രാജ്യത്തെ എഴുപതു ശതമാനം ജനങ്ങളുടെ ജീവിതോപാധി: ദേശീയ കന്നുകാലി സെന്‍സസിന് സെപ്റ്റംബറില്‍ തുടക്കം

രാജ്യത്തെ എഴുപതു ശതമാനം ജനങ്ങളുടെ ജീവിതോപാധി: ദേശീയ കന്നുകാലി സെന്‍സസിന് സെപ്റ്റംബറില്‍ തുടക്കം

2019-ലെ കന്നുകാലി സെന്‍സസ് പ്രകാരം രാജ്യത്തെ മൊത്തം കന്നുകാലി സംഖ്യ 535.78 ദശലക്ഷമാണ്. ലോകത്തേറ്റവും കൂടുതല്‍ കന്നുകാലി സംഖ്യയുള്ള രാജ്യവും ഇന്ത്യ തന്നെ.
Updated on
2 min read

മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം ലക്ഷ്യം വച്ച് ഇരുപത്തിയൊന്നാമത് ദേശീയ കന്നുകാലി സെന്‍സസ് സെപ്റ്റംബറില്‍ ആരംഭിക്കും. സെപ്റ്റംബര്‍ രണ്ടിന് സംസ്ഥാനത്ത് ആരംഭിക്കുന്ന സെന്‍സസ് ഡിസംബര്‍ 31 വരെ നീളും. കേരളത്തിലെ ഒരു കോടി ആറു ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചാണ് കണക്കെടുപ്പു നടത്തുക. നാട്ടാന ഉള്‍പ്പെടെ വിവിധയിനം വളര്‍ത്തു മൃഗങ്ങളുടെയും കോഴിവര്‍ഗത്തില്‍പെട്ട പക്ഷികളുടെയും തെരുവ് നായ്ക്കളുടെയും ഉള്‍പ്പെടെ 16 വര്‍ഗങ്ങളില്‍പെട്ട വളര്‍ത്തുമൃഗങ്ങളുടെ എണ്ണവും പ്രായവും ലിംഗവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും.

3500-ല്‍ അധികം എന്യൂമറേറ്റമാര്‍

ക്ഷീരമേഖലയിലെ വിവിധ പദ്ധതി ആസൂത്രണങ്ങള്‍ക്കു വേണ്ടി നടത്തുന്ന സെന്‍സസിന് വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കന്നുകാലി സെന്‍സസില്‍ മൃഗസംരക്ഷണ വകുപ്പിലെ 3500 ലധികം എന്യൂമറേറ്റമാര്‍ വിവരശേഖരണത്തില്‍ പങ്കാളികളാകുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ കീഴില്‍ എന്യുമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും സെന്‍സസില്‍ പങ്കെടുക്കും. ഇവര്‍ക്കുള്ള പരിശീലനം നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു സഹായിക്കുന്ന ഒന്നാണ് ഈ വിവരശേഖരണം.

ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, പ്ലാനിംങ് ബോര്‍ഡ് എന്നിവരുമായി സഹകരിച്ചാണ് കണക്കെടുപ്പ് നടത്തുക. ഇതോടൊപ്പം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍, മാംസ സംസ്‌കരണ പ്ലാന്റുകള്‍, ഗോശാലകള്‍ മുതലായവയുടെ വിവരങ്ങളും ശേഖരിക്കും.

ലോക, ദേശീയ കന്നുകാലി കണക്കെടുപ്പ്

ലോക കന്നുകാലി കണക്കെടുപ്പ് 10 വര്‍ഷത്തിലൊരിക്കല്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ(എഫ്എഒ) കീഴിലാണ് നടത്തുക.

അഞ്ചു വര്‍ഷത്തിലൊരിക്കലാണ് രാജ്യത്ത് കന്നുകാലി കണക്കെടുപ്പ് നടക്കുന്നത്. 2018 ഒക്ടോബറിനും 2019 സെപ്റ്റംബറിനുമിടയിലാണ് രാജ്യത്ത് 20-ാമത് സെന്‍സസ് നടന്നത്. 2019 മാര്‍ച്ചു മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്ന സംസ്ഥാനത്ത് കഴിഞ്ഞ കന്നുകാലി സെന്‍സസ് നടന്നത്.

കന്നുകാലി സംഖ്യയിലും ഇന്ത്യ ഒന്നാമത്

2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം രാജ്യത്തെ മൊത്തം കന്നുകാലി സംഖ്യ 535.78 ദശലക്ഷമാണ്. ലോകത്തേറ്റവും കൂടുതല്‍ കന്നുകാലി സംഖ്യയുള്ള രാജ്യവും ഇന്ത്യ തന്നെ. പോത്ത് ഉത്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനവും ഇന്ത്യയ്ക്കാണ്. പശുക്കളുടെയും ആടുകളുടെയും കാര്യത്തിലും കോഴി വ്യാപാര മേഖലയിലും രണ്ടാം സ്ഥാനമുണ്ട് ഇന്ത്യയ്ക്ക്. ചെമ്മരിയാടുകളുടെ ജനസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. താറാവ്, കോഴി എന്നിവയുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനവും ഒട്ടകങ്ങളുടെ എണ്ണത്തില്‍ ലോകത്ത് പത്താം സ്ഥാനവും ഇന്ത്യക്കു തന്നെ.

കേരളത്തില്‍ 29 ലക്ഷം കന്നുകാലികള്‍

2019 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 29,08,000 കന്നുകാലികള്‍ ഉണ്ട്. ഇതില്‍ 46.14 ശതമാനം പശുക്കളും കാളകളും വരും. 46.73 ശതമാനം ആടുകളാണ്. 3.49 ശതമാനം പോത്തുകളും .05ശതമാനം ചെമ്മരിയാടുകളും 3.57 ശതമാനം പന്നികളും .02 ശതമാനം കുതിരകളുമുണ്ട്.

രാജ്യത്ത് കന്നുകാലി സെന്‍സസ് എന്നു മുതല്‍?

1919 മുതലാണ് രാജ്യത്ത് കന്നുകാലി സെന്‍സസ് ആരംഭിച്ചത്. സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളുടെ പങ്കാളിത്തത്തോടെ ഇതുവരെ 20 കന്നുകാലി സെന്‍സസുകള്‍ നടത്തി. കന്നുകാലി, എരുമ, മിഥുന്‍, ആട്, പന്നി, കുതിര, കോവര്‍കഴുത, കഴുത, ഒട്ടകം, നായ, മുയല്‍, ആന, കോഴി, താറാവ് മറ്റ് വളര്‍ത്തു പക്ഷികള്‍ എന്നിവയുടെ വിവരശേഖരണമാണ് നടത്തുക. കുടുംബങ്ങള്‍, ഗാര്‍ഹിക സംരംഭങ്ങള്‍, ഗാര്‍ഹികേതര സംരംഭങ്ങള്‍ എന്നിവ സന്ദര്‍ശിച്ചാണ് വിവരശേഖരണം നടത്തുക.

രാജ്യത്തെ എഴുപത് ശതമാനത്തോളം

വരുന്ന ജനങ്ങളുടെ നിത്യജീവിതോപാധി

രാജ്യത്തെ എഴുപത് ശതമാനത്തോളം വരുന്ന ജനങ്ങള്‍ നിത്യജീവിതോപാധിയായി ആശ്രയിക്കുന്നത് കൃഷിയേയും മൃഗസംരക്ഷണത്തേയും അനുബന്ധ മേഖലകളെയുമാണെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സ്ഥിതിവിവര കണക്കുകള്‍ക്കും നമ്മുടെ നയരൂപീകരണത്തില്‍ സുപ്രധാന പങ്കുണ്ട്. ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിനായി കേന്ദ്ര മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. മൃഗസംരക്ഷണ മേഖലയില്‍ സ്ത്രീ സമൂഹത്തിന്റെ പങ്കാളിത്തം കൃത്യമായി നിര്‍ണയിക്കുന്നതിന് സഹായിക്കുന്ന വിവരങ്ങളും അനുബന്ധ വിവരങ്ങളും ശേഖരിക്കും.

വിവരങ്ങള്‍ രേഖപ്പെടുത്താനും വിലയിരുത്തലുകള്‍ നടത്താനും പ്രത്യേക മൊബൈല്‍ അപ്ലിക്കേഷന്‍ ഉള്‍പ്പെടെ വന്‍ സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍- കേരള ട്രഷറര്‍, ഡോ.എം. മുഹമ്മദ് ആസിഫ് പറഞ്ഞു. രാജ്യത്തെ വളര്‍ത്തുമൃഗ സമ്പത്തിന്റെ വ്യാപ്തിയും വൈവിധ്യവും സംബന്ധിച്ച ഈ വിവരങ്ങള്‍ക്ക് വരുംകാല നയരൂപീകരണ പ്രക്രിയകളിലും പദ്ധതി വിഭാവന ചര്‍ച്ചകളിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും. പ്രാദേശിക വികസനത്തിലും സംസ്ഥാനത്തിന് ഫണ്ടുകള്‍ ഉള്‍പ്പെടെ ലഭ്യമാകുന്നതിലും ഈ വിവരങ്ങള്‍ നിര്‍ണായകമാവും. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വളര്‍ത്തുമൃഗ വിഭവ സമ്പത്തിനെ അടയാളപ്പെടുത്തുന്ന പ്രവര്‍ത്തനം കൂടിയാണ് ലൈവ്‌സ്റ്റോക്ക് സെന്‍സസ് പ്രക്രിയയെന്നും ഡോ. ആസിഫ് പറഞ്ഞു.

logo
The Fourth
www.thefourthnews.in