വേനല്‍ചൂട് കനക്കുന്നു: കര്‍ഷകര്‍ എന്തുചെയ്യണം?
വേനല്‍ചൂട് കനക്കുമെന്നാണ് ഭാരതീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. ശരാശരിയേക്കാള്‍ മഴ കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ കാലാവസ്ഥയില്‍ കര്‍ഷകര്‍ കരുതിയിരിക്കണം. അന്തരീക്ഷ താപനില ഉയരുകയും അന്തരീക്ഷ ആര്‍ദ്രത ( Atmospheric Humidity) കുറയുകയും ചെയ്യുന്നത് മനുഷ്യരില്‍ നിര്‍ജലീകരണം ഉണ്ടാക്കാന്‍ ഇടയുണ്ട്. സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ ജോലി സമയം പുനക്രമീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സ്ഥലങ്ങളില്‍ സൂര്യാഘാത സാധ്യത കുറവായതിനാല്‍ നിയന്ത്രണങ്ങള്‍ അത്ര കര്‍ശനമാക്കിയിട്ടില്ല.
സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ ജോലി സമയം പുനക്രമീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സ്ഥലങ്ങളില്‍ സൂര്യാഘാത സാധ്യത കുറവായതിനാല്‍ നിയന്ത്രണങ്ങള്‍ അത്ര കര്‍ശനമാക്കിയിട്ടില്ല.
സൂര്യതാപത്തില്‍ നിന്ന് രക്ഷനേടാന്‍
സൂര്യതാപത്തില്‍ നിന്ന് രക്ഷനേടാന്‍ ഉച്ചസമയങ്ങളിലെ ജോലി ഒഴിവാക്കണം.
കൃഷിപ്പണികളില്‍ ഏര്‍പ്പെടുന്നവര്‍ വെയില്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാത്ത വിധം തൊപ്പിയോ കുടയോ ധരിക്കണമെന്നാണ് കേരള കാര്‍ഷിക സര്‍വകലാശാല നല്‍കുന്ന നിര്‍ദേശം.
നിര്‍ജലീകരണം തടയാന്‍ ഇടയ്ക്കിടയ്ക്ക് ശുദ്ധജലം കുടിക്കണം.
ബാഷ്പീകരണം മൂലം മണ്ണില്‍ നിന്ന് ജലനഷ്ടം ഉണ്ടാകുന്നതിനാല്‍ വിളകള്‍ക്ക് തുടര്‍ച്ചയായ ജലസേചനം ആവശ്യമായി വരും.
മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുണ്ടോയെന്ന് കര്‍ഷകര്‍ പരിശോധിക്കണം.
ശക്തമായ സൂര്യപ്രകാശം ഇല്ലാത്ത സമയത്തുവേണം ചെടികള്‍ക്ക് ജലസേചനം നല്‍കാന്‍.
കണികാ ജലസേചനം അഥവാ ഡ്രിപ്പ് ഇറിഗേഷന്‍ രീതിയില്‍ ജലസേചനം നല്‍കുന്നത് ജലനഷ്ടം കുറയ്ക്കും.
നെല്ലിലെ സൂക്ഷ്മമൂലകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാല തയാറാക്കിയ സമ്പൂര്‍ണ എന്ന സൂക്ഷ്മമൂലക മിശ്രിതം 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കാം.
വളര്‍ത്തു പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കുടിക്കാനായി ആവശ്യത്തിനു ശുദ്ധജലം നല്‍കണം. വെയിലില്‍ നിന്നും ചൂടില്‍ നിന്നും സംരക്ഷണം നല്‍കുകയും അവയെ താമസിപ്പിക്കുന്ന ഇടങ്ങളില്‍ ആവശ്യത്തിന് വായൂ സഞ്ചാരം ഉറപ്പാക്കുകയും വേണം.
ചൂടുകൂടിയ സമയത്ത് കന്നുകാലികളെ മേയാന്‍ വിടരുത്.
മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ കരിയില, ജൈവാവശിഷ്ടങ്ങള്‍ എന്നിവ ചെടിച്ചുവട്ടിലെത്തിച്ച് പുതയിട്ടാല്‍ മണ്ണില്‍ നേരിട്ട് സൂര്യപ്രകാശം അടിക്കുന്നത് തടഞ്ഞ് ജലനഷ്ടം ഒഴിവാക്കാം. നേരിട്ട് മഴയേറ്റ് മണ്ണൊലിപ്പുണ്ടാകുന്നതും ജൈവാംശ നഷ്ടവും തടയാനും പുതയിടല്‍ സഹായിക്കും.
കൃഷിയിടങ്ങള്‍ തുറസായി കിടന്നാല്‍ മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കും.
മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ മധ്യാഹ്ന സൂര്യന്‍ തെക്കുപടിഞ്ഞാറ് ദിശയിലായിരിക്കും. അതിനാല്‍ തെക്കുപടിഞ്ഞാറു ദിശയില്‍ പുതയിടുന്നത് ചെടികളെ ചൂടില്‍ നിന്നു രക്ഷിക്കും. ചെടികളുടെ തണ്ടുകള്‍, ചില്ലകള്‍, ഇലകള്‍, തെങ്ങിന്റെയും കമുകിന്റെയും ഓല എന്നിവയൊക്കെ പുതയിടുന്നതിന് ഉപയോഗിക്കാം.
ജൈവപുതയ്ക്കു മുകളില്‍ മണ്ണ് ഇടുന്നതിനു പകരം ചാണകമോ കോഴിക്കാഷ്ടമോ വിതറാം. ശീമക്കൊന്നയുടെയും നാടന്‍ കൊന്നയുടേയും ഇലകള്‍ പുതയിടാന്‍ അത്യുത്തമമാണ്. മഴക്കാലത്ത് ഇവ മണ്ണില്‍ അലിഞ്ഞ് വളമായിക്കൊള്ളും
മണ്ണും കാലാവസ്ഥയുമാണ് വിളകളുടെ വളര്‍ച്ച തീരുമാനിക്കുന്ന പ്രധാന ഘടകങ്ങള്‍. അന്തരീക്ഷം ആര്‍ദ്രമാകുമ്പോഴാണ് കിഴങ്ങുവര്‍ഗങ്ങള്‍ മണ്ണില്ലാതെ തന്നെ കിളിര്‍ക്കുന്നതും വളരുന്നതും.
നിലവിലെ ഉയര്‍ന്ന അന്തരീക്ഷ താപനില 35.5 ഡിഗ്രി സെല്‍ഷ്യസാണ്. 25.3 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. 20-30 ഡിഗ്രി സെഷ്യസാണ് വിളകള്‍ക്ക് അനുയോജ്യമായ താപനില. കൃഷിയില്‍ ഈര്‍പ്പമുള്ള മണ്ണിനേക്കാള്‍ പ്രധാനമാണ് അന്തരീക്ഷ ആര്‍ദ്രത അഥവാ അന്തരീക്ഷത്തിലെ ജലാംശതോത്. സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകമാണ് അന്തരീക്ഷത്തിലെ ജലാംശം. പച്ചിലകളുടെ എണ്ണം കൂടുന്നതനുസരിച്ച് കൃഷിയിടത്തിലെ അന്തരീക്ഷം ആര്‍ദ്രത നിറഞ്ഞതാകുന്നു.
കരുതലോടെ, ശാസ്ത്രീയമായി മറികടക്കാം വേനല്‍ക്കെടുതികളെ.