്റെ അപരന്‍; കൃഷിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരീരത്തിലെ കൊഴുപ്പിനെ കുറക്കാന്‍ കഴിവുള്ള ഈ പഴം, ദുര്‍മേദസിനെ ചെറുക്കും. ഇത് പുലാസന്‍, കണ്ടാല്‍ റംബൂട്ടാന്റെ അപരനെന്നേ തോന്നൂ.
Updated on
2 min read

കണ്ടാല്‍ റംബൂട്ടാന്റെ അപരനെന്നേ തോന്നൂ, ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാന്‍ കഴിവുള്ള ഈ പഴം, ദുര്‍മേദസിനെ ചെറുക്കും. പുലാസന്‍, വിദേശത്തു നിന്ന് വിരുന്നുകാരിയായെത്തി മലയാളക്കരയുടെ സ്വന്തമായി തീര്‍ന്ന മധുരഫലം. നിത്യ ഹരിത സസ്യമായ പുലാസന്‍ വിദേശിയെങ്കിലും കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരും. പുലാസന്‍ പഴത്തിന് ചില ഔഷധ ഗുണങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പിനെ കുറക്കാന്‍ കഴിവുള്ള ഈ പഴം, ദുര്‍മേദസിനെ ചെറുക്കുമെന്നാണ് ഇതില്‍ ആദ്യത്തേത്. പഴച്ചാറ് ഒന്നാംതരം അണുനാശിനിയാണ്. ത്വക്ക്‌രോഗ ചികിത്സയിലും പഴങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടിത്. പനികുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പുലാസന് കഴിയും.

പുലാസന്‍
പുലാസന്‍

തേനിനെ വെല്ലുന്ന മധുരം

തേനിനെ വെല്ലുന്ന മധുരമാണ് പുലാസന്‍ പഴത്തിന്റെ മുഖമുദ്ര. പഴുത്തപഴത്തിന്റെ ഉള്‍ക്കാമ്പ് വിത്തില്‍ നിന്ന് അനായാസം അടര്‍ത്തിയെടുക്കാം. പഴത്തിന്റെ പുറംതോടിന് നല്ല ചുവപ്പുനിറമാണ്. ചക്കയുടെ മുള്ളുപോലുള്ള പുറംഭാഗം കണ്ടാന്‍ കുഞ്ഞന്‍ ചക്കയാണെന്നേ തോന്നൂ. ചെറിയ ഇലകളോടുകൂടിയ ഓരോ പഴക്കുലകളിലും 10 മുതല്‍ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന് 50 മുതല്‍ 80 വരെ ഗ്രാം തൂക്കവുമുണ്ടാകും. മൃദുലമായ ഉള്‍ക്കാമ്പിന് വെള്ള നിറമാണ്. ഇതാണ് മധുരത്തിന്റെ ഇരിപ്പിടം. മലേഷ്യന്‍ സ്വദേശിയാണ് പുലാസന്‍. മലയന്‍ പദമായ പുലസ് എന്ന വാക്കില്‍ നിന്നാണ് പുലാസന്‍ എന്ന പേരുണ്ടായത്. കായില്‍ രണ്ടുകൈകൊണ്ടു പിടിച്ച് കുപ്പിയുടെ അടപ്പു തിരിക്കുന്ന പോലെ ഒന്നു വളച്ചുതിരിച്ചാല്‍ ഇതിന്റെ കായ് തുറക്കും. അങ്ങനെയാണ് ഈ പേരുവന്നത്.

മലയന്‍ പദമായ പുലസ് എന്ന വാക്കില്‍ നിന്നാണ് പുലാസന്‍ എന്ന പേരുണ്ടായത്

കാഴ്ചയ്ക്ക് ഒരു അലങ്കാര വൃക്ഷമെന്നേ തോന്നൂ. 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. കടുംപച്ചിലകള്‍ക്ക് നേരീയ തിളക്കമുണ്ട്. ഇലകളുടെ അടിവശത്തെ ഇളംനീല നിറവും പട്ടുപോലുള്ള രോമങ്ങളും അലങ്കാര ചെടിയുടെ പ്രതീതിയും നല്‍കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 350 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ ഇവ വളരും. ചിലസ്ഥലങ്ങളില്‍ ദീര്‍ഘമായ വളര്‍ച്ചാകാലത്തിനു ശേഷം പുലാസന്‍ ദീര്‍ഘമായി കായ് പിടിക്കുന്നത് കണ്ടിട്ടുണ്ട്. നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള ഏതുമണ്ണിലും പുലാസന്‍ നന്നായി വളരും. ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രത ഇഷ്ടപ്പെടുന്ന ഒരു സസ്യമാണിത്.

കൃഷിചെയ്യുമ്പോള്‍ ശ്രദ്ധിക്കുക

മുകുളനം അഥവാ ബഡ്ഡിംഗ് വഴി ഉത്പാദിപ്പിച്ച തൈകളാണ് കൃഷിക്ക് അനുയോജ്യം. പകല്‍ നല്ല ചൂടും രാത്രി മഞ്ഞുമുള്ള ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ പുലാസന്റെ ശാഖാഗ്രങ്ങളില്‍ കുലകളായി പൂക്കള്‍ വിടരും. പുലാസന്‍ മരം രണ്ടു തരമുണ്ട്. ആണ്‍ പൂക്കള്‍ മാത്രം ഉള്ളവയും ദ്വിലിംഗ പുഷ്പങ്ങള്‍ മാത്രം ഉത്പാദിപ്പിക്കുന്നവയും. എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി ചേര്‍ത്തൊരുക്കിയ കുഴിയില്‍ വേണം പുലാസന്‍ ബഡ്ഡ് തൈകള്‍ നടാന്‍. വളരുന്നതിനനുസരിച്ച് വളംചേത്തു നല്‍കാം. ഫെബ്രുവരിയിലാണ് പുലാസന്‍ പൂക്കാലം. ജൂണ്‍- ജൂലൈ മാസങ്ങളില്‍ പഴം വിളവെടുപ്പു പ്രായമാകും. ബഡ്ഡുതൈകള്‍ മൂന്നാംവര്‍ഷം കായ്ക്കും. വിത്തുപാകി കിളിര്‍പ്പിക്കുന്ന തൈകള്‍ കായ്ക്കാന്‍ സമയമെടുക്കും. രാസവളങ്ങള്‍ ഒഴിവാക്കി ജൈവവളങ്ങള്‍ മാത്രം നല്‍കിയാലും നന്നായി വളര്‍ന്ന് വിളവുതരുന്ന പ്രകൃതം.

മുന്തിരി, സബര്‍ജില്‍ എന്നിവയുടെ തനതു മധുരത്തോടൊപ്പം നാരങ്ങയുടെ നേരിയ പുളിരസവും കലര്‍ന്ന സമ്മിശ്രരുചിയാണ് പുലാസനുള്ളത്. പഴത്തിന്റെ കാമ്പ് ആന്റി ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയതാണ്. ധാതുലവണങ്ങളുടെയും ജീവകങ്ങളുടെയും മികച്ച സ്രോതസ്. വിറ്റാമിന്‍ ബി, സി എന്നിവയ്ക്കു പുറമേ ഭക്ഷ്യയോഗ്യമായ നാരും ഇതില്‍ വേണ്ടുവോളം അടങ്ങിയിരിക്കുന്നു. പഴുത്തപഴം അതേപടി കഴിക്കാം. ജ്യൂസ്, ജാം, പ്രിസര്‍വ് എന്നിവയും തയാറാക്കാം. കേക്ക്, ബിസ്‌ക്കറ്റ് തുടങ്ങിയ ബേക്കറി പലഹാരങ്ങള്‍ക്കും ചേരുവയാക്കാം.

പരമ്പരാഗതമായി വിവിധ ഏഷ്യന്‍ ഭക്ഷ്യവിഭവങ്ങളില്‍ ചേരുവയാണ് പുലാസന്‍. മലേഷ്യയില്‍ 'പുലാസന്‍ സാമ്പല്‍' എന്ന വിഭവം മത്സ്യത്തിനും മാംസത്തിനുമൊപ്പം വിളമ്പാറുണ്ട്.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണൂത്തി സെന്‍ട്രല്‍ നഴ്‌സറി ഉള്‍പ്പെടെയുള്ള വിവിധ അംഗീകൃത സ്ഥാപനങ്ങളില്‍ പുലാസന്‍ ഗ്രാഫ്റ്റ് തൈകള്‍ 50 രൂപ നിരക്കില്‍ വാങ്ങാന്‍ കിട്ടും. വിപണിയില്‍ 120 രൂപമുതല്‍ കിലോയ്ക്ക് ലഭിക്കുന്നുണ്ട്. പ്രാദേശിക വിലകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം.

logo
The Fourth
www.thefourthnews.in