ആമാശയം അറിഞ്ഞ് തീറ്റ നല്‍കിയില്ലെങ്കില്‍ പശുക്കള്‍ക്ക് സംഭവിക്കുന്നത്
നാരുകളടങ്ങിയ പുല്ലിന്റേയും വൈക്കോലിന്റേയും ലഭ്യത കുറയുകയും കാലിത്തീറ്റയെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നത് പശുക്കളില്‍ രോഗാവസ്ഥയ്ക്ക് കാരണമാകും. ഇങ്ങനെ കേരളത്തിലെ പശുക്കള്‍ക്ക് ഭീഷണിയാകുന്ന രോഗാവസ്ഥയാണ് 'സറ' (SARA). സബ് അക്യൂട്ട് റൂമിനല്‍ അസിഡോസിസ് (Sub Acute Ruminal Acidosis) എന്ന ഉപാപചയ രോഗത്തിന്റെ ചുരുക്കപ്പേരാണിത്. പശുക്കള്‍ കൂടുതല്‍ ചുരത്താനായി പലരും രുചിയേറിയതും എളുപ്പം ദഹിക്കുന്ന അന്നജ പ്രധാനമായ തീറ്റകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത്തരം സാന്ദ്രാഹാരങ്ങളില്‍ നാരുകളുടെ അളവ് കുറവായിരിക്കും. ഇത് ധാരാളം നല്‍കിയാല്‍ ആമാശയ അമ്ലത ദീര്‍ഘ നേരത്തേക്ക് ഉയരും. ഇത് കറവപ്പശുക്കളുടെ ആരോഗ്യത്തെയും ഉത്പാദനക്ഷമതയേയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കും.
ആമാശയം അറിഞ്ഞ് തീറ്റ
പശുവിന്റെ ആമാശയത്തിന് നാല് അറകളാണുള്ളത്. ഇതില്‍ ആദ്യത്തെ അറയായ റൂമനിലാണ് സൂക്ഷ്മാണുക്കളുടെ സഹായത്തോടെ പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ ദഹനത്തിന്റെ ഭൂരിഭാഗവും നടക്കുന്നത്. നാരുകള്‍ കൂടുതലടങ്ങിയ പുല്ല് തിന്നാനും ദഹിപ്പിക്കാനും കഴിയുന്നവിധമാണ് റൂമന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ദഹനം കൃത്യമായി നടക്കുന്നതിനായി റൂമനിലെ അമ്ലക്ഷാരനില നിശ്ചിത പരിധിക്കുള്ളില്‍ നിര്‍ത്തുന്നതിനുള്ള കഴിവ് സാധാരണയായി പശുക്കള്‍ക്കുണ്ട്. ഇതിനായി റൂമനിലെ പി.എച്ച്. (അമ്ല-ക്ഷാര നിലയുടെ സൂചിക) 6-7 എന്ന നിലയില്‍ നിലനിര്‍ത്തുന്നു. റൂമനില്‍വെച്ച് അന്നജം ദഹിച്ചുണ്ടാകുന്ന ഫാറ്റി ആസിഡുകള്‍ പി.എച്ച്. വ്യത്യാസം വരുത്തുമെങ്കിലും ഇവയെ നിശ്ചിത പരിധിയില്‍ നിലനിര്‍ത്താനുള്ള സങ്കീര്‍ണമായ സംവിധാനങ്ങള്‍ പശുവിന് പ്രകൃത്യാ തന്നെയുണ്ട്.
അമ്ലനില കൂടുന്ന സമയത്ത് തീറ്റയുടെ അളവ് കുറയ്ക്കുന്നതും, കൂടുതലുള്ള അമ്ലങ്ങള്‍ നിര്‍വീര്യമാക്കാന്‍ ധാരാളം ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതുമൊക്കെ ഇത്തരം സംവിധാനങ്ങളാണ്. എന്നാല്‍ ധാന്യങ്ങള്‍ ധാരാളമടങ്ങിയ എളുപ്പം ദഹിക്കുന്ന തീറ്റകള്‍ കൂടുതല്‍ അളവില്‍ കഴിക്കുമ്പോള്‍ റൂമനിലെ അമ്ലനില ഉയരുന്നു. അതായത് പി.എച്ച്. സാധാരണ പരിധിയിലും താഴുന്നു. ഈ സമയത്ത് റൂമന്റെ പി.എച്ച്. 5-5.5 എന്ന നിലയിലെത്തുന്നു. ഇങ്ങനെ ഒരു ദിവസം മൂന്ന് മണിക്കൂറെങ്കിലും പി.എച്ച്. താഴ്ന്ന് നില്‍ക്കുന്ന അവസ്ഥയുണ്ടായാല്‍ അതിനെ നമുക്ക് SARA എന്ന് വിളിക്കാം.
പലപ്പോഴും ആഴ്ചകളോ, മാസങ്ങളോ കഴിഞ്ഞാവും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. അതുകൊണ്ടു തന്നെയാവണം SARA എന്ന അവസ്ഥ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നത്.
നിരനിരയായി പ്രശ്‌നങ്ങള്‍
റൂമനിലുള്ള അമ്ലനില പരിധിയിലധികം വര്‍ധിക്കുന്നതോടെ പ്രശ്നങ്ങള്‍ക്ക് തുടക്കമായി. റൂമനെ ആവരണം ചെയ്യുന്ന കോശങ്ങള്‍ക്ക് ശ്ലേഷ്മാവരണത്തിന്റെ സംരക്ഷണമില്ല. അതിനാല്‍ അമ്ലങ്ങള്‍ അടിഞ്ഞു കൂടുന്നത് റൂമന്റെ ആവരണത്തെ നശിപ്പിക്കുന്നു. ഇത് റൂമന്‍ വീക്കത്തിനും ഭിത്തിയില്‍ വ്രണങ്ങള്‍ക്കും കാരണമാകും. ഈ അവസരം മുതലെടുത്ത് ബാക്ടീരിയകള്‍ റൂമന്‍ ഭിത്തിവഴി രക്തത്തിലേക്ക് പ്രവേശിക്കും. അവിടെ നിന്ന് കരള്‍, ശ്വാസകോശം, ഹൃദയ വാല്‍വ്, കിഡ്നി, സന്ധികള്‍ തുടങ്ങി പാദങ്ങള്‍ക്കുവരെ പ്രശ്നമുണ്ടാക്കുന്നു.
അമ്ലനില കൂടുന്നതോടെ നാരുകളെ ദഹിപ്പിക്കുന്ന പ്രക്രിയ താറുമാറാകും. വ്യക്തവും, കൃത്യവുമായ ബാഹ്യലക്ഷണങ്ങള്‍ പലപ്പോഴും കാണപ്പെടുന്നില്ല എന്നതാണ് സറയുടെ പ്രത്യേകത. പലപ്പോഴും ആഴ്ചകളോ, മാസങ്ങളോ കഴിഞ്ഞാവും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. അതുകൊണ്ടു തന്നെയാവണം SARA എന്ന അവസ്ഥ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നത്. കഴിക്കുന്ന തീറ്റയുടെ അളവ് കുറയുന്നതാണ് ഒരു ലക്ഷണം. ഈ ലക്ഷണവും ഒരു പ്രത്യേക രീതിയിലാണ് കാണപ്പെടുന്നത്.
ഒരു ദിവസം കൂടുതല്‍ തീറ്റയെടുക്കുന്ന പശു അടുത്ത ദിവസം തീറ്റയുടെ അളവ് കുറയ്ക്കുന്നു. പാലിലെ കൊഴുപ്പിന്റെ അളവില്‍ കുറവുണ്ടാകുന്നു. വയറിളക്കം നേരിയ തോതില്‍ കാണപ്പെടുന്നു. ചാണകം അയഞ്ഞു പോവുകയും പതഞ്ഞ് കുമിളകള്‍ കാണപ്പെടുകയും ചെയ്യാം. ഇടവിട്ട ദിവസങ്ങളില്‍ വയറിളക്കം കാണപ്പെടുന്നതും ലക്ഷണമാണ്. പലപ്പോഴും പശുവിന്റെ ശരീരത്തില്‍ ചാണകം പറ്റിയിരിക്കുന്നതായി കാണാം. അയവെട്ടല്‍ കുറയും. നല്ല തീറ്റ തിന്നാലും പശു ക്ഷീണിക്കും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്.
എന്നാല്‍ പശുവിന്റെ പാദത്തിനും കുളമ്പിനുമുണ്ടാകുന്ന പ്രശ്നങ്ങളാണ് സറയുടെ കൃത്യമായ ലക്ഷണം. കുളമ്പിന്റെ പ്രശ്നങ്ങള്‍, നിറവ്യത്യാസം, ഫലകവീക്കം, രക്തസ്രാവം, വ്രണങ്ങള്‍, ആകൃതി നഷ്ടപ്പെടല്‍ തുടങ്ങിയ പാദത്തിന്റെ പ്രശ്നങ്ങള്‍ ദീര്‍ഘ കാലത്തേക്ക് നിലനില്‍ക്കുന്നു. ഗര്‍ഭാശയ വീക്കം, പ്രത്യുത്പാദന പ്രശ്നങ്ങള്‍, അകിടുവീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ പിന്നാലെയെത്തും. പ്രത്യുത്പാദന, ഉത്പാദന ക്ഷമത കുറഞ്ഞ് ആരോഗ്യം നശിച്ച ഇത്തരം പശുക്കള്‍ അകാലത്തില്‍ ഫാമുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. ചുരുക്കം പറഞ്ഞാല്‍ പാലുത്പാദനം കൂട്ടാനായി നല്‍കിയ അമിതമായ ആഹാരം താത്കാലിക ലാഭം നല്‍കിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്‍ നഷ്ടം വരുത്തിവയ്ക്കുന്നു. ഇതാണ് SARA ഉയര്‍ത്തുന്ന വലിയ ഭീഷണി.
തീറ്റ ശാസ്ത്രീയമാവണം
ദീര്‍ഘകാലം കുറഞ്ഞ അളവില്‍ തീറ്റ നല്‍കിയിരുന്ന പശുക്കള്‍ക്ക് പെട്ടെന്ന് കൂടിയ അളവില്‍ എളുപ്പം ദഹിക്കുന്ന തീറ്റ നല്‍കന്നത് SARA യ്ക്ക് കാരണമാകുന്നു. പ്രസവശേഷം കറവയുടെ ആദ്യഘട്ടത്തിലാണ് ഇത് ഏറെ പ്രധാനം. ഈ സമയത്ത് പശുക്കള്‍ക്ക് അമിതമായി കഞ്ഞിവെച്ച് നല്‍കുന്നതും ചോളപ്പൊടി നല്‍കുന്നതുമൊക്കെ റൂമന്റെ അമ്ലത വര്‍ധിപ്പിക്കുന്നു. മാത്രമല്ല, കറവയുടെ ആദ്യഘട്ടത്തില്‍ പശുക്കള്‍ക്ക് തിന്നാന്‍ കഴിയുന്നതിലധികം ധാന്യസമ്പന്നമായ ആഹാരം നല്‍കിയാല്‍ അവ പിന്നീട് നാരുകളടങ്ങിയ പുല്ല് കഴിക്കാന്‍ മടി കാട്ടും. നാരിന്റെ കുറവ് അമ്ലനില ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്യും.
നാരുകളടങ്ങിയ തീറ്റ കൂടുതല്‍ ഉമിനീര്‍ ഉത്പാദനം സാധ്യമാക്കുകയും ഉമിനീരില്‍ അടങ്ങിയ ബൈകാര്‍ബണേറ്റുകള്‍ അമ്ലനിലയെ നിര്‍വീര്യമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ ആവശ്യമായ അളവില്‍ തീറ്റപ്പുല്ലിന്റെ ലഭ്യത ഉറപ്പാക്കണം. പശുക്കളുടെ റൂമന്റെ ആവരണത്തിനും, അവയിലെ സൂക്ഷ്മജീവികള്‍ക്കും തീറ്റയുമായി പൊരുത്തപ്പെടാന്‍ നിശ്ചിത സമയം ആവശ്യമാണ്. ഇത് ഒന്ന് മുതല്‍ നാലാഴ്ചവരെ നീളും. അതിനാല്‍ വറ്റുകാലത്തുതന്നെ പ്രസവാനന്തരം നല്‍കാനുള്ള തീറ്റ പശുക്കളെ ശീലിപ്പിച്ചു തുടങ്ങണം. കൃത്യമായ തീറ്റക്രമവും, തീറ്റ സമയവും പാലിക്കണം.
പശുക്കള്‍ക്ക് നല്‍കുന്ന തീറ്റയില്‍ നാരിന്റെ അളവ് ഉറപ്പാക്കണം. മൊത്തം ശുഷ്‌കാഹാരത്തിന്റെ 27-30 ശതമാനം ന്യൂട്രല്‍ ഡിറ്റര്‍ജന്റ് ഫൈബര്‍ (NDF) ആയിരിക്കണം. ഇതില്‍ തന്നെ 70-80 ശതമാനം തീറ്റപ്പുല്ലില്‍ നിന്നുമായിരിക്കണം. തീറ്റപ്പുല്ല് അരിഞ്ഞ് നല്‍കുമ്പോള്‍ വലിപ്പം 3.5 സെന്റീമീറ്ററില്‍ കുറയാന്‍ പാടില്ല. വലിപ്പം കൂടിയാല്‍ പശു തിന്നാത്ത അവസ്ഥയും വരും. കൃത്യമായ അളവില്‍ നാരുകളടങ്ങിയ തീറ്റ നല്‍കുന്ന ഫാമില്‍ 40 ശതമാനം പശുക്കളും ഒരു സമയത്ത് അയവെട്ടുന്ന ജോലിയിലായിരിക്കും. അമ്ലങ്ങളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന അപ്പക്കാരവും മറ്റും തീറ്റയില്‍ ചേര്‍ത്തു നല്‍കാം. ഡയറി ഫാമുകളിലെ തീറ്റ സാന്ദ്രാഹാരവും, പരുഷാഹാരവും ചേര്‍ത്ത് നല്‍കുന്ന ടോട്ടല്‍ മിക്സ്ഡ് റേഷന്‍ (Total Mixed Ration) രീതിയാക്കുന്നത് ഉത്തമം. ഒരു ന്യട്രീഷനിസ്റ്റിന്റെ സഹായത്തോടെ തീറ്റക്രമം സംവിധാനം ചെയ്യുക തന്നെയാണ് SARA തടയാനുള്ള മാര്‍ഗം.