ബോംബെ മില്‍ക്കില്‍നിന്ന് ആനന്ദ് മോഡലിലേക്ക്‌

ബോംബെ മില്‍ക്കില്‍നിന്ന് ആനന്ദ് മോഡലിലേക്ക്‌

ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുമ്പോള്‍ ഇന്ത്യയുടെ പാലാഴിയായി മാറിയ ആനന്ദ് മോഡലിലേക്ക് നയിച്ച സംഭവ വികാസങ്ങളിലൂടെ
Updated on
4 min read

രാജ്യത്തെ കോടിക്കണക്കിനു ക്ഷീരകര്‍ഷകര്‍ എന്നും നന്ദിയോടെ സ്മരിക്കുന്ന പേരാണ് ഡോ. വര്‍ഗീസ് കുര്യന്റേത്. അതോടൊപ്പം അവരുടെ ഹൃദയത്തില്‍ കോറിയിട്ട മറ്റൊരു നാമമാണ് ഗുജറാത്തിലെ ആനന്ദ്. സഹകരണപ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ അണിനിരന്ന ക്ഷീരകര്‍ഷകരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കിയതിനു പിന്നില്‍ ആനന്ദിനു പറയാനൊരു കഥയുണ്ട്. അത് ഇന്ത്യയെ ലോകത്തില്‍ ഏറ്റവുമധികം പാലുത്പാദിപ്പിക്കുന്ന രാജ്യമാക്കി മാറ്റിയ കഥയാണ്. ഇതിനു നാന്ദി കുറിച്ചത് ഗുജറാത്തിലെ ആനന്ദ് എന്ന കൊച്ചു പട്ടണത്തിലാണ്.

ആനന്ദ് മാതൃക രാജ്യമെങ്ങും വ്യാപിച്ചു. ഇങ്ങനെയുണ്ടായ ക്ഷീര സഹകരണ സംഘങ്ങളാണ് രാജ്യത്തെ പാല്‍ വിപ്ലവത്തിന്റെ നട്ടെല്ലായത്. കെയ്‌റ ജില്ലയിലെ ആനന്ദ് പാലുത്പാദനത്തില്‍ മുന്നേറിയതിനു പിന്നില്‍ ബ്രിട്ടീഷ് കാലത്തോളം നീളുന്ന സംഭവ ബഹുലമായ കഥകളുണ്ട്.

ബ്രിട്ടീഷുകാരെ ഞെട്ടിച്ച പാല്‍ പരിശോധനാ ഫലം

സ്വാതന്ത്ര്യലബ്ധിക്ക്‌ മുന്‍പു നടന്ന ഈ സംഭവമാണ് ആനന്ദിലെ അമൂല്‍ പ്രസ്ഥാനത്തിന്റെ പിറവിയിലേക്കു നയിച്ചത്. 1942-43 കാലത്ത് ബോംബെയില്‍ താമസിച്ചിരുന്ന ബ്രിട്ടീഷുകാര്‍ പലരും കാരണം കണ്ടുപിടിക്കാനാവാത്ത ഒരു രോഗത്തിന്റെ പിടിയിലമര്‍ന്നു. ഈ രോഗത്തിന്റെ വേരുതേടി ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ബോംബെക്കാര്‍ കുടിച്ചിരുന്ന പാലിലായിരുന്നു. ഉടന്‍തന്നെ പാലിന്റെ സാമ്പിള്‍ പരിശോധനക്കായി ലണ്ടനിലെ ലബോറട്ടറിയിലേക്ക് അയക്കപ്പെട്ടു. ഫലം ഞെട്ടിക്കുന്നതായിരുന്നു. 'ലണ്ടനിലെ അഴുക്കുചാലിലെ വെള്ളത്തേക്കാള്‍ മലിനം'.

ബോംബെ മില്‍ക്കില്‍നിന്ന് ആനന്ദ് മോഡലിലേക്ക്‌
പാലില്‍ രാസവസ്തുവോ? എങ്ങനെ നല്ല പാൽ തിരഞ്ഞെടുക്കാം?

ഈ റിപ്പോര്‍ട്ടാണ് രാജ്യത്തെ ക്ഷീരമേഖലയില്‍ ഇടപെടാനും പാല്‍ വിപണി നിയന്ത്രിച്ചിരുന്ന സ്വകാര്യ സംരഭകര്‍ക്ക് കടിഞ്ഞാണിടാനും പാലിന്റെ ഗുണമേന്‍മ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ക്ഷീരമേഖലയെ ഉദ്ധരിക്കാനുള്ള താത്പര്യമല്ലായിരുന്നു ഇതിനു പിന്നില്‍. നല്ല പാല്‍ കുടിക്കാന്‍ കിട്ടുകയെന്നത് അവര്‍ക്ക് ഏറെ പ്രധാനമായിരുന്നു. എങ്കിലും വിപണിയില്‍ നല്ല പാലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാലിന് വലിയ വിപണി തുറന്നു കിട്ടാനും കര്‍ഷകസഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിനും പില്‍ക്കാലത്ത് സഹായകമായി.

ശ്രദ്ധയാകര്‍ഷിച്ചത് കെയ്‌റ ജില്ലയിലെ 'ബോംബെ മില്‍ക്ക് സ്‌കീം'

1895-ല്‍ ഒരു ഇംഗ്ലീഷുകാരന്‍ തുടങ്ങിയ വെണ്ണഫാക്ടറിയും, 1926-ല്‍ ഒരു ജര്‍മന്‍കാരന്‍ തുടങ്ങിയ ചീസ് ഫാക്ടറിയും, പിന്നീട് പെസ്റ്റണ്‍ജി എഡ്യൂള്‍ജി എന്ന ഇന്ത്യക്കാരന്‍ ആരംഭിച്ച വെണ്ണ ഫാക്ടറിയും കെയ്‌റ ജില്ലയിലുണ്ടായിരുന്നു. വ്യാപാരത്തില്‍ സമര്‍ത്ഥനും കൗശലക്കാരനുമായിരുന്ന എഡ്യൂള്‍ജി തന്റെ ഉത്പന്നത്തിനു നല്‍കിയത് ' പോള്‍സണ്‍ ' എന്ന പേരായിരുന്നു. വിദേശിയെന്നു തോന്നലുണ്ടാക്കിയ പോള്‍സണ്‍ വെണ്ണ അന്നേറെ പ്രസിദ്ധവുമായിരുന്നു. മേല്‍പ്പറഞ്ഞ മൂന്നു സ്ഥാപനങ്ങളും ചേര്‍ന്നുണ്ടാക്കിയ വിപണി കെയ്‌റ ജില്ലയിലെ പാലുത്പാദനം വര്‍ധിപ്പിക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് ഉത്തേജനമായി.

വളരുന്ന വിപണിയാണല്ലോ ഉത്പാദനക്കുതിപ്പിന്റെ സ്രഷ്ടാവ്. അങ്ങനെ സഹകരണസംഘങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പുതന്നെ കര്‍ഷകര്‍ ഒറ്റക്കെട്ടായി ക്ഷീരവൃത്തിയിലേര്‍പ്പെട്ടതോടെ കെയ്‌റ ജില്ല ആ ദേശത്തെ പേരുകേട്ട പാലുത്പാദന കേന്ദ്രമായി. ബോംബേ നിവാസികളെ നല്ല പാല്‍ കുടിപ്പിക്കാനായുള്ള ഉദ്യമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരഞ്ഞെടുത്തതും കെയ്‌റയായിരുന്നു. ഇതിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് സമീപിച്ചത് കെയ്‌റ പാല്‍ വിപണിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പെസ്റ്റണ്‍ജിയേയും.

ബോംബെ മില്‍ക്കില്‍നിന്ന് ആനന്ദ് മോഡലിലേക്ക്‌
രശ്മിയുടെ താര്‍പാര്‍ക്കറും ഇന്ത്യയുടെ പാല്‍ക്കാരിയും

ആനന്ദില്‍ നിന്ന് ഏകദേശം 350 കിലോമീറ്ററകലെയുള്ള ബോംബേ നഗരത്തിലേക്ക് പാല്‍ എത്തിക്കാനുള്ള വെല്ലുവിളിയായിരുന്നു പെസ്റ്റണ്‍ജിയുടെ മുന്‍പില്‍. എളുപ്പം കേടാകുന്ന, പാല്‍ പോലൊരു ഉത്പന്നം ഉഷ്ണകാലാവസ്ഥയുള്ള ഒരു നാട്ടില്‍ ഇത്രയും ദൂരം എത്തിക്കാനാവുമോ? സമര്‍ത്ഥനായ ആ വ്യാപാരി തന്റെ ക്രീം പാസ്ച്ചുറൈസറില്‍ പാല്‍ പാസ്ച്ചുറൈസ് ചെയ്ത് വലിയ പാത്രങ്ങളിലാക്കി. പാത്രങ്ങള്‍ ചാക്കിലിറക്കി വച്ച് അതില്‍ തണുത്ത വെള്ളമൊഴിച്ചു ബോംബെയിലെത്തിച്ചു. കേടാകാതിരുന്ന പെസ്റ്റണ്‍ജിയുടെ പാലിന്റെ ബലത്തില്‍ 'ബോംബെ മില്‍ക്ക് സ്‌കീം' എന്ന ഗവണ്‍മെന്റ് പദ്ധതിക്ക് തുടക്കം കുറിക്കപ്പെട്ടു. ഗ്രാമങ്ങളില്‍ നിന്ന് വിദൂര നഗര വിപണിയിലേക്ക് പാലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയായിരുന്നു അത്.

കെയ്‌റയിലെ പാല്‍ വ്യവസായം ഉണരുന്നു

ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന വെണ്ണ, ചീസ് ഫാക്ടറികളുടെ പ്രധാന വിപണി ബോംബെ നഗരമായിരുന്നു. ഇപ്പോഴിതാ കെയ്‌റയിലെ പാലും നഗരത്തിലെ വിപുലമായ വിപണിയിലെത്തിയിരിക്കുന്നു. കെയ്‌റ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് പുത്തന്‍ സാധ്യതകള്‍ തുറന്നിടുന്ന മാറ്റം. വിപണി നല്‍കിയ ഉത്തേജനത്തില്‍ പാലുത്പാദനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തു. നല്ല പാല്‍ കിട്ടിത്തുടങ്ങിയതോടെ സംതൃപ്തരായ ബോംബെ മില്‍ക്ക് കമ്മീഷണറുടെയും സര്‍ക്കാരിന്റെയും മുന്‍പില്‍ പോള്‍സണ്‍ തന്റെ ആവശ്യങ്ങള്‍ നിരത്തി.

തന്റെ പാല്‍ സംഭരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി ആനന്ദിലും പരിസര പ്രദേശങ്ങളിലും മറ്റാരും പാല്‍ ശേഖരിക്കാന്‍ പാടില്ലെന്നതായിരുന്നു പ്രധാനം. ഇത് സര്‍ക്കാരിനെക്കൊണ്ട് നിയമമാക്കി നടപ്പിലാക്കിക്കാനും പോള്‍സണു സാധിച്ചു. പ്രദേശത്തെ പാല്‍സംഭരണം മുഴുവന്‍ പോള്‍സണ്‍ നിയമിച്ച ഇടനിലക്കാരുടെ കുത്തകയായിത്തീര്‍ന്നു. സര്‍ക്കാരില്‍ നിന്നു കിട്ടിയ വില വര്‍ദ്ധനവിന്റെ പ്രയോജനം പോള്‍സണ്‍ ഡയറിയും ഇടനിലക്കാരും പങ്കിട്ടെടുത്തു. തുച്ഛമായ വരുമാന വര്‍ദ്ധനവ് മാത്രം ലഭിച്ച കര്‍ഷകരുടെ നിരാശയും രോഷവും പിന്നീട് അവരുടെ ഒരുമിക്കലിനും സഹകരണത്തിനും മൂലക്കല്ലായി മാറി.

വലിയൊരു വിപ്ലവത്തിന്റെ കൊടിയേറ്റം

സ്വാതന്ത്ര്യ സമരത്തിന്റെ അഗ്‌നി രാജ്യമെങ്ങും അതിതീവ്രതയില്‍ കത്തിപ്പടരുന്ന സമയമായിരുന്നു അത്. ആനന്ദില്‍ നിന്നു കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള കരംസാദ് എന്ന ഗ്രാമത്തില്‍ ജനിച്ചയാളായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേല്‍. ദേശീയ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായി വളര്‍ന്നിരുന്ന സര്‍ദാറിന്റെയടുത്ത് ക്ഷീരകര്‍ഷകര്‍ തങ്ങളനുഭവിക്കുന്ന ചൂഷണത്തേക്കുറിച്ച് പരാതിയുമായെത്തി.

ബോംബെ മില്‍ക്കില്‍നിന്ന് ആനന്ദ് മോഡലിലേക്ക്‌
കുറഞ്ഞ ചെലവില്‍ എങ്ങനെ ക്ഷീര സംരംഭം വിജയിപ്പിക്കാം; അറിയാം പാല്‍ വരുന്ന വഴി

പാലിന്റെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവയില്‍ നിയന്ത്രണം നേടിയാലേ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളുവെന്ന വിശ്വാസമുള്ളയാളായിരുന്നു പട്ടേല്‍. കെയ്‌റയിലെ ക്ഷീരകര്‍ഷകരോട് പാല്‍ സഹകരണ സംഘങ്ങള്‍ തുടങ്ങാനായിരുന്നു പട്ടേലിന്റെ നിര്‍ദ്ദേശം. തന്റെ സഹായി മൊറാര്‍ജി ദേശായിയെ ചുമതലക്കാരനായി ഏല്‍പിച്ചു കൊടുക്കാനും അദ്ദേഹം തയാറായി. ക്ഷീരകര്‍ഷകരുടെ മീറ്റിങ്ങില്‍ വച്ച് ത്രിഭുവന്‍ ദാസ് പട്ടേല്‍ എന്ന നിസ്വാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനിയെ കര്‍ഷക സംഘടനയുടെ ചെയര്‍മാനായി മൊറാര്‍ജി നിശ്ചയിച്ചു. കൂട്ടത്തില്‍ ചെയര്‍മാനാകാന്‍ തീരെ താത്പര്യം പ്രകടിപ്പിക്കാതിരുന്ന ത്രിഭുവന്‍ദാസിനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതിലൂടെ നിക്ഷിപ്ത താത്പര്യങ്ങള്‍ കര്‍ഷക കൂട്ടായ്മകളെ ഗ്രസിക്കരുതെന്ന സന്ദേശമാണ് ദേശായി നല്‍കിയത്. തുടര്‍ന്ന് ക്ഷീരകര്‍ഷകരെ സംഘടിപ്പിച്ച് രണ്ട് സഹകരണ സംഘങ്ങള്‍ ത്രിഭുവന്‍ദാസ് സംഘടിപ്പിച്ചത് വരാനിരിക്കുന്ന വലിയൊരു വിപ്ലവത്തിന്റെ കൊടിയേറ്റമായിരുന്നു.

സ്വാതന്ത്യം: രാഷ്ട്രീയം, സാമ്പത്തികം

സഹകരണ സംഘങ്ങള്‍ നിലവില്‍ വന്നിട്ടും, കര്‍ഷകര്‍ ത്രിഭുവന്‍ ദാസിനൊപ്പം ഒരുമയോടെ അണിനിരന്നിട്ടും കൃഷിക്കാരുടെ നില പലപ്പോഴും പരിങ്ങലിലായിരുന്നു. എളുപ്പം ചീത്തയാകുന്ന പാല്‍ കിട്ടുന്ന വിലയ്ക്ക് കൊടുക്കാനല്ലാതെ മറ്റൊരു നിവൃത്തിയും കര്‍ഷകരുടെ മുന്നിലുണ്ടായിരുന്നില്ല. പാലിന്റെ ഗുണമേന്മ പ്രശ്‌നങ്ങള്‍ പറഞ്ഞ് വില നല്‍കാതിരിക്കുന്നതും പതിവായിരുന്നു. കൊഴുപ്പിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കാനോ ന്യായവില നല്‍കാനോ തയാറാകാതിരുന്ന പോള്‍സണും ഇടനിലക്കാരും സംഘങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നിരാശരായ കര്‍ഷകര്‍ ത്രിഭുവന്‍ദാസിനൊപ്പം സര്‍ദാര്‍ പട്ടേലിനെ വീണ്ടും കാണാന്‍ ചെന്നു.

ബോംബെ മില്‍ക്കില്‍നിന്ന് ആനന്ദ് മോഡലിലേക്ക്‌
പുതുക്കിയ വിലയില്‍ 5 രൂപ ക്ഷീര കര്‍ഷകര്‍ക്ക്; പാല്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില കൂടും

വര്‍ഷം 1945. ഇന്ത്യ ഇനിയും സ്വതന്ത്രയായിട്ടില്ല. പാലുത്പാദക പ്രസ്ഥാനത്തിന് സ്വന്തമായി ഒരു സംസ്‌ക്കരണ കേന്ദ്രം ഉണ്ടായാല്‍ മാത്രമേ ബോംബെ വിപണിയുടെ പ്രയോജനം കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായും ലഭിക്കുകയുള്ളുവെന്ന ഉപദേശമാണ് പട്ടേല്‍ നല്‍കിയത്. മാത്രമല്ല ഇത്തരമൊരു നീക്കം സര്‍ക്കാരിനെ ചൊടിപ്പിക്കുമെന്നും നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുമെന്നും സര്‍ദാര്‍ മുന്നറിയിപ്പും നല്‍കി. യുദ്ധത്തിന് കര്‍ഷകര്‍ ഒരുക്കമാണെങ്കില്‍ താന്‍ അവരെ നയിക്കാന്‍ തയാറാണെന്നും പട്ടേല്‍ അറിയിച്ചു. സ്വാതന്ത്ര്യമെന്നത് രാഷ്ട്രീയമായതു മാത്രമല്ലെന്നും സാമ്പത്തിക സാമൂഹ്യതലങ്ങള്‍ കൂടിയുള്ളതാണെന്നും പട്ടേല്‍ ഉറച്ചു വിശ്വസിച്ചു. എന്നും ചൂഷണത്താല്‍ പൊറുതിമുട്ടിയിരുന്ന കര്‍ഷകര്‍ സര്‍ദാറിന്റെ പിന്നില്‍ അണിനിരന്നു. കെയ്‌റയിലെ ക്ഷീരസഹകരണ സംഘം അങ്ങനെ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള ഒരു സമര പ്രസ്ഥാനമെന്ന ഖ്യാതിയും ചരിത്രത്തില്‍ നേടുകയായിരുന്നു. സമരനേതാവായി പട്ടേല്‍ നിയമിച്ചത് മൊറാര്‍ജി ദേശായിയെ ആയിരുന്നു.

1946 ജനുവരിയില്‍ ആനന്ദില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ചക് ലാഷി എന്ന ഗ്രാമത്തിലെ ഒരു ആല്‍മരച്ചുവട്ടില്‍ ദേശായിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ യോഗത്തില്‍ സമരപ്രഖ്യാപനമുണ്ടായി. പോള്‍സണ്‍ ഡെയറിയില്‍ പാല്‍ നല്‍കില്ലെന്ന ഉറച്ച തീരുമാനവുമെടുത്തു. കെയ്‌റ ജില്ലയിലെ ഓരോ ഗ്രാമത്തിലും ഒരു സഹകരണ സംഘം വീതം സ്ഥാപിക്കാനും ഈ സംഘങ്ങളുടെ യൂണിയന്‍ ആനന്ദില്‍ വച്ച് പാല്‍ സംസ്‌കരണം നടത്താനും പദ്ധതിയുണ്ടായി. പാല്‍ സംഭരണവും സംസകരണവും വിപണനവും കര്‍ഷകരുടെ മാത്രം നിയന്ത്രണത്തിലാക്കുന്ന ഉറച്ച തീരുമാനം അന്നുണ്ടായി. പോള്‍സണ്‍ ഡെയറിയെ മാറ്റി നിര്‍ത്തി കര്‍ഷക സഹകരണ സംഘങ്ങളില്‍ നിന്ന് ബോംബേ മില്‍ക്ക് സ്‌കീമിനായി പാല്‍ സംഭരിക്കണമെന്ന അവശ്യം സര്‍ക്കാര്‍ തള്ളി.

പതിനഞ്ചുദിന പാല്‍ സമരം

ചൂഷണത്തിനെതിരേയുള്ള കര്‍ഷക സമരങ്ങളുടെ ഏടുകളില്‍ സ്ഥാനം പിടിച്ച സമരമായിരുന്നു കെയ്‌റയിലെ പതിനഞ്ചു ദിവസത്തെ പാല്‍സമരം.പോള്‍സണ്‍ ഡെയറിക്കു പാല്‍ നല്‍കാതെ പ്രതിഷേധിച്ച കര്‍ഷകര്‍ പാല്‍ തെരുവിലൊഴുക്കി. ബോംബേ മില്‍ക്ക് സ്‌കീം തകര്‍ന്നു. പാല്‍ സംസ്‌കരണ രംഗത്തെ വിദഗ്ധനായ ധാരാ ഖുറോഡിയെന്ന ഇന്ത്യക്കാരനെ മില്‍ക്ക് കമ്മീഷണര്‍ ആനന്ദിക്കിലേക്കയച്ചു. കര്‍ഷക സമരം അതിശക്തമാണെന്നു മനസിലാക്കിയ അദ്ദേഹം കര്‍ഷകര്‍ക്ക് വഴങ്ങാനുള്ള ഉപദേശമാണ് നല്‍കിയത്. മാത്രമല്ല പാല്‍ വ്യവസായമെന്ന സാങ്കേതിക വിദ്യയില്‍ വിജയിക്കാനാവാതെ കര്‍ഷകസംഘങ്ങള്‍ സ്വയം പരാജയപ്പെടുമെന്നും ഖുറോഡി പറഞ്ഞുവച്ചു.

ക്ഷീര വിപ്ലവത്തിന്റെ വിത്ത് വിതയ്ക്കപ്പെടുന്നു

കെയ്‌റ ജില്ലയിലുടനീളം കാല്‍നടയായി സഞ്ചരിച്ച്, ഓരോ പാലുത്പാദകനേയും നേരില്‍ക്കണ്ട് സംസാരിച്ച് സഹകരണ സംഘങ്ങളാരംഭിക്കാന്‍ ശ്രമിക്കുകയായിരുന്നു ത്രിഭുവന്‍ ദാസ് പട്ടേല്‍. വര്‍ഷാവസാനത്തില്‍ അഞ്ചു സംഘങ്ങളും 1946- ഡിസംബറില്‍ കെയ്‌റ ഡിസ്ട്രിക്റ്റ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡും സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്വതന്ത്രയായ ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയായ സര്‍ദാര്‍ പട്ടേലിന്റെയും കൃഷിമന്ത്രി രാജേന്ദ്രപ്രസാദിന്റെയും നിര്‍ദ്ദേശപ്രകാരം ആനന്ദില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന പഴയ വെണ്ണ - ചീസ് ഉത്പാദന ഗവേഷണ കേന്ദ്രത്തിന്റെ ഒരു ഭാഗം സഹകരണ സംഘത്തിന് കൈമാറ്റപ്പെട്ടു.

കെയ്‌റ സഹകരണ സംഘത്തിന്റെ വളര്‍ച്ചയുടെ ഈ ഘട്ടത്തിലാണ് 1949 മേയ് 13-ന് ഡോ.വര്‍ഗീസ് കുര്യന്‍ വെണ്ണ -ചീസ് ഉത്പാദന ഗവേഷണ കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിയമിച്ച എഞ്ചിനീയറായി എത്തുന്നത്. കേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ ഒരു പകുതിയുടെ എഞ്ചിനീയറായി കുര്യന്‍ ജോലി തുടങ്ങുമ്പോള്‍ മറുപകുതിയില്‍ സര്‍ക്കാരിന് വാടക നല്‍കി പ്രവര്‍ത്തിച്ചു തുടങ്ങിയ സഹകരണ സംഘം രാജ്യത്ത് ധവളവിപ്ലവത്തിന്റെ വിത്തെറിയുകയായിരുന്നു.

logo
The Fourth
www.thefourthnews.in