ഒരു ത്രീ ഇന്‍ വണ്‍ കൃഷിപ്പെരുമ

കൃഷി വിജയിപ്പിക്കുന്ന മൂന്നു ഘടകങ്ങള്‍ ഒന്നിക്കുന്ന ഒരു തോട്ടമാണിത്. ഒപ്പം 18 വര്‍ഷത്തിലധികമായി കൃഷി ഒരു തപസ്യയായി കൊണ്ടുനടക്കുന്ന ഒരു കര്‍ഷകനെയും പരിചയപ്പെടാം

കൃഷി വിജയിപ്പിക്കുന്ന മൂന്നു ഘടകങ്ങള്‍ സംയോജിക്കുന്ന ഒരു സംയോജിത കൃഷിയിടമാണിത്. പതിനെട്ട് വര്‍ഷത്തിലധികമായി കൃഷി ഒരു തപസ്യയായി കൊണ്ടുനടക്കുന്ന ഒരു കര്‍ഷകനെ ഇവിടെ കാണാം. തൃശൂര്‍ മാള അഷ്ടമിച്ചിറിയിലെ അന്നാസ് സ്വിസ് ഫാമും കര്‍ഷകന്‍ സെബിയും ഒരുപാട് കാര്യങ്ങള്‍ നിങ്ങളെ പഠിപ്പിക്കും.

2018 ലെ വെള്ളപ്പൊക്കത്തില്‍ നിരവധി പശുക്കള്‍ ചാകുകയും വന്‍ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്‌തെങ്കിലും അതിലൊന്നും തളരാതെ മുന്നോട്ടു നീങ്ങിയ കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യമാണ് ഇവിടെ കാണാനാകുക. കൃഷി വിജയിപ്പിക്കുന്ന മൂന്നു ഘടകങ്ങള്‍ ചേര്‍ന്നതാണ് 15 ഏക്കറിലെ ഈ ഫാം. കൃഷിക്കൊപ്പം വ്യവസായവും കൈകോര്‍ക്കുന്ന അഗ്രി ബിസിനസ്, വിവിധതരം കൃഷികള്‍ പരസ്പരം ബന്ധിപ്പിച്ച്, ചെലവുകുറച്ച് ലാഭം കൂട്ടുന്ന സംയോജിത കൃഷി(ഇന്റഗ്രേറ്റഡ് ഫാമിംഗ്), കാര്‍ഷിക കാഴ്ചകളും പഠനവും സംയോജിപ്പിച്ച് മറ്റുള്ളവരിലേക്കും കൃഷി വ്യാപിപ്പിക്കുന്ന കൃഷിയിട വിനോദസഞ്ചാരം (ഫാം ടൂറിസം) ഇവമൂന്നും ഒത്തുചേരുന്ന മാതൃകാ കൃഷിയിടമാണിത്.

സര്‍ക്കാരിന്റെ പഠന, പരിശീലന സംഘങ്ങളും സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഈ കൃഷിയിടത്തിലെത്തുന്നു. കൃഷിയിടത്തിന്റെ മുന്‍ ഭാഗത്തു തന്നെ സ്ഥാപിച്ചിരിക്കുന്ന ഔട്ട്ലെറ്റിലൂടെ കൃഷിയിടത്തിലെയും പശുഫാമിലെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. വിപണി അന്വേഷിച്ചുള്ള നടപ്പും അതുവഴിയുണ്ടാകുന്ന ചൂഷണവും ഒഴിവാകുന്നതിനാല്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പിക്കാനാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

കാഴ്ചകളുടെ വസന്തമൊരുക്കുന്ന കൃഷിയിടം

പച്ചപുതച്ച കൃഷിയിടം സമ്മാനിക്കുന്ന കാഴ്ചകളും അനവധിയാണ്. ചെറുതോടുകളില്‍ വിലസുന്ന മത്സ്യങ്ങളെ കണ്ടുകൊണ്ട് വരമ്പുകളിലൂടെ നടക്കാം. ഈ വരമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകളില്‍ കഴിയുന്ന വിവിധതരം പ്രാവുകളും കോഴികളും മറ്റും ഒരുക്കുന്ന കാഴ്ചകള്‍ മനോഹരമാണ്. വിവിധതരം കണ്ണാടികള്‍ ചേര്‍ന്നൊരുക്കുന്ന മിറര്‍ മാജിക്കും കണ്ട് പശു ഫാമിലേക്കും മീന്‍കുളത്തിലേക്കും നീങ്ങാം. എമു, ഒട്ടകപ്പക്ഷി, ഗിനിക്കോഴികള്‍, ടര്‍ക്കിക്കോഴി, ലൗ ബേഡുകള്‍, ഫെസെന്റ്, വിവിധ ഇനം നായകള്‍, പൂച്ചകള്‍, മുയല്‍, കോഴി, താറാവ്, ആട്, ഗിനിപ്പന്നികള്‍ തുടങ്ങി ഫാമിലെത്തിയാല്‍ കാണാന്‍ അനവധി കാഴ്ചകള്‍. ഫാമിലെ ഇന്‍കുബേറ്ററുകളില്‍ എമു, ഒട്ടകപ്പക്ഷി, താറാവ്, കോഴി എന്നിവയുടെ മുട്ടകള്‍ വിരിയിച്ചിറക്കുന്നു. വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നു. കൃഷിയുടെ നൂതന സാധ്യതകളും പ്രയോജനപ്പെടുത്തുന്ന ഇവിടെ കൃഷിക്കെന്നും യൗവനമാണ്.

ഫോണ്‍: സെബി മാളിയേക്കല്‍- 96059 00838

Related Stories

No stories found.
logo
The Fourth
www.thefourthnews.in