സ്വാമിനാഥനെ കൃഷിശാസ്ത്രജ്ഞനാക്കിയ മങ്കൊമ്പ് കൊട്ടാരംമഠം
കുട്ടിക്കാലത്തെ അനുഭവങ്ങൾ വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഈ മനഃശാസ്ത്രം ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എംഎസ് സ്വാമിനാഥനെയും വളരെയധികം സ്വാധീനിച്ചിരുന്നു. കൃഷിശാസ്ത്രത്തോട് അദ്ദേഹത്തിൽ ആഭിമുഖ്യം വളര്‍ത്തിയത് തറവാടായ മങ്കൊമ്പ് കൊട്ടാരംമഠത്തിലെ താമസം.
തമിഴ്‌നാട്ടിലെ കുംഭകോണത്ത് ഡോ. മങ്കൊമ്പ് കെ സാംബശിവന്റെയും തങ്കത്തിന്റെയും നാലു മക്കളില്‍ രണ്ടാമനായി 1925 ഓഗസ്റ്റ് ഏഴിനായിരുന്നു സ്വാമിനാഥന്റെ ജനനം. മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയതിനെതുടര്‍ന്നാണ് പിതാവ് തമിഴ്നാട്ടിലെ കുംഭകോണത്തേക്ക് താമസം മാറ്റിയത്. ഇവിടെയായിരുന്നു സ്വാമിനാഥന്‍ ജനിച്ചതും അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസവും. എങ്കിലും തറവാടായ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മങ്കൊമ്പ് എന്നും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. എല്ലാ വേനലവധിക്കും മങ്കൊമ്പിലെ കൊട്ടാരംമഠം വീട്ടില്‍ മുടങ്ങാതെ എത്താറുമുണ്ടായിരുന്നു സ്വാമിനാഥന്‍.
കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളും കാര്‍ഷികത്തനിമയും തന്നിലെ കൃഷിശാസ്ത്രജ്ഞനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സ്വാമിനാഥന് 11 വയസുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. തുടര്‍ന്ന് പിതൃസഹോദരനായിരുന്ന മങ്കൊമ്പ് കൃഷ്ണ നാരായണസ്വാമിയുടെ സംരക്ഷണത്തിലായി അദ്ദേഹത്തിന്റെ കുടുംബം.
പത്താംക്ലാസ് വരെ കുംഭകോണത്ത് പഠിച്ച സ്വാമിനാഥന്‍ തിരുവനന്തപുരം മഹാരാജാസ് കോളജ് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ യൂണിവേഴ്സിറ്റി കോളജില്‍ 1940ല്‍ ജന്തുശാസ്ത്ര ബിരുദപഠനത്തിനു ചേര്‍ന്നു. കൃഷി എങ്ങനെ വരുമാന മാര്‍ഗമാക്കാമെന്ന ചിന്തയാണ് അദ്ദേഹത്തെ മുന്നോട്ടുനയിച്ചത്. അനേകായിരങ്ങള്‍ക്ക് ഉപജീവനമാര്‍ഗമായി കൃഷിശാസ്ത്രത്തെ മാറ്റണമെന്ന ആഗ്രഹവുമായി കോയമ്പത്തൂര്‍ കാര്‍ഷിക കോളജ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്ക് പഠനം വ്യാപിപ്പിച്ചു. 1952 ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ജനിതകശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുന്നതുവരെയെത്തി ഈ പഠനം. പഠനശേഷം നാട്ടിലെത്തിയ അദ്ദേഹം ഇന്ത്യന്‍ കാര്‍ഷികഗവേഷണ രംഗത്തെ അതികായനായി വളരുകയായിരുന്നു.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരുന്ന 1972 മുതല്‍ 1979 കാലം. 1943 ലെ ബംഗാള്‍ക്ഷാമം മൂലമുണ്ടായ പട്ടിണിമരണങ്ങളുടെ നേര്‍ക്കാഴ്ചകള്‍ വീണ്ടും അദ്ദേഹത്തിന്റെ മനസിനെ ഉലച്ചു. ലോകത്തെ വിശപ്പ് ഗ്രസിക്കുന്നത് കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിക്കായില്ല. കയ്യിലുള്ള കൃഷിശാസ്ത്രത്തെ വിശപ്പടക്കാന്‍ ഉപയോഗിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളും പട്ടിണിയിലേക്കു നീങ്ങിയ കാലം. ഹരിതവിപ്ലവത്തിന്റെ പിതാവായ ഡോ. നോര്‍മന്‍ ഇ ബോര്‍ലോഗുമായി 1953 ല്‍ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയില്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസ് കണ്‍വെന്‍ഷനില്‍ വച്ചുണ്ടാക്കിയ പരിചയം തുണയായി. ബോര്‍ലോഗുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവാക്കിയതിനു പിന്നില്‍.
ഗോതമ്പിലെ തുരുമ്പ് രോഗം നിയന്ത്രിക്കുന്നതിനുള്ള ഒരു പുതിയ സമീപനത്തെക്കുറിച്ചുള്ള ബോര്‍ലോഗിന്റെ ശാസ്ത്രീയ അവതരണം സ്വാമിനാഥനെയും സ്വാധീനിച്ചു. ഗോതമ്പ് പ്രജനനത്തെക്കുറിച്ചുള്ള ബോര്‍ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്തുടരാന്‍ സ്വാമിനാഥന്‍ തീരുമാനിച്ചു. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുത്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തത് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കി. 1966 ല്‍ മെക്സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറുമേനി കൊയ്തു. മെക്സിക്കോയില്‍നിന്ന് കൊണ്ടുവന്ന ആദ്യ ബാച്ച് വിത്ത് വെല്ലിങ്ടണില്‍ വിതച്ചാണ് കൂടുതല്‍ വിത്തുകള്‍ ഉത്പാദിപ്പിച്ചത്.
യുവാക്കളെ കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചിരുന്ന ഡോ. ബോര്‍ലോഗ് മോഡലും സ്വാമിനാഥനെ ആകര്‍ഷിച്ചു. വേള്‍ഡ് ഫുഡ് പ്രൈസ് (ഡബ്ല്യുഎഫ്പി) ഫൗണ്ടേഷന്റെ യൂത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് പിന്നിലും ബോര്‍ലോഗിന്റെ ഈ ആശയമുണ്ടായിരുന്നു
ഡോ. ബോര്‍ലോഗ് വരുത്തിയ നാല് അടിസ്ഥാനമാറ്റങ്ങളാണ് അദ്ദേഹവും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്.
1. പൊതുനന്മയിലൂന്നിയ ഗവേഷണത്തിലൂടെ പാവപ്പെട്ട കര്‍ഷകരിലേക്ക് സാങ്കേതികവിദ്യയെ എത്തിക്കുക
2.സൂര്യപ്രകാശം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ച് ഉയര്‍ന്ന വിളവുണ്ടാക്കുക
3. പിന്നീട് ഒരു പ്രധാന ഉത്പാദനരീതിയായി മാറിയ ഷട്ടില്‍ ബ്രീഡിങ്ങിന്റെ ഉപയോഗം
4. കാര്‍ഷിക ഗവേഷണത്തിനുള്ള പൊതുനയ രൂപീകരണം.
യുവാക്കളെ കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചിരുന്ന ഡോ. ബോര്‍ലോഗ് മോഡലും സ്വാമിനാഥനെ ആകര്‍ഷിച്ചു. വേള്‍ഡ് ഫുഡ് പ്രൈസ് (ഡബ്ല്യുഎഫ്പി) ഫൗണ്ടേഷന്റെ യൂത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് പിന്നിലും ബോര്‍ലോഗിന്റെ ഈ ആശയമുണ്ടായിരുന്നു. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എം.എസ്.എസ്.ആര്‍.എഫ്) തുടങ്ങുന്നതിനു പിന്നിലും ഈ ആശയ സ്വാധീനമുണ്ടായിരുന്നു. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി വേള്‍ഡ് ഫുഡ് പ്രൈസ് ആദ്യമായി ലഭിച്ച വ്യക്തിയുമായി പ്രൊഫ. എം.എസ്. സ്വാമിനാഥന്‍.
വേള്‍ഡ് ഫുഡ് പ്രൈസിന്റെ വരുമാനമാണ് എംഎസ്എസ്ആര്‍എഫിന്റെ നിര്‍മ്മാണ ബ്ലോക്ക് സ്ഥാപിച്ചതിനു പിന്നില്‍. ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം ഇതിന്റെ പോരായ്മകള്‍ പരിഹരിക്കാനും നാം പ്രവര്‍ത്തിക്കണമെന്ന് സ്വാമിനാഥന്‍ പറയാറുമുണ്ടായിരുന്നു.