സത്യന്‍മാഷ് കാട്ടിത്തരുന്നു; 'ചികിത്സയാകുന്ന കൃഷിയുടെ അനന്തസാധ്യതകള്‍'
ഈ പഴത്തോട്ടത്തിനൊരു കഥ പറയാനുണ്ട്, അത് കാഴ്ചശക്തി നഷ്ടപ്പെട്ട സത്യന്‍മാഷിന്റെ മനസില്‍ പച്ചപ്പും ഹരിതാഭയും നിറയ്ക്കുന്ന അനുഭൂതിയുടേതാണ്. പ്രകൃതിയോട് ചേര്‍ന്നു ജീവിക്കുമ്പോള്‍ ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ അനന്തമാണ്. ഇത് മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കുകയാണ് സത്യന്‍മാഷ് ഈ ഭക്ഷ്യവനത്തില്‍ നിന്ന്. ഒപ്പം കാഴ്ചശക്തിയില്ലാത്ത നിരവധിയാളുകള്‍ക്ക് മറ്റ് നാല് ഇന്ദ്രിയങ്ങളെ എങ്ങനെ കൃഷിയിലൂടെ ശക്തിപ്പെടുത്തി കാഴ്ചക്കപ്പുറത്തുള്ള മനസിന്റെ ലോകത്തേക്ക് എത്തിക്കാമെന്നു കൂടി മാഷ് പറഞ്ഞു തരും, ഒരധ്യാപകന്റെ സൗമനസ്യത്തോടെ.
ഇത് സത്യന്‍ മാഷ്, പാലക്കാട് ജില്ലയിലെ തോട്ടര കുന്നത്തുവീട്ടില്‍ കെ. സത്യശീലന്‍ എന്ന ഔദ്യോഗിക വിലാസത്തെ ഈ മൂന്നക്ഷരത്തിലേക്കു ചുരുക്കിയാല്‍ നാട്ടിലുള്ളവരെല്ലാം തിരിച്ചറിയും. കാഴ്ചപരിമിതിയുള്ള ഒട്ടുമിക്ക ആളുകള്‍ക്കും സത്യന്‍ മാഷ് ഗുരുവാണ്, പ്രചോദനമാണ്, വഴികാട്ടിയാണ്.
കാഴ്ചയില്ലെങ്കിലും സത്യന്‍മാഷിന് നമ്മള്‍ കാണുന്നതിനേക്കാള്‍ നന്നായി തനിക്കു ചുറ്റുമുള്ള ലോകത്തെ അനുഭവിക്കാന്‍ സാധിക്കും. കാഴ്ചപരിമിതിയെ മറികടക്കാന്‍ മറ്റ് നാല് ഇന്ദ്രിയങ്ങളെ ശക്തിപ്പെടുത്തണം. അതിന് മാഷിനെ സഹായിക്കുന്നത് കൃഷിയാണ്. തന്റെ പരിമിതികളെ മറികടന്ന് ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും സ്‌പെഷല്‍ എജ്യൂക്കേഷനില്‍ ഡിപ്ലോമയുമൊക്കെ എടുത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ചു. കാഴ്ചപരിമിതിയുള്ള ധാരാളമാളുകള്‍ക്ക് വഴികാട്ടിയാകുന്ന സത്യന്‍ മാഷില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത് കൃഷിയുടെ അനന്ത സാധ്യതകളാണ്.
കരഞ്ഞത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം
നാലാം ക്ലാസില്‍ പഠിക്കുന്ന കാലം, പത്തുവയസ്. കുളത്തില്‍ ആഘോഷമായ കുളികഴിഞ്ഞ് പൊങ്ങി വന്നപ്പോള്‍ കാഴ്ചക്ക് എന്തോ തകരാര്‍ സംഭവിച്ചതു പോലെ. ഒന്നുമങ്ങ് വ്യക്തമാകുന്നില്ല. എഴുത്തിനെയും വായനയെയും അത്രമേല്‍ സ്‌നേഹിച്ചിരുന്ന സത്യന്‍മാഷിന്റെ മുന്നില്‍ ഒരു യാഥാര്‍ഥ്യം മറനീക്കി പുറത്തു വന്നു. ഇനി തനിക്ക് ഒന്നും കാണാന്‍ കഴിയില്ല. 'റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ്' അതായിരുന്നു അസുഖത്തിന്റെ പേര്. താന്‍ കരഞ്ഞത് ജീവിതത്തില്‍ ഒരിക്കല്‍ അന്ന് ആ ഒരു ദിവസം മാത്രമാണെന്ന് മാഷ് പറയുന്നു. പിന്നീട് നാലു മാസത്തെ ആശുപത്രി വാസം. കണ്ണടച്ചുകെട്ടിയുള്ള ചികിത്സയ്‌ക്കൊടുവില്‍ കെട്ടഴിച്ചു. കട്ടിലില്‍ കിടന്ന് നോക്കിയപ്പോള്‍ മൂന്നു ലീഫുള്ള ഫാനിന്റെ രണ്ടെണ്ണം മാത്രം കാണാം. പിന്നെ അത് ഒന്നായി ചുരുങ്ങി, പിന്നെ ഒന്നും കാണാത്ത അവസ്ഥയിലേക്കു വന്നു. എന്നാല്‍ തന്റെ പരിമിതിയോര്‍ത്ത് സ്വയം ശപിച്ച് ജീവിതം നശിപ്പിക്കാനൊന്നും മാഷ് ഒരുക്കമായിരുന്നില്ല.
' when it is accepted, the problem is solved'
പിന്നീട് ഇംഗ്ലീഷ് അധ്യാപകനായി മാറിയ മാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ' when it is accepted, the problem is solved' പ്രശ്‌നത്തെ അംഗീകരിക്കുന്ന സമയം മുതല്‍ അത് നമ്മളെ ശല്യപ്പെടുത്താതാകും.
കാഴ്ചശക്തി നഷ്ടപ്പെട്ടതിനുശേഷം അന്ധ വിദ്യാലയങ്ങളിലും ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റ് എന്ന സംഘടനാ രംഗത്തുമെല്ലാം സത്യന്‍ മാഷ് നിറസാന്നിധ്യമായി. ഇന്ന് കാഴ്ചശക്തിയില്ലാത്ത നിരവധി കുട്ടികള്‍ക്ക് കൗണ്‍സലിംഗ് ഉള്‍പ്പെടെ നല്‍കുന്നുണ്ട് സത്യന്‍മാഷ്.
ജൈവ ഓര്‍ഗിലൂടെ ഭക്ഷ്യവനത്തിലേക്ക്
കാഴ്ചശക്തിയില്ലാത്തവരുടെ മേഖലയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് വീടുകളും കൃഷിസ്ഥലങ്ങളുമെല്ലാം ഭക്ഷ്യവനമാക്കുന്ന 'ജൈവ ഓര്‍ഗ'് എന്ന സംഘടനയുടെ അമരക്കാരന്‍ റെജി ജോസഫുമായി പരിചയപ്പെടുന്നത്. ഇവര്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ എത്തിയ മാഷ് സാധാരണക്കാരെ പോലെതന്നെ കോഴ്‌സ് പൂര്‍ത്തിയാക്കി.
ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയും സുഖപ്പെടുത്തുന്ന ഉദ്യാനവും
വീടിനു സമീപത്തെ മുപ്പത്തിയഞ്ചു സെന്റില്‍ ഭക്ഷ്യവനം തുടങ്ങുന്നതങ്ങനെയാണ്. 100 വ്യത്യസ്ത ഇനം ചെടികള്‍, അവയെ തലോടിയുള്ള നടത്തം, അവ പൂക്കുമ്പോഴുണ്ടാകുന്ന ഗന്ധം, പഴങ്ങളുടെ രുചി, എല്ലാം ചികിത്സയായി കൂടി ചിട്ടപ്പെടുത്തി. അങ്ങനെയാണ് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയും സുഖപ്പെടുത്തുന്ന ഉദ്യാനവും സത്യന്‍മാഷ് യാഥാര്‍ഥ്യമാക്കുന്നത്. ഭാര്യ ശാരദയും മക്കളായ നളിന്‍ സത്യനും മകള്‍ ഡോ. ശാലിനി സത്യശീലനും ജൈവഓര്‍ഗിന്റെ പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് പഴത്തോട്ടം നിര്‍മിച്ചു. സത്യന്‍ മാഷിനും മാഷിന്റെ ശിഷ്യര്‍ക്കുമെല്ലാം ഇറങ്ങി നടക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു തോട്ട നിര്‍മാണം. കയറ്റിറക്കങ്ങളും പൊക്കതാഴ്ചകളുമൊക്കെയുള്ളൊരു തോട്ടം കാഴ്ചയില്ലായ്മയെ അതിജീവിക്കുവാന്‍ പര്യാപമാക്കുന്നതെങ്ങനെയെന്ന് സ്‌പെഷല്‍ എജ്യൂക്കേഷന്‍ അധ്യാപകന്‍ കൂടെയായ സത്യന്‍ മാഷ് വളരെ ലളിതമായി പറഞ്ഞു തരികയും ചെയ്യും.
പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നു പോയാല്‍ മറ്റുള്ളവ തനിയെ ആ കുറവു പരിഹരിക്കുമെന്നുള്ളത് തെറ്റിധാരണയാണെന്നാണ് മാഷ് പറയുന്നത്. മറ്റു നാല് ഇന്ദ്രിയങ്ങളെ പരിശീലനത്തിലൂടെയേ ശക്തമാക്കാന്‍ സാധിക്കൂയെന്നും മാഷ് പറയുന്നു.
തെറ്റിധാരണ മാറ്റണം
പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നു പോയാല്‍ മറ്റുള്ളവ തനിയെ ആ കുറവു പരിഹരിക്കുമെന്നുള്ളത് തെറ്റിധാരണയാണെന്നാണ് മാഷ് പറയുന്നത്. മറ്റു നാല് ഇന്ദ്രിയങ്ങളെ പരിശീലനത്തിലൂടെയേ ശക്തമാക്കാന്‍ സാധിക്കൂയെന്നും മാഷ് പറയുന്നു.
കിനസ്‌തെറ്റിക്ക് എനര്‍ജി
തോട്ടത്തിലൂടെയുള്ള നടത്തം മസിലുകളെ ശക്തമാക്കുകയും മസില്‍ മെമ്മറിയിലൂടെ നമ്മുടെ നടത്തം സുഗമമാക്കുകയും ചെയ്യും. കിനസ്‌തെറ്റിക്ക് എനര്‍ജിയും (ചലനത്തിലൂടെ ലഭിക്കുന്ന ഊര്‍ജം) അതുവഴി ലഭിക്കുന്ന ബുദ്ധിശക്തിയും ഇങ്ങനെ വര്‍ധിപ്പിക്കാനാകും.
ശബ്ദത്തിലൂടെ ലോകത്തെ മനസിലാക്കാം
തോട്ടത്തില്‍ മഴപെയ്യുന്നതും കിളികള്‍ ചിലയ്ക്കുന്നതും ചീവീടുകള്‍ മൂളുന്നതുമെല്ലാം കേള്‍വിയെ ശക്തമാക്കും. ഈ ശബ്ദങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഓരോ മരച്ചില്ലകളിലും മഴപെയ്തിറങ്ങുന്ന ശബ്ദത്തിലെ വ്യത്യാസം വരെ അറിയാന്‍ സാധിക്കുമെന്ന് മാഷ് പറയുമ്പോള്‍ അതില്‍ നിരന്തര നിരീക്ഷണത്തിന്റെ വലിയപാഠങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്.
ഗന്ധത്തിലൂടെ കാര്യങ്ങള്‍ തിരിച്ചറിയാം
ചെടികളുടെ പൂവുകള്‍ വിരിയുന്നതും കായ്കളുടെയും ഇലകളുടെയും ഗന്ധമുപയോഗിച്ച് ചെടികളെ തിരിച്ചറിയുന്നതുമെല്ലാം ഗന്ധത്തിലൂടെ കാര്യങ്ങള്‍ മനസിലാക്കാനുള്ള തലച്ചോറിന്റെ ശേഷി വര്‍ധിപ്പിക്കും.
ത്വക്കു വഴി പ്രകൃതിയെ അനുഭവിക്കാം
തോട്ടത്തിലെ കാറ്റും വിവിധ ചെടികളെ അവയുടെ ഇലകളുടെ ആകൃതിയും അതിന്റെയൊരു കട്ടിയും, പരുക്കന്‍, മൃദു സ്വഭാവവുമെല്ലാം നോക്കി തിരിച്ചറിയുന്നതും ത്വക്കു വഴി കാര്യങ്ങള്‍ മനസിലാക്കാനുള്ള തലച്ചോറിന്റെ ശേഷി വര്‍ധിപ്പിക്കും.
നാവുണര്‍ന്നാല്‍ നാമുണര്‍ന്നു
പഴങ്ങള്‍ രുചിക്കുന്നതിലൂടെ നാവിലെ രുചിമുകുളങ്ങള്‍ വഴി കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കാന്‍ തലച്ചോര്‍ ശ്രമിക്കും. ഇത് തലച്ചോറില്‍ നല്ല രാസമാറ്റങ്ങളുണ്ടാക്കും.
ഇങ്ങനെ കൃഷി ഒരു ജീവിതക്രമമാക്കി കാഴ്ച പരിമിതിയെ മറികടക്കാമെന്നാണ് സത്യന്‍ മാഷ് പറയുന്നത്.